യൂത്ത് കോൺഗ്രസ് സെക്രട്ടേറിയേറ്റ് മാർച്ചിലെ സംഘർഷം: 11 പേർക്കെതിരെ കേസെടുത്തു, രാഹുൽ മാങ്കൂട്ടത്തിൽ റിമാൻ്റിൽ

Published : Sep 05, 2024, 09:17 PM IST
യൂത്ത് കോൺഗ്രസ് സെക്രട്ടേറിയേറ്റ് മാർച്ചിലെ സംഘർഷം: 11 പേർക്കെതിരെ കേസെടുത്തു, രാഹുൽ മാങ്കൂട്ടത്തിൽ റിമാൻ്റിൽ

Synopsis

സെക്രട്ടറിയേറ്റ് പരിസരം യുദ്ധക്കളമായ സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കിക്ക് പൊലീസിന്‍റെ ലാത്തിയടിയില്‍ തലയ്ക്ക് പരിക്കേറ്റിരുന്നു

തിരുവനന്തപുരം: എഡിജിപിയുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങളിൽ ആഭ്യന്തര വകുപ്പിൻ്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള യൂത്ത് കോണ്‍ഗ്രസ് മാർച്ചിലെ സംഘ‍ഷർഷത്തിൽ 11 പേരെ പ്രതികളാക്കി പൊലീസ് കെസേടുത്തു. കണ്ടാലറിയാവുന്ന 250 പേർക്കെതിരെയും കേസുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. സെക്രട്ടറിയേറ്റ് പരിസരം യുദ്ധക്കളമായ സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കിക്ക് പൊലീസിന്‍റെ ലാത്തിയടിയില്‍ തലയ്ക്ക് പരിക്കേറ്റിരുന്നു. ഒന്നര മണിക്കൂറിലധികം നീണ്ട സംഘര്‍ഷത്തില്‍ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ഏഴ് തവണ ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകരെ മര്‍ദിച്ച പൊലീസിനെ തെരുവില്‍ നേരിടുമെന്ന് സംഘര്‍ഷ സ്ഥലത്തെത്തിയ കെപിസിസി അധ്യക്ഷന്‍ മുന്നറിയിപ്പ് നല്‍കി

എഡിജിപി എം.അര്‍ അജിത്ത് കുമാറിനെയും പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെയും സംരക്ഷിക്കുന്ന മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയത്. നോര്‍ത്ത് ഗേറ്റിന് മുന്നില്‍ സ്ഥാപിച്ച ബാരിക്കേ‍ഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ ജലപീരങ്കി പ്രയോഗിച്ച് പിരിച്ചുവിടാന്‍ നാലുതവണ പൊലീസ് ശ്രമം. സ്റ്റാച്യു ഭാഗത്തെ മതിലുചാടാന്‍ ശ്രമിച്ച വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. കൊടികെട്ടിയ പൈപ്പുകള്‍ എറിഞ്ഞും പൊലീസ് വാഹനങ്ങളില്‍ ഇടിച്ചും പലതവണ പ്രതിഷേധക്കാരുടെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായി. വീണ്ടും മൂന്നുതവണ കൂടി ജലപീരങ്കി പ്രയോഗിച്ചു.

പൊലീസിന്‍റെ ഷീല്‍ഡ് പിടിച്ചുവാങ്ങി നിലത്തടിച്ചു പൊട്ടിച്ചതോടെ ഉദ്യോഗസ്ഥരില്‍ ചിലര്‍ സംയമനം അവസാനിപ്പിച്ചു. പിന്നീട് ലാത്തിവീശി. പ്രതിഷേധത്തിന് മുന്നിലുണ്ടായിരുന്ന അബിന്‍ വര്‍ക്കിയെ പൊലീസുകാർ വളഞ്ഞിട്ട് അടിച്ചു. മര്‍ദനത്തിന് നേതൃത്വം നല്‍കിയ കന്‍റോൺമെന്‍റ് എസ്ഐയെ സ്ഥലത്ത് നിന്ന് മാറ്റാതെ ആശുപത്രിയില്‍ പോകില്ലെന്ന് അബിന്‍ വർക്കി നിലപാടെടുത്തു. വിവരമറിഞ്ഞ് കെപിസിസി സംഘടനാ ജനറൽ സെക്രട്ടറി എം.ലിജു ഉള്‍പ്പടെയുള്ള നേതാക്കള്‍ സ്ഥലത്തെത്തി.

ഇതിനിടെ സംഘടനയുടെ സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലെയും കുറച്ച് നേതാക്കളെയും പൊലീസ് അറസ്റ്റു ചെയ്തുനീക്കി. തൊട്ടു പിന്നാലെ കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും അടൂര്‍ പ്രകാശ് എംപിയും സെക്രട്ടറിയേറ്റിന് മുന്നിലെത്തി. പൊലീസിന് നേരെ കെ സുധാകരന്‍  ഭീഷണി മുഴക്കി. നേതാക്കളുടെ നിര്‍ദേശം വന്നതോടെ അബിന്‍ ഉള്‍പ്പടെയുള്ളവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്  നാളെ കെ സുധാകരനും വിഡി സതീശനും നേതൃത്വം കൊടുക്കുന്ന കെപിസിസി മാർച്ച് നടക്കും.

PREV
Read more Articles on
click me!

Recommended Stories

ജാമ്യം നിഷേധിച്ചതിന് പിന്നാലെ ജയിലിലെ നിരാഹാര സമരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ; ആഹാരം കഴിക്കാമെന്ന് ഉറപ്പ് നൽകി
കാറില്‍ കുഴൽപ്പണം കടത്താൻ ശ്രമം; പിടിയിലായത് മുത്തങ്ങയിലെ എക്സൈസ് പരിശോധനയിൽ