'പണം ഡെപ്പോസിറ്റ് ചെയ്തതാ, ഇപ്പോൾ തിരിച്ച് കിട്ടാൻ കെഞ്ചുന്നു'; എരഞ്ഞിപ്പാലം സിറ്റി വനിത സഹകരണ സംഘത്തിനെതിരെ പരാതി

Published : Sep 07, 2025, 11:52 AM IST
bank

Synopsis

കോഴിക്കോട് എരഞ്ഞിപ്പാലത്തെ സിറ്റി വനിത കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ കോടികളുടെ വെട്ടിപ്പ് നടന്നതായി സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. നടപടിക്രമങ്ങൾ പാലിക്കാതെ വായ്പകൾ അനുവദിച്ചും അനുബന്ധ സ്ഥാപനങ്ങൾ തുടങ്ങിയും 9 കോടിയിലധികം രൂപയുടെ ബാധ്യത

കോഴിക്കോട് : സ്ത്രീകളുടെ ക്ഷേമത്തിനെന്ന പേരിൽ കോഴിക്കോട് എരഞ്ഞിപ്പാലത്ത് തുടങ്ങിയ സിറ്റി വനിത കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നടന്നത് കോടികളുടെ വെട്ടിപ്പ്. നടപടിക്രമങ്ങൾ പാലിക്കാതെ വായ്പകൾ അനുവദിച്ചും തോന്നിയതുപോലെ അനുബന്ധ സ്ഥാപനങ്ങൾ തുടങ്ങി ധൂർത്തടിച്ചുമെല്ലാം ഭരണസമിതി സൃഷ്ടിച്ചത് 9 കോടിയിലേറെ രൂപയുടെ ബാധ്യതയാണെന്ന് സഹകരണ വകുപ്പിന്‍റെ അന്വേഷണ റിപ്പോർട്ട് പറയുന്നു. ക്രമക്കേട് പുറത്ത് വന്നിട്ടും കേസെടുക്കാൻ പൊലീസ് തയ്യാറാകുന്നില്ലെന്നാണ് നിക്ഷേപകരുടെ പരാതി.

സ്ത്രീകള്‍ക്കിടയില്‍ മിതത്വം, സ്വയം പര്യാപ്തത, പരസ്പര സേവനം എന്നീ ഗുണങ്ങള്‍ പ്രോല്‍സാഹിപ്പിക്കാനും ഈ ലക്ഷ്യത്തിനായി പദ്ധതികള്‍ തയ്യാറാക്കാനുമായി 2013ൽ എരഞ്ഞിപ്പാലത്ത് പ്രവർത്തനം തുടങ്ങിയ സിറ്റി വനിത കോ-ഓപ്പറേറ്റീവ് സൊസൈറ്റി. സൊസൈറ്റി തുടങ്ങാൻ മുൻകൈയെടുത്തതാകട്ടെ സിഎംപി യിലെയും കോൺഗ്രസിലെയും ചില നേതാക്കൾ. മെച്ചപ്പെട്ട പലിശ വാഗ്ദാനം ചെയ്ത് നാട്ടുകാരിൽ നിന്ന് വൻതോതിൽ സ്ഥിരനിക്ഷേപം സ്വീകരിച്ചു. എന്നാൽ ഈ പണമെല്ലാം യാതൊരു മാനദണ്ഡവും ഇല്ലാതെ ചെലവിടുന്നതും ധൂർത്തടിക്കുന്നതും ആണ് പിന്നീട് കണ്ടത്. സ്വാഭാവികമായും പ്രവർത്തനം തുടങ്ങി ഏറെ വൈകാതെ തന്നെ സംഘം പ്രതിസന്ധിയിലേക്ക് വീണു. നിക്ഷേപകരുടെ പരാതിയെ തുടർന്ന് സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ സംഘത്തിൽ നടന്ന സംഘടിത കൊള്ളയുടെ വിവരങ്ങൾ ഒന്നൊന്നായി കണ്ടെത്തി.

ഭരണസമിതി വരുത്തിയ ക്രമക്കേടുകളും അതുവഴി സംഘത്തിന് ഉണ്ടായ ബാധ്യതയയും സംബന്ധിച്ച് റിപ്പോർട്ട് പറയുന്നത് ഇങ്ങനെ -പല വായ്പകളും ചട്ടവിരുദ്ധമായാണ് അനുവദിച്ചത്. വസ്തു പണയ വായ്പകളില്‍ മതിയായ ഈടില്ലാതെയും വ്യക്തിഗത വായ്പ പരിധി അധികരിച്ചുമാണ് അനുവദിച്ചത്.വ്യക്തിഗത വായ്പയായി ആള്‍ജാമ്യത്തില്‍ പരമാവധി 15000 രൂപ മാത്രമെ അനുവദിക്കാവൂ എന്ന വ്യവസ്ഥ അട്ടിമറിച്ച് ഭരണസമിതി ഇഷ്ടക്കാർക്ക് ഇഷ്ടാനുസരണം വായ്പ നൽകുന്നതായിരുന്നു രീതി. എന്നാൽ ഇവയിൽ ഒന്നും തിരിച്ചടവ് ഉറപ്പാക്കാനുമായില്ല. ഇതുവഴി ഉണ്ടായ നഷ്ടത്തെക്കുറിച്ചും റിപ്പോർട്ടിൽ കൃത്യമായി തന്നെ പറയുന്നു - വസ്തു വായ്പ ഇനത്തിൽ ഉണ്ടായ നഷ്ടം ഒരുകോടി 42 ലക്ഷത്തിൽ പരം രൂപ. വ്യക്തിഗതവായ്പ ഒരു കോടി 17 ലക്ഷം, കച്ചവട വായ്പ 59 ലക്ഷം, ഗ്രൂപ്പ് ഡെപ്പോസിറ്റ് സ്കീം 46 ലക്ഷം - ഭരണസമിതിയുടെ മേൽനോട്ടക്കുറവിനാലും ആവശ്യമായ പഠനം നടത്താതെയും അനുബന്ധ സ്ഥാപനങ്ങൾ തുടങ്ങിയത് മൂലം ഉണ്ടായ നഷ്ടവും ചേർത്ത് 9 കോടി 16 ലക്ഷത്തി പത്തൊമ്പതിനായിരത്തി ഇരുപത്തിയാറ് രൂപയാണ് സംഘത്തിന് നിലവിലെ ബാധ്യത.

സൊസൈറ്റി പ്രവർത്തനമാരംഭിച്ച് വൈകാതെ തന്നെ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഒരു മെഡിക്കൽ സ്റ്റോർ തുടങ്ങുകയായിരുന്നു ആദ്യം ചെയ്തത്. പിന്നാലെ മൂഴിക്കൽ എന്ന സ്ഥലത്ത് സൂപ്പർമാർക്കറ്റ് തുറന്നു. വൻതോതിൽ പണം പൊടിച്ചായിരുന്നു ഉദ്ഘാടന ചടങ്ങ് ഉൾപ്പെടെ നടത്തിയത് എന്ന് അന്വേഷണ റിപ്പോർട്ടിലുണ്ട്. തുടർന്ന് തുടർന്ന് മൂഴിക്കലിൽ തന്നെ മറ്റൊരു മെഡിക്കൽ ഷോപ്പ് കൂടി തുറന്നു. സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നു. ഭരണസമിതിയും സെക്രട്ടറിയും വ്യക്തമായ പഠനമോ ആസൂത്രണമോ നടത്താതെയാണ് അനുബന്ധ സ്ഥാപനങ്ങൾ ആരംഭിച്ചത്. സൂപ്പർ മാർക്കറ്റ് നീതി മെഡിക്കൽ സ്റ്റോർ എന്നിവ ആരംഭിക്കാനായുള്ള പ്രവർത്തികൾക്ക് സ്വീകരിച്ച ക്വട്ടേഷൻ ക്രമപ്രകാരമല്ല. പ്രവർത്തി ഏറ്റെടുത്ത സ്ഥാപനത്തിന് ടെൻഡർ ചെയ്ത തുകയേക്കാൾ കൂടുതൽ അനുവദിക്കുകയും വ്യാജ കൊട്ടേഷനുകൾ ഉപയോഗിച്ച് വ്യക്തി താൽപര്യത്തിനു വേണ്ടി സംഘം പൊതു ഫണ്ട് വകുപ്പിന്റെ അനുമതിയില്ലാതെ വിനിയോഗിക്കുകയും ചെയ്തത് സംഘത്തിന് ഭീമമായ നഷ്ടം വരുത്തിവെച്ചു.കൂടാതെ, രജിസ്ട്രാറുടെ അനുമതിയില്ലാതെ സംഘത്തിൻറെ പണം മറ്റു സ്ഥാപനങ്ങളിൽ നിക്ഷേപിച്ചത് വഴിയും വലിയ നഷ്ടമുണ്ടായി.

 

 

PREV
Read more Articles on
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും