തൊഴിലുറപ്പ് സമ്പാദ്യവുമായി വിമാനയാത്ര; പറക്കാനൊരുങ്ങുന്നതിന്റെ ത്രില്ലിലാണ് ഈ അമ്മമാര്‍!

By Web TeamFirst Published Jan 25, 2023, 2:59 PM IST
Highlights

തൊഴിലുറപ്പ് ജോലിയിലൂടെ അവർ കഷ്ടപ്പെട്ട് നേടിയെടുത്ത പണം സ്വരൂപിച്ചാണ് വിമാനത്തിന് 24 പേർ ടിക്കറ്റെടുത്ത് ബം​ഗളൂരുവിലേക്ക് അവർ വിമാനയാത്ര നടത്തുന്നത്.

കോട്ടയം: ആകാശം മുട്ടുന്ന ഒരു സ്വപ്നം യാഥാർത്ഥ്യമാകുന്നതിന്റെ സന്തോഷത്തിലാണ് കോട്ടയം പനച്ചിക്കാട്ടെ ഒരു കൂട്ടം തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകൾ. പണിയെടുത്ത് സ്വരുക്കൂട്ടിയ പണം കൊണ്ട് വിമാനയാത്ര നടത്താൻ പോകുന്നതിന്റെ സന്തോഷം. നെടുമ്പാശ്ശേരിയിൽ നിന്ന് ബെ​ഗളൂരുവിലേക്ക് ഇന്ന് വൈകിട്ട് വിമാനം കയറാൻ തയ്യാറെടുക്കുകയാണ് ഇവർ. കോട്ടയം പനച്ചിക്കാട് പഞ്ചായത്തിലെ 12ാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് ഇവർ. ഇവരെല്ലാം കൂടി ഒരു വിമാനയാത്ര പോകാൻ ഒരുങ്ങുകയാണ്. തൊഴിലുറപ്പ് ജോലിയിലൂടെ അവർ കഷ്ടപ്പെട്ട് നേടിയെടുത്ത പണം സ്വരൂപിച്ചാണ് വിമാനത്തിന് 24 പേർ ടിക്കറ്റെടുത്ത് ബം​ഗളൂരുവിലേക്ക് അവർ വിമാനയാത്ര നടത്തുന്നത്.

ഭയങ്കര ഭാ​ഗ്യം എന്നാണ് കൂട്ടത്തിലെ ഏറ്റവും മുതിർന്ന ആളായ ചെല്ലമ്മയമ്മ പറയുന്നത്. ട്രെയിനിൽ പോയിട്ടുണ്ട്. വിമാനത്തിൽ ആദ്യമായിട്ടാണെന്നും ചെല്ലമ്മയമ്മ പറയുന്നു. വിമാനത്തിന് പോകാമെന്ന് തമാശക്ക് പറഞ്ഞതാണ്. ഇപ്പോഴിതാ അത് കാര്യമായി. എല്ലാവരും പൂർണ്ണപിന്തുണ നൽകിയതോടെ മെമ്പറുമായി സംസാരിച്ചു. യാത്രക്കുള്ള എല്ലാ സൗകര്യങ്ങളും ചെയ്തു തന്നത് മെമ്പറായിരുന്നു. എല്ലാവരും വലിയ സന്തോഷത്തിലാണ്. വിമാനത്തിൽ കയറാൻ പേടിയൊന്നുമില്ലെന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു.  വിമാനത്തിൽ ബെം​ഗളുരിലെത്തി അവിടെ നിന്ന് തിരികെ ട്രെയിനിൽ വരാനാണ് തീരുമാനം. അടുത്ത യാത്ര ദില്ലിയിലേക്ക്, പാർലമെന്റ് കാണാനാണെന്നും ഈ വീട്ടമ്മമാർ പറയുന്നു. അതിന് ഇപ്പോഴേ പൈസ സ്വരൂക്കൂട്ടുകയാണ്. 

ഇവർക്ക് സഹായം വാ​ഗ്ദാനം ചെയ്തിരിക്കുകയാണ് ബം​ഗളൂരു മുൻ എംഎൽഎ ഐവാൻ നി​ഗ്ളി. ഇവർക്ക് ബം​ഗളൂരു വിധാൻ സൗധ ഉൾപ്പെടെ കാണാനും സ്പീക്കറുമായി സംസാരിക്കാനും അവസരമൊരുക്കും. മാത്രമല്ല ഇവർക്ക് ഒരു കുഞ്ഞ് വിരുന്നൊരുക്കാനും തയ്യാറാണെന്ന് ഇദ്ദേഹം അറിയിച്ചിട്ടുണ്ട്. നാളെ രാവിലെ എത്തിക്കഴിഞ്ഞതിന് ശേഷം വിശ്രമിക്കാനുള്ള സ്ഥലവും തയ്യാറാക്കും. 
 

click me!