
കണ്ണൂർ: ആർ രാജശ്രീയുടെ ആത്രേയകം നോവലിനെതിരെ കോപ്പിയടി പരാതി. ആലപ്പുഴ സ്വദേശിനിയായ എഴുത്തുകാരി ഡോ. വിനയശ്രീയാണ് വയലാർ അവാർഡ് നിർണയ സമിതിക്ക് പരാതി നൽകിയത്. താൻ മുമ്പ് എഴുതിയ മൂന്നു പുസ്തകങ്ങളിലെ ആശയങ്ങൾ ചോർത്തിയാണ് ആത്രേയകം നോവൽ എഴുതിയത് എന്നാണ് വിനയശ്രീ ആരോപിക്കുന്നത്. തന്‍റെ പരാതി പരിശോധിച്ച ശേഷം മാത്രമേ അവാർഡ് നൽകാവൂ എന്നാണ് ആവശ്യം. എന്നാല്‍ വിനയശ്രീയുടെ ആരോപണം രാജശ്രീ നിഷേധിച്ചു. വിനയശ്രീ മുമ്പും ആരോപണം ഉന്നയിച്ചതാണെന്നും ഇതിനെതിരെ തലശ്ശേരി കോടതിയിൽ മാനനഷ്‌ടത്തിന് കേസ് കൊടുത്തിട്ടുണ്ട്. കൂടുതൽ പ്രതികരിക്കാനില്ലെന്നും രാജശ്രീ പ്രതികരിച്ചു.
ഒരു ലക്ഷം രൂപയും പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിച്ച ശില്പവും പ്രശസ്തിപത്രവുമാണ് അവാർഡ്. വയലാർ രാമവർമ്മയുടെ ചരമദിനമായ ഒക്ടോബർ 27ന് വൈകുന്നേരം 5:30ന് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ വച്ച് മുഖ്യമന്ത്രി വി. ഡി സതീശൻ അവാർഡ് സമർപ്പിക്കും. പുരസ്‌കാരം കിട്ടിയതിൽ അതിയായ സന്തോഷമെന്നും കാൽ നൂറ്റാണ്ടിന്‍റെ ഇടവേളക്ക് ശേഷം എഴുത്തിലേക്ക് തിരിച്ചു വന്നു ആത്രേയകം ഗവേഷണത്തിന്‍റെ ഭാഗമായി തുടങ്ങിയ നോവൽ ആണ് എന്നും പുരസ്‌കാര നേട്ടത്തിന് പിന്നാലെ ആർ രാജശ്രീ പ്രതികരിച്ചിരുന്നു. "പിന്തള്ളപ്പെട്ട മനുഷ്യരാണ് ആത്രേയകത്തിന്‍റെ ഉള്ളടക്കം, വയലാർ അവാർഡ് വളരെ വിലപിടിച്ച അംഗീകാരമാണ്, അവാർഡ് ജേതാക്കളുടെ പേരുകൾ പഠിച്ചയാളെ തേടി അവാർഡ് വന്നിരിക്കുന്നു. അവാർഡ് നേട്ടത്തിൽ വലിയ സന്തോഷം, എഴുത്ത് രാഷ്ട്രീയ പ്രവർത്തനം കൂടിയാണ്." ആർ രാജശ്രീ കൂട്ടിച്ചേർത്തു.
1977 ജൂലായ് 22ന് കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവിലാണ് രാജശ്രീ ജനിച്ചത്. അച്ഛൻ പി. എൻ. രാജപ്പൻ മാസ്റ്റർ, അമ്മ ആർ. രാജമ്മ. പയ്യന്നൂർ കോളേജ്, ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, തലശ്ശേരി, ഗവ. ട്രെയിനിംഗ് കോളേജ്, തലശ്ശേരി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഡോ. കെ. പി. മാലതിയുടെ കീഴിൽ "സ്ത്രീ സ്വത്വനിർമ്മിതി സ്ത്രീരചനകളിൽ" എന്ന വിഷയത്തെ മുൻനിർത്തി നടത്തിയ പഠനത്തിന് കണ്ണൂർ സർവകലാശാലയിൽ നിന്ന് പി.എച്ച്.ഡി ലഭിച്ചു. 2000 മുതൽ 2005 വരെ കോഴിക്കോട് സെൻ്റ് ജോസഫ്‍സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച് എസ് എസിലും പിന്നീട് വിവിധ ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളുകളിലും അദ്ധ്യാപികയായി പ്രവർത്തിച്ചു. തുടർന്ന് കോഴിക്കോട് ഗവ. ആർട്സ് കോളേജ്, കണ്ണൂർ കെ. എം. എം. ഗവ. വനിതാ കോളേജ്, ഗവ. കോളേജ്, കാസറഗോഡ് എന്നീ കലാലയങ്ങളിൽ അദ്ധ്യാപികയായിരുന്നു. ഇപ്പോൾ തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് മലയാള പഠനവിഭാഗം - ഗവേഷണ കേന്ദ്രത്തിൽ അസിസ്റ്റന്റ് പ്രൊഫസർ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam