
കൊച്ചി: വസ്ത്രധാരണത്തിൽ മാറ്റം വേണമെന്നാവശ്യപ്പെട്ട് കേരളത്തിലെ ഒരു വിഭാഗം വനിതാ ജുഡീഷ്യൽ ഓഫീസർമാർ ഹൈക്കോടതി രജിസ്ട്രാർക്ക് കത്ത് നൽകി. നിലവിലെ വസ്ത്രധാരണ രീതി കോടതിമുറികളിൽ ചൂടുക്കാലത്ത് തങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നുവെന്നും പരിഹാരം വേണമെന്നുമാണ് ആവശ്യം.
കോട്ടും ഗൗണുമടക്കമുളള വസ്ത്രധാരണരീതിയിൽ മാറ്റം വേണമെന്നാണ് വനിതാ ജുഡീഷ്യൽ ഓഫീസർമാരുടെ ആവശ്യം. സാരിയും വൈറ്റ് കോളർ ബാൻഡും കറുത്ത ഗൗണും ധരിച്ച് കോടതി മുറികളിൽ മണിക്കൂറുകൾ ചെലവിടുന്നതിന്‍റെ ബുദ്ധിമുട്ടാണ് ഇവർ അറിയിച്ചിരിക്കുന്നത്. അടുത്തകാലത്ത് തെലുങ്കാന ഹൈക്കോടതി വസ്ത്രധാരണ രീതിയിൽ മാറ്റം വരുത്തിയിരുന്നു. സമാന രീതീയിലുളള മാറ്റമാണ് ഹൈക്കോടതി ഇടപെടലോടെ കേരളത്തിലെ വനിതാ ജുഡീഷ്യൽ ഓഫീസർമാരും പ്രതീക്ഷിക്കുന്നത്.
1970 ലാണ് മജിസ്ട്രേറ്റുമാരടക്കം ജുഡീഷ്യൽ ഓഫീസർമാർക്ക് ഡ്രസ് കോഡ് നിശ്ചയിച്ചത്. കറുത്ത ഓപ്പൺ കോളർ കോട്ടുകൾ, വെളുത്ത ഷർട്ടുകൾ എന്നിവയായിരുന്നു പുരഷൻമാരുടെ വേഷം. വനിതാ ജുഡീഷ്യൽ ഓഫീസർമാർ പ്രദേശിവ വേഷം ധരിക്കണമെന്നായിരുന്നു ചട്ടം. തിങ്ങിനിറഞ്ഞ കോടതി ഹാളിലെ ജോലിയും വായുസഞ്ചാരമില്ലാത്ത കീഴ്കോടതികളിലെ ഇടുങ്ങിയ മുറികളും തങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നെന്നാണ് വനിതാ ജുഡീഷ്യൽ ഓഫീസർമാർ ഹൈക്കോടതി രജിസ്ട്രാറെ അറിയിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ നിലവിലെ കാലാവസ്ഥയും കോടതിമുറികളിലെ സാഹചര്യവും പരിഗണിച്ച് പുതിയ ഡ്രസ് കോഡ് നിശ്ചയിക്കണമെന്നാണ് ആവശ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam