ഒന്നാം ക്ലാസ് പ്രവേശന പരീക്ഷ പാടില്ല, പിടിഎ അനധികൃത പിരിവ് നടത്തരുത്; കർശന നടപടിയെന്ന് മന്ത്രി ശിവൻകുട്ടി

Published : May 12, 2025, 12:26 PM IST
ഒന്നാം ക്ലാസ് പ്രവേശന പരീക്ഷ പാടില്ല, പിടിഎ അനധികൃത പിരിവ് നടത്തരുത്; കർശന നടപടിയെന്ന് മന്ത്രി ശിവൻകുട്ടി

Synopsis

സ്കൂൾ തുറക്കുന്നതിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ വിശദീകരിച്ച് മന്ത്രി വി ശിവൻകുട്ടി.

തിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ നടത്തുന്നത് അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. പിടിഎയുടെ അനധികൃത പിരിവും  അനുവദിക്കില്ല. ഇത്തരം സ്കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. പ്ലസ് വണ്‍ പ്രവേശനത്തിന് യാതൊരു തരത്തിലുമുള്ള ക്രമക്കേടുകളും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. 

സ്കൂൾ തുറക്കുന്നതിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ വിശദീകരിക്കുകയായിരുന്നു മന്ത്രി ശിവൻകുട്ടി. സംസ്ഥാനത്ത് എല്ലാ സ്കൂളുകളിലും ഈ മാസം 20 ന് പിടിഎ യോഗം ചേരണം. മെയ് 25, 26 തിയ്യതികളിൽ സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തണം. ക്ലാസ് മുറികളുടെ സുരക്ഷ ഉറപ്പ് വരുത്തണം. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്കൂളുകളിൽ ഫിറ്റ്നസ് ഉറപ്പാക്കണം. നിർമാണം നടക്കുന്ന സ്ഥലം വേർതിരിക്കണമെന്നും മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു. 

സ്കൂളും പരിസരവും നന്നായി വൃത്തിയാക്കണം. പിടിഎയും അധ്യാപകരും തദ്ദേശ സ്ഥാപനങ്ങളും സുരക്ഷാ അവലോകനം നടത്തണം. പുകയില, ലഹരി വിരുദ്ധ ബോർഡുകൾ സ്ഥാപിക്കണം. കുടിവെള്ളത്തിന്‍റെ നിലവാരം ഉറപ്പാക്കണമെന്നും മന്ത്രി നിർദേശം നൽകി. 

സ്‌കൂള്‍ പ്രവേശനോത്സവം ആലപ്പുഴയിൽ

സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവം ആലപ്പുഴ കലവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പ്രവേശനോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം മേയ് 12 ന് രാവിലെ 10.30 ന് കലവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചേരും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി യോഗം ഉദ്ഘാടനം ചെയ്യും. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ പ്രധാന അധ്യാപകരും എസ് എം സി, പി ടി എ ഭാരവാഹികളും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കണമെന്ന് പി പി ചിത്തരഞ്ജന്‍ എം എല്‍ എ അറിയിച്ചു.

എസ് എസ് എൽ സി പരീക്ഷയിൽ ഇക്കുറി വിജയ ശതമാനം കുറഞ്ഞതിൽ അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വിജയ ശതമാനം കുറഞ്ഞ 10 സർക്കാർ എയ്ഡഡ് സ്കൂളുകളുടെ ലിസ്റ്റ് എടുത്തെന്നും ഇക്കാര്യത്തിൽ പ്രത്യേക പരിശോധന നടത്താൻ നിർദ്ദേശം നൽകുമെന്നും മന്ത്രി വ്യക്തമാക്കി. ജില്ലാ ഡെപ്യൂട്ടി ഡയറക്ടർമാർ അന്വേഷണം നടത്തണം. എന്തുകൊണ്ട് വിജയ ശതമാനം കുറഞ്ഞുവെന്ന് റിപ്പോർട്ട് സമർപ്പിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തേക്കാൾ .19 വിജയ ശതമാനമാണ് ഇത്തവണ കുറവുണ്ടായത്. തിരുവനന്തപുരം ജില്ലയിലാണ് ഇത്തവണ ഏറ്റവും കുറവ് വിജയ ശതമാനം രേഖപ്പെടുത്തിയത്. കണ്ണൂര്‍ ജില്ലയിലാണ് വിജയ ശതമാനം ഏറ്റവും കൂടുതൽ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും