
തിരുവനന്തപുരം: വിസ്മ കേസിൽ (Vismaya Case) പ്രതി കിരൺ കുമാറിന് ((Kiran Kumar) ലഭിച്ചത് ഏറ്റവും ഉചിതമായ ശിക്ഷയെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. കുറ്റമറ്റ അന്വേഷണവും പൊലീസിന്റെ ജാഗ്രതയും കേസിൽ നീതി ലഭിക്കുന്നതിന് തുണയായി. പ്രോസിക്യൂഷൻ പുലർത്തിയ ജാഗ്രതയും പ്രശംസനീയമാണ്. സ്ത്രീധന പീഡനങ്ങൾക്കെതിരെ ഉള്ള ശക്തമായ മുന്നറിയിപ്പ് ഈ കോടതി വിധി. കേരളീയ സമൂഹത്തിനും ശക്തമായ മുന്നറിയിപ്പാണ് ഇത്. വളരെ പ്രബുദ്ധരാണ് കേരളീയ സമൂഹം എന്ന് പറയുമ്പോഴും സ്ത്രീധന പീഡനങ്ങൾ വർധിച്ച് വരികയാണ്. കേവലം ഉപഭോഗ വസ്തുക്കളായി സ്ത്രീകളെ കാണുന്ന വീക്ഷണത്തിന് മാറ്റം കുറിക്കാൻ ഈ കോടതി വിധിക്ക് സാധിക്കട്ടെയെന്ന് പ്രത്യാശിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ സർക്കാർ അതിജീവിതക്ക് ഒപ്പമാണെന്നും വനിതാ കമ്മീഷൻ വ്യക്തമാക്കി. വിചാരണ നടക്കുന്നതിനിടെയാണ് അതിജീവിതയുടെ ഹർജി വന്നിട്ടുള്ളത്. അതിൽ കോടതി തീരുമാനം എടുക്കട്ടെ. അന്നും ഇന്നും എന്നും വനിതാ കമ്മീഷൻ അതിജീവിതക്ക് ഒപ്പമെന്നും വനിതാ കമ്മീഷൻ പറഞ്ഞു. സർക്കാർ ശക്തമായ നിലപാട് എടുത്തത് കൊണ്ടാണ് പ്രമുഖ നടനെതിരെ കേസും അന്വേഷണവും ഉണ്ടായത്. ഇക്കാര്യത്തിൽ ഇനിയും സർക്കാർ ശക്തമായ നിലപാട് തന്നെ എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സതീദേവി കൂട്ടിച്ചേർത്തു.
നിലമേൽ സ്വദേശിനി വിസ്മയ സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് കിരൺ കുമാറിനെ 10 വര്‍ഷം തടവിനാണ് കോടതി ശിക്ഷിച്ചത്. മൂന്ന് വകുപ്പുകളിലായി 18 വര്‍ഷം ശിക്ഷയാണ് കോടതി വിധിച്ചത്. ഐപിസി 304 പ്രകാരം 10 വര്‍ഷവും, 306 അനുസരിച്ച് ആറുവര്‍ഷവും, 498 അനുസരിച്ച് രണ്ടുവര്‍ഷവുമാണ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പന്ത്രണ്ടര ലക്ഷം രൂപ പിഴയും അടയ്ക്കണം. രണ്ടുലക്ഷം രൂപ വിസ്‍മയയുടെ മാതാപിതാക്കള്‍ക്ക് നല്‍കണം. കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. വിധി പുറപ്പെടുവിക്കുന്നതിന് മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കിരണിനോട് കോടതി ചോദിച്ചിരുന്നു.
മകള്‍ക്ക് നീതി കിട്ടി, വിധിയില്‍ സന്തോഷമെന്ന് വിസ്മയയുടെ അച്ഛന്‍
വിസ്മയുടേത് ആത്മഹത്യയെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നും കിരണ്‍ ആവശ്യപ്പെട്ടു. താന്‍ കുറ്റം ചെയ്തിട്ടില്ല, നിരപരാധിയാണ്, അച്ഛന് സുഖമില്ല, കുടുംബത്തിന്‍റെ ചുമതല തനിക്കെന്നും കിരണ്‍ കോടതിയെ അറിയിച്ചു. എന്നാല്‍ പ്രതിയോട് അനുകമ്പ പാടില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ സ്ത്രീധനം വാങ്ങാന്‍ പാടില്ലെന്ന് ചട്ടമുണ്ട്. വിസ്‍മയയെ സ്ത്രീധനത്തിനായി പ്രതി നിലത്തിട്ട് ചവിട്ടി. ഇത് സമൂഹം സഹിക്കില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. വിധി പ്രഖ്യാപനം കേള്‍ക്കാന്‍ വിസ്‍മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ കോടതിയിലെത്തിയിരുന്നു. അമ്മ സജിത വീട്ടിലെ ടിവിയിലൂടെയാണ് വിധി പ്രഖ്യാപനം കേട്ടത്. കേസിൽ കിരൺ കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി വിധിച്ചിരുന്നു. കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ കിരൺ കുമാറിന്‍റെ ജാമ്യം റദ്ദാക്കി ഇയാളെ ജയിലിലേക്ക് മാറ്റിയിരുന്നു.
സ്ത്രീധന പീഡനവും ആത്മഹത്യ പ്രേരണയും ഉൾപ്പെടെ കിരണിനെതിരെ ചുമത്തിയ പ്രധാന കുറ്റങ്ങളെല്ലാം നില നിൽക്കുന്നതാണെന്ന് ചൂണ്ടികാട്ടിയാണ് കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതി കിരണ്‍ കുറ്റക്കാരനാണെന്ന വിധി ഇന്നലെ പുറപ്പെടുവിച്ചത്. കിരണിനെതിരെ പൊലീസ് ചുമത്തിയ ഏഴ് കുറ്റങ്ങളിൽ അഞ്ചും നിലനിൽക്കുമെന്ന് കോടതി പറഞ്ഞിരുന്നു. ഐപിസി 304 (B),ഗാർഹിക പീഡനത്തിനെതിരായ 498 (A),ആത്മഹത്യാ പ്രേരണയ്ക്കെതിരായ ഐപിസി 306 വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ 3, 4 വകുപ്പുകളുമാണ് കോടതി ശരിവച്ചത്. ഐപിസി 506, 323 വകുപ്പുകൾ മാത്രമാണ് തള്ളിക്കളഞ്ഞത്.