13 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: തുലാമഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

By Web TeamFirst Published Oct 18, 2019, 12:18 PM IST
Highlights

ഇന്ന് രാവിലെ ഒന്‍പത് മണി വരെയുള്ള 24 മണിക്കൂറില്‍ കോഴിക്കോട് 74 മില്ലീ മീറ്റര്‍ മഴ രേഖപ്പെടുത്തിയതായി സ്കൈമെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. കണ്ണൂര്‍ -39, തൃശ്ശൂര്‍ - 7, കരിപ്പൂര്‍ -44, കോട്ടയം -53 എന്നിങ്ങനെയാണ് മറ്റു പ്രദേശങ്ങളില്‍ രേഖപ്പെടുത്തിയ മഴ.

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാമഴ ശക്തമായി തുടരുന്നു. അടുത്ത രണ്ട് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. വടക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. തുലാവര്‍ഷത്തിന്‍റെ ഭാഗമായി അറബിക്കടലില്‍ ലക്ഷദ്വീപിനോട് ചേര്‍ന്ന് രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് കേരളത്തില്‍ ശക്തമായ മഴ പെയ്യാന്‍ കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. 

രണ്ട് ദിവസമായി തുടരുന്ന മഴ ഇന്നും കേരളത്തില്‍ ശക്തമായി പെയ്യുമെന്നാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്കൈമെറ്റിന്‍റെ പ്രവചനം. ഒക്ടോബര്‍ 19,20 തീയതികളില്‍ മഴ ദുര്‍ബലമായി തീരുകയും 21,22,23 തീയതികളില്‍ ഘട്ടം ഘട്ടമായി ശക്തി പ്രാപിക്കുകയും ചെയ്യുമെന്നാണ് സ്കൈമെറ്റിന്‍റെ പ്രവചന. 

ലക്ഷദ്വീപിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദ്ദം വരും മണിക്കൂറുകളില്‍ വടക്കുപടിഞ്ഞാറ് ദിശയില്‍ ഒമാന്‍ ലക്ഷ്യമാക്കി നീങ്ങിയ ശേഷം നേരെ തിരിഞ്ഞ് ഗുജറാത്ത് തീരത്തേക്ക് സഞ്ചരിക്കാന്‍ സാധ്യതയുണ്ട് എന്നാണ് മറ്റൊര കാലാവസ്ഥാ നിരീക്ഷകരായ കേരള വെതറിന്‍റെ നിഗമനം. ഇതിനനുസരിച്ച് വരും ദിവസങ്ങളില്‍ കേരളത്തില്‍ മഴ ദുര്‍ബലമാക്കുകയും പിന്നീട് ശക്തമായി പെയ്യുകയും ചെയ്യും.  

കേരളത്തില്‍ ഇന്ന് (18/10/2019) കിഴക്കന്‍ മേഖലയില്‍ ഒറ്റപ്പെട്ട ശക്തമാ മഴ പെയ്യുമെന്ന് കേരള വെതര്‍ നിരീക്ഷിക്കുന്നു.  ഇടിയോടു കൂടിയ ശക്തമായ മഴയാവും ഉണ്ടാവുക. കാറ്റിന്‍റെ ഗതിവേഗത്തിന് അനുസരിച്ച് കിഴക്കന്‍ മേഖലയിലെ കാലാവസ്ഥയില്‍ മാറ്റം വരാം.  

ആഗോള മഴപ്പാത്തി ഈ മാസം ഇരുപതോടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ എത്തുമെന്നും ഇതോടെ തമിഴ്നാടിനൊപ്പം കേരളത്തിലും ശക്തമായ മഴയ്ക്ക് കളമൊരുങ്ങുമെന്നും കേരള വെതര്‍ പ്രവചിക്കുന്നു. നവംബര്‍ അഞ്ച് വരെ നല്ല രീതിയില്‍ മഴ പെയ്യാനുള്ള സാഹചര്യങ്ങളാണ് നിലവിലുള്ളത്.

അതേസമയം ഇന്നലെ പെയ്ത അതേ തീവ്രതയില്‍ ഇന്ന് (18/10/2019) മഴ ലഭിച്ചേക്കില്ലെന്ന് കാലാവസ്ഥാ നിരീക്ഷകനായ രാജീവ് എരിക്കുളം പറയുന്നു. ഞായറാഴ്ചയോടെ അറബിക്കടലിലെ ന്യൂനമര്‍ദ്ദം തിരിച്ചെത്തുന്നതോടെ കേരളത്തില്‍ തുലാവര്‍ഷം ശക്തമായി തിരിച്ചെത്തുമെന്നും രാജീവ് വിലയിരുത്തുന്നു. 

ഇന്ന് രാവിലെ ഒന്‍പത് മണി വരെയുള്ള 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് നിലമ്പൂരിലാണ് 94 മില്ലിമീറ്റര്‍. ചാലക്കുടി -80.4, പെരിന്തൽമണ്ണ 78, കോഴിക്കോട് 74,
പീരുമേട് 78, കണ്ണൂര്‍ -39, തൃശ്ശൂര്‍ - 7, കരിപ്പൂര്‍ -44, കോട്ടയം -53 എന്നിങ്ങനെയാണ് മറ്റു പ്രദേശങ്ങളില്‍ രേഖപ്പെടുത്തിയ മഴയെന്നും രാജീവ് എരിക്കുളം വിശദീകരിക്കുന്നു. 

 

 

click me!