
തൃശ്ശൂര്‍: ഹോട്ടലുടമയെ എസ്ഐ മര്‍ദിച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ഉത്തരമേഖല ഐജിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നതായി വിവരം. കഴിഞ്ഞ വര്‍ഷം തന്നെ എസ്ഐ രതീഷിനെതിരെ ഐജിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. രതീഷിനെതിരെ അന്വേഷണം നടത്തിയത് അന്നത്തെ തൃശ്ശൂര്‍ അഡി. എസ്പി ശശിധരന്‍ ആയിരുന്നു. സംഭവത്തില്‍ രതീഷ് കുറ്റക്കാരനാണ് എന്നായിരുന്നു അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്. എന്നാല്‍ രതീഷിനെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല. അന്വേഷണ റിപ്പോർട്ട് വന്നപ്പോഴേക്കും രതീഷ് കടവന്ത്ര സിഐ ആവുകയും ചെയ്തു. തുടര്‍ന്ന് ഉത്തര മേഖല ഐജിയുടെ അധികാര പരിധിയിൽ നിന്ന് രതീഷ് മാറി എന്ന് പറഞ്ഞാണ് നടപടി എടുക്കാതിരുന്നത്.
തുടർന്ന് നടപടിക്കായി ഈ വർഷം ആദ്യം ദക്ഷിണ മേഖല ഐജിക്ക് റിപ്പോർട്ട് കൈമാറി. ഈ ഫയൽ ഐജി ഓഫീസിൽ കെട്ടിക്കിടക്കുകയാണ്. ഇത് വരെ ഒരു നടപടിയും രതീഷിനെതിരെ എടുത്തില്ല. പീച്ചിയിലെ ഹോട്ടല്‍ ഉടമയായ ഔസേപ്പിനെയും മകനേയും ഹോട്ടല്‍ ജീവനക്കാരെയുമാണ് രതീഷ് മര്‍ദിച്ചത്. മര്‍ദന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ ദിനേശ് എന്നയാളുമായി ഹോട്ടലില്‍ തര്‍ക്കം ഉണ്ടായതുമായി ബന്ധപ്പെട്ടാണ് ഇവരെ സ്റ്റേഷനില്‍ കൊണ്ടു പോയത്. പിന്നാലെ ചുമരിനോട് ചേര്‍ത്ത് നിര്‍ത്തി മര്‍ദിക്കുകയായിരുന്നു. കേസ് ഒത്തുത്തീര്‍പ്പാക്കുന്നതിനായ് എസ്ഐ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും മൂന്ന് ലക്ഷം പൊലീസുകാര്‍ക്കും രണ്ട് ലക്ഷം ദിനേശിനും നല്‍കാന്‍ ആവശ്യപ്പെട്ടതായും ഔസേപ്പ് പറയുന്നു. ഇല്ലെങ്കില്‍ പോക്സോ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യും എന്നും എസ്ഐ ഭീഷണിപ്പെടുത്തിയതായും ഔസേപ്പ് പ്രതികരിച്ചു.