
തിരുവനന്തപുരം: കെക രമയ്ക്കെതിരെ മുന്‍മന്ത്രി എം.എം.മണി നിയമസഭയില്‍ നടത്തിയ പരാമര്‍ശത്തില്‍ എംഎം മണിക്കെതിരെ വിമര്‍ശനവുമായി എഴുത്തുകാരി എസ്. ശാരദക്കുട്ടി രംഗത്ത്. ജനാധിപത്യസംവിധാനമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന നാട്ടിലെ, പുരോഗമന പ്രസ്ഥാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പാര്‍ട്ടിയുടെ അംഗത്തില്‍ നിന്ന് വിധി, വിധവ എന്നീ പദങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നും അത് ആ പ്രസ്ഥാനം പ്രചരിപ്പിക്കുന്ന മൂല്യങ്ങള്‍ക്കെതിരാണെന്നും ശാരദക്കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു.
വിധി, വിധവ എന്നീ പദങ്ങളിലെ വൈകാരികതയില്‍ കടിച്ചുതൂങ്ങുന്നതിന് പകരം അതിന്‍റെ പ്രാകൃത സ്വഭാവമാണ് ആക്ഷേപിക്കപ്പെടേണ്ടതെന്നും അവര്‍ പോസ്റ്റില്‍ വ്യക്തമാക്കി. ഇത്തരം വാക്കുകള്‍ പറയുന്നവരുടെ ഉള്ളിലെ ചീഞ്ഞളിഞ്ഞ പ്രാകൃതത്വങ്ങള്‍ ദുര്‍ഗന്ധം വമിപ്പിക്കുന്നുണ്ടെന്നും അവര്‍ എം.എം. മണിയെ വിമര്‍ശിച്ചുകൊണ്ട് ഇവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം
ഒരു ജനാധിപത്യസംവിധാനം പുലരുന്നുവെന്ന് വിശ്വസിക്കുന്ന നാട്ടിലെ പുരോഗമന പ്രസ്ഥാനമെന്നു വിശേഷിപ്പിക്കപ്പെടുന്ന പാർട്ടിയുടെ അംഗത്തിൽ നിന്ന് വിധി, വിധവ ഇത്തരം പദങ്ങൾ ഉണ്ടായിക്കൂടാത്തതാണ് .
ഇത് ആ പ്രസ്ഥാനം പ്രചരിപ്പിക്കുന്ന മൂല്യങ്ങൾക്കെതിരാണ് . പദങ്ങളിലെ വൈകാരികതയിൽ കടിച്ചു തൂങ്ങുന്നതിനു പകരം അതിലെ പ്രാകൃത സ്വഭാവമാണ് ആക്ഷേപിക്കപ്പെടേണ്ടത്. അത്തരം പദങ്ങൾ രാഷ്ട്രീയ ബോധമുള്ളവർ ഒരുമിക്കുന്ന നിയമനിർമ്മാണസഭയിൽ ഉച്ചരിക്കുന്നവർ ഇപ്പോഴും ഒരു അപരിഷ്കൃത സമൂഹമാണ് തങ്ങൾ എന്ന് സ്വയം തെളിയിക്കുകയാണ്.
മുന്നോട്ട് തന്നെ നീങ്ങാൻ തീരുമാനിച്ചുറച്ച സ്ത്രീകളെ ഈ വാക്കുകൾ തൊലിപ്പുറമേ പോലും സ്പർശിക്കില്ല. പക്ഷേ, പറയുന്നവരുടെ ആന്തരികതയിലെ ചീഞ്ഞളിഞ്ഞ പ്രാകൃതത്വങ്ങൾ ദുർഗന്ധം വമിപ്പിക്കുന്നുണ്ട്.
'രമക്ക് വേദന ഉണ്ടായെങ്കിൽ ഞാൻ എന്ത് വേണം', പരാമര്‍ശത്തിൽ ഖേദമില്ല, തിരുത്തില്ല': എംഎം മണി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam