
തിരുവനന്തപുരം: സംസ്ഥാന യൂത്ത് കോൺഗ്രസിനെ ഇനി രാഹുൽ മാങ്കൂട്ടത്തിൽ നയിക്കും. അബിന്‍ വര്‍ക്കിയും അരിതാ ബാബുവും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി സംസ്ഥാന ഉപാധ്യക്ഷന്മാരായി. വാശിയേറിയ തിരഞ്ഞെടുപ്പിൽ എ ഗ്രൂപ്പ് മേധാവിത്വം നേടിയപ്പോള്‍ നാല് ജില്ലകളില്‍ കെ സി വേണുഗോപാല്‍ പക്ഷം അട്ടിമറി വിജയം നേടി. കണ്ണൂരില്‍ കെ സുധാകരന്‍റെ സ്ഥാനാര്‍ത്ഥി തോറ്റു. സംഘടനയെ കൂടുതല്‍ മികവോടെ ഒറ്റക്കെട്ടായി നയിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സമര സംഘടനയായി യൂത്ത് കോൺഗ്രസിനെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മന്‍ ചാണ്ടി അവസാനമായെടുത്ത രാഷ്ട്രീയ തീരുമാനമായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിന്‍റെ സ്ഥാനാര്‍ത്ഥിത്വം. പതിവ് തെറ്റിച്ചില്ല, അമ്പതിനായിരത്തില്‍പ്പരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സംഘടനാ തെരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പ് തന്നെ അധ്യക്ഷ പദവി നേടി. സാധുവായ 5,11,489 വോട്ടുകളിൽ രാഹുലിന് 2,21,986 വോട്ടുകൾ കിട്ടി. ഐ ഗ്രൂപ്പുകാരനായ അബിൻ വർക്കിക്ക് 1,68,588 വോട്ടുകള്‍. കെ സി വേണുഗോപാല്‍ പക്ഷത്തെ അരിത ബാബു 31,930 വോട്ടുപിടിച്ചു. എങ്കിലും ദേശീയ നേതൃത്വം, അഭിമുഖം നടത്തിയ ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം.
തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, കണ്ണൂര്‍, വയനാട് ജില്ലകളില്‍ എ ഗ്രൂപ്പ് നേതാക്കള്‍ അധ്യക്ഷന്മാരായി. കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ സ്ഥാനാര്‍ത്ഥി ഫര്‍സീന്‍ മജീദാണ് കണ്ണൂരില്‍ തോറ്റു. എ ഗ്രൂപ്പിനെ പിളര്‍ത്തിയാണ് നാല് ജില്ലകളില്‍ കെ സി വേണുഗോപാല്‍ പക്ഷം വിജയിച്ചത്. കോഴിക്കോട് ടി സിദ്ദീഖും മലപ്പുറത്ത് വി എസ് ജോയിയും ചുക്കാന്‍ പിടിച്ചു. കോട്ടയത്ത് തിരുവഞ്ചൂരിന്‍റെ സഹായം കൂടിയായപ്പോള്‍ എ ഗ്രൂപ്പിന്‍റെ മൂന്ന് ജില്ലകള്‍ കെ സി പക്ഷത്തിന് പിടിക്കാനായി. പത്തനംതിട്ടയിലും എ ഗ്രൂപ്പിലെ തമ്മിലടിയാണ് സീറ്റ് നഷ്ടമാകാന്‍ കാരണം.
കൊല്ലം, ആലപ്പുഴ, കാസര്‍കോട് ജില്ലകളിലാണ് രമേശ് ചെന്നിത്തലയുടെ ഐ ഗ്രൂപ്പ് ജില്ലാ അധ്യക്ഷന്മാരെ ജയിപ്പിച്ചത്. ഇതില്‍ ആലപ്പുഴയില്‍ കെസി ഗ്രൂപ്പുമായി നടന്നത് കടുത്ത മത്സരം. തൃശൂരില്‍ കെ സുധാകരന്‍റെ സ്ഥാനാര്‍ഥി വിജയിച്ചു. എറണാകുളത്തെ ഫലം തടഞ്ഞുവെച്ചിരിക്കുകയാണ്. എ, ഐ ഗ്രൂപ്പുകള്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ വൈസ് പ്രസിഡന്‍റുമാരെ സ്വന്തമാക്കുന്നതിലും കെ സി വേണുഗോപാല്‍ പക്ഷം നേട്ടമുണ്ടാക്കി. വ്യാജ ബിരുദസര്‍ട്ടിഫിക്കറ്റ് ആരോപണത്തിന്‍റെ പശ്ചാത്തലത്തില്‍ കൊല്ലത്ത് നിന്നുള്ള രണ്ട് ഫലങ്ങളും തടഞ്ഞുവച്ചിട്ടുണ്ട്. മണ്ഡലം, ബ്ലോക്ക് അധ്യക്ഷന്മാരെയും വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തിട്ടുണ്ട്.
പാർട്ടി ഏത് സ്ഥാനം നൽകിയാലും ഏറ്റെടുക്കുമെന്ന് യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ അബിൻ വർക്കി പറഞ്ഞു. ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് നടത്താൻ സംഘടനക്കായെന്നും അബിൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മറ്റൊരു പാർട്ടിക്കും കഴിയാത്ത നേട്ടമാണിതെന്നും അബിൻ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam