
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ അനൂസ് റോഷന്‍ എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികരിച്ച് യുവാവിന്‍റെ അമ്മ ജമീല. സംഘം വീട്ടിലെത്തിയത് രണ്ടു വാഹനങ്ങളിലായാണ്. ഇവര്‍ മുഖം മൂടിയിരുന്നു. ആദ്യം അനൂസിന്‍റെ ഉപ്പയെ തട്ടിക്കൊണ്ടുപോകാനാണ് സംഘം ശ്രമിച്ചതെന്നും അത് തടയാന്‍ എത്തിയപ്പോഴാണ് അനൂസിന് നേരെ തിരിഞ്ഞതെന്നും ജമീല പറഞ്ഞു.തട്ടിക്കൊണ്ടുപോകലിന് പിറകില്‍ കുഴല്‍പ്പണ ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ്. മൂന്ന് പേര്‍ക്കായി അനൂസിന്‍റെ സഹോദരന്‍ കൊടുക്കാനുള്ളത് ലക്ഷങ്ങളാണെന്നും ഒരാള്‍ക്ക് മാത്രം 35 ലക്ഷം കൊടുക്കാനുണ്ടെന്നും അമ്മ ജമീല പറഞ്ഞു.
കൊടുവള്ളി കിഴക്കോത്ത് സ്വദേശി റഷീദിൻ്റെ മകൻ അനൂസ് റോഷനെയാണ് തട്ടിക്കൊണ്ടു പോയത്. ഇന്ന് വൈകീട്ട് 4 മണിയോടെ ആയുധങ്ങളുമായി കാറിൽ എത്തിയ സംഘം വീട്ടിൽ നിന്നുമാണ് യുവാവിനെ തട്ടിക്കൊണ്ട് പോയത്. ഇവരുടെ കയ്യില്‍ നിന്നും ഒരു കത്തി വീട്ടുമുറ്റത്ത് വീണിട്ടുണ്ട്. KL 65 L8306 നമ്പർ കാറിലാണ് സംഘം എത്തിയത്. ഇവര്‍ കടന്നുകളയുന്നതിന്‍റെ ദൃശ്യം സമീപത്തെ അങ്ങാടിയിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. അനൂസ് റോഷൻ്റെ സഹോദരൻ അജ്മൽ റോഷൻ വിദേശത്താണ്. വിദേശത്ത് വെച്ചുണ്ടായ സാമ്പത്തിക ഇടപാടുകളുടെ ഭാഗമായിട്ടാണ് സഹോദരനെ തട്ടിക്കൊണ്ട് പോയെതെന്നാണ് നിഗമനം.
സംഘം വൈകുന്നേരം വീട്ടിലെത്തി ബെല്ലടിച്ചു. ആ സമയത്ത് അനൂസിന്‍റെ പിതാവ് പുറത്തേക്ക് വന്നു. സംഘത്തിലെ രണ്ട് പേര്‍ മുന്‍പും വീട്ടില്‍ വന്നിട്ടുണ്ടെന്ന് വീട്ടുകാര്‍ പറയുന്നു. പൈസ തരാം സാവകാശം തരണം എന്നു പറഞ്ഞെങ്കിലും അനൂസിനെ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു എന്നും അമ്മ ജമീല പ്രതികരിച്ചു. സംഭവത്തില്‍ കൊടുവള്ളി പൊലീസ് അന്വേഷണം തുടങ്ങി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam