എംഎല്‍എയെ ജാതീയമായി അധിക്ഷേപിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വനിത കമ്മിഷൻ കേസെടുത്തു

By Web TeamFirst Published Jul 29, 2019, 9:15 PM IST
Highlights

പൊതുമരാമത്ത് വകുപ്പ് ഓഫീസിനു മുന്നിൽ എംഎല്‍എ കുത്തിയിരിപ്പ് സമരം നടത്തിയ സ്ഥലത്ത് ചാണകവെള്ളം തളിച്ചതിനെതിരെയാണ് നടപടി

തിരുവനന്തപുരം: നാട്ടിക എംഎൽഎ ഗീത ഗോപി സമരം ചെയ്ത പൊതുമരാമത്ത് വകുപ്പ് ഓഫീസിന് മുന്നിൽ ചാണക വെള്ളം തളിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് എതിരെ വനിത കമ്മിഷനും കേസെടുത്തു. ഇവർക്കെതിരെ നേരത്തെ പട്ടികജാതി-പട്ടിക വർഗ്ഗ വിഭാഗക്കാർക്ക് എതിരായ അതിക്രമം തടയുന്ന നിയമപ്രകാരം പൊലീസും കേസെടുത്തിരുന്നു.

ഇരിങ്ങാലക്കുടയിൽ വച്ച് വനിത കമ്മിഷൻ അധ്യക്ഷ എംസി ജോസഫൈൻ, എംഎൽഎയായ ഗീത ഗോപിയുടെ മൊഴി രേഖപ്പെടുത്തി. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നടപടി കാടത്തമാണെന്ന് ജോസഫൈൻ പറഞ്ഞു. ചേർപ്പ് - തൃപ്രയാർ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് ഓഫീസിനു മുന്നിൽ എംഎല്‍എ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. 

എംഎൽഎയുടേത് സമര നാടകമാണെന്ന് ആരോപിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ, എംഎല്‍എ സമരം ചെയ്ത സ്ഥലത്ത് ചാണകവെള്ളം തളിക്കുകയായിരുന്നു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട തന്നെ  ജാതീയമായി അധിക്ഷേപിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ചെയ്തതെന്നാണ് എംഎല്‍എ ചേര്‍പ്പ് പൊലീസിന് നൽകിയ പരാതി. നിയമസഭാംഗത്തോട് പോലും ഇങ്ങനെയാണ് പെരുമാറുന്നതെങ്കിൽ സാധാരണ സ്ത്രീയുടെ അവസ്ഥ എന്താകുമെന്നും ഗീത ഗോപി പരാതിയിൽ ചോദിച്ചു.

click me!