
കോതമംഗലം: കോട്ടപ്പടിയിൽ വൃദ്ധമാതാവിനെ ഉപേക്ഷിച്ച് മകൻ വീട് വിട്ടുപോയ സംഭവത്തിൽ വനിതാ കമ്മീഷൻ കേസെടുത്തു. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് നടപടി. കോട്ടപ്പടിയിലെ എഴുപതുകാരി സാറാ മത്തായിയെയാണ് മകൻ വീട്ടിൽ ഉപേക്ഷിച്ചത്. സംഭവത്തിൽ പൊലീസിനോട് റിപ്പോർട്ട് സമർപ്പിക്കാൻ വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു. വനിതാ കമ്മീഷൻ അംഗം ഷിജി ശിവജി, സാറാ മത്തായിയെ സന്ദർശിക്കും. മകൻ അടുക്കള ഉൾപ്പെടെ പൂട്ടി വീട് വിട്ട് പോയതിനാൽ ശുചിമുറിയില്‍നിന്ന് വെള്ളമെടുത്താണ് സാറാ ഇപ്പോൾ ഭക്ഷണം ഉണ്ടാക്കുന്നത്.
2004 മുതല്‍ സാറാ മത്തായിയും ഏകമകൻ അജുവും ഭാര്യയും രണ്ട് മക്കളും താമസിച്ചുവന്നത് കോതമംഗലത്തെ കോട്ടപ്പടിയിലെ വീട്ടിലായിരുന്നു. താഴത്തെ നിലയില്‍ നിലവറയ്ക്ക് സമാനമായ സെല്ലാറിലായിരുന്നു അമ്മയുടെ ജീവിതം. ഫെബ്രുവരി 24 ന് രാത്രി താഴത്തെ നിലയില്‍നിന്ന് മുകളിലേക്കുള്ള വഴി മകൻ അടച്ചു. മുകളിലെ നിലയില്‍ താമസിച്ചിരുന്ന മകൻ പിന്നെ അമ്മയെ തിരിഞ്ഞുനോക്കാതായി.
ഏറെ താമസിയാതെ അമ്മയോട് ഒരു വാക്കുപോലും പറയാതെ മകനും കുടുംബവും വീട് വിട്ട് എറണാകുളത്തേക്ക് മാറി. ഇതോടെ സാറ താഴത്തെ നിലയിലെ മുറി താല്‍ക്കാലിക അടുക്കളയാക്കി മാറ്റി. സംഭവം അറിഞ്ഞ് പൊലീസ് വീട്ടിലെത്തിയെങ്കിലും പരാതിയില്ലെന്നായിരുന്നു സാറാ മത്തായിയുടെ വിശദീകരണം. തിരിഞ്ഞുനോക്കാതെ പോയ മകന്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ് 70കാരിയായ ഈ അമ്മ ഇപ്പോഴും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam