Vismaya Death Cse : ജീവപര്യന്തം ശിക്ഷയാണ് പ്രതീക്ഷിച്ചത്. വിധിക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും സജിത പ്രതികരിച്ചു.

കൊല്ലം: നിലമേൽ സ്വദേശിനി വിസ്മയ (Vismaya Case)സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ പ്രതിയായ ഭര്‍ത്താവ് കിരണ്‍ കുമാറിന് ലഭിച്ച ശിക്ഷ കുറഞ്ഞ് പോയെന്ന് വിസ്മയയുടെ അമ്മ സജിത. ജീവപര്യന്തം ശിക്ഷയാണ് താന്‍ പ്രതീക്ഷിച്ചത്. വിധിക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും സജിത പ്രതികരിച്ചു. അവസാനം വരെ അവളുടെ കൂടെ ഉണ്ടായിരുന്നത് ഞാനാണ്, അതി കഠിനമായ പീഡനങ്ങള്‍ എന്‍റെ മോള്‍ അനുഭവിച്ചിട്ടുണ്ടെന്നും അമ്മ പറഞ്ഞു.

അവസാന സമയത്തൊന്നും മോളെ കിരണ്‍ വീട്ടില്‍ നിന്ന് പുറത്തിറക്കില്ലായിരുന്നു. ബാത്ത്റൂമില്‍ നിന്നൊക്കെയാണ് മോളെന്നെ വിളിച്ചിരുന്നത്. കിരണ്‍ മാത്രമാണ് കുറ്റക്കാരനാണെന്ന് കരുതുന്നില്ല, അവന് മറ്റാരുടെയൊക്കെയോ പ്രേരണ ഉണ്ടായിട്ടുണ്ട്. അതിന്‍റെ പ്രേരണ കൊണ്ടാണ് കിരണ്‍ ഇങ്ങനെ ഒക്കെ ചെയ്തത് എന്ന് വിശ്വസിക്കുന്നു. അതിന്‍റെ കേസുകള്‍ പുറകെ വരുന്നുണ്ട്. പ്രോസിക്യൂട്ടറും പൊലീസ് ഉദ്യോഗസ്ഥരും വേഗത്തില്‍ അന്വേഷിച്ച് സത്യം കണ്ടെത്തി. അതിന് അവരോട് നന്ദി പറയുന്നുവെന്നും അമ്മ പറയുന്നു. വേഗത്തില്‍ ശിക്ഷ നടപ്പാക്കിയത് സമൂഹത്തിന് ഒരു മാതൃകാപരമായ സൂചനയാണ്. അതില്‍ സര്‍ക്കാരിനോടും മാധ്യമപ്രവര്‍ത്തകരോടും നന്ദി പറയുന്നു. കേസില്‍ കൂടുതല്‍ ശിക്ഷ കിരണിന് കിട്ടാനായി ഏതറ്റം വരെ പോകാനാവുമോ അതുവരെ പോകുമെന്നും അമ്മ പറഞ്ഞു.

വിസ്മയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കമാരിന് 10 വര്‍ഷം തടവാണ് കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതി വിധിച്ചത്. മൂന്ന് വകുപ്പുകളിലായി 18 വര്‍ഷം ശിക്ഷയാണ് കോടതി വിധിച്ചത്. ഐപിസി 304 പ്രകാരം 10 വര്‍ഷവും, 306 അനുസരിച്ച് ആറുവര്‍ഷവും, 498 അനുസരിച്ച് രണ്ടുവര്‍ഷവുമാണ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പന്ത്രണ്ടര ലക്ഷം രൂപ പിഴയും അടയ്ക്കണം. രണ്ടുലക്ഷം രൂപ വിസ്‍മയയുടെ മാതാപിതാക്കള്‍ക്ക് നല്‍കണം.

Read More : വിസ്‍മയക്കേസില്‍ കിരണ്‍ കുമാറിന് 10 വര്‍ഷം തടവ്; പന്ത്രണ്ടര ലക്ഷം രൂപ പിഴ

വിസ്മയുടേത് ആത്മഹത്യയെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നും കിരണ്‍ ആവശ്യപ്പെട്ടു. താന്‍ കുറ്റം ചെയ്തിട്ടില്ല, നിരപരാധിയാണ്, അച്ഛന് സുഖമില്ല, കുടുംബത്തിന്‍റെ ചുമതല തനിക്കെന്നും കിരണ്‍ കോടതിയെ അറിയിച്ചു. എന്നാല്‍ പ്രതിയോട് അനുകമ്പ പാടില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ സ്ത്രീധനം വാങ്ങാന്‍ പാടില്ലെന്ന് ചട്ടമുണ്ട്. വിസ്‍മയയെ സ്ത്രീധനത്തിനായി പ്രതി നിലത്തിട്ട് ചവിട്ടി. ഇത് സമൂഹം സഹിക്കില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. വിധി പ്രഖ്യാപനം കേള്‍ക്കാന്‍ വിസ്‍മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ കോടതിയിലെത്തിയിരുന്നു. അമ്മ സജിത വീട്ടിലെ ടിവിയിലൂടെയാണ് വിധി പ്രഖ്യാപനം കേട്ടത്.

YouTube video player