
കായംകുളം: ദേശീയപാതയിലെ കുഴികൾ താണ്ടി വരുന്ന യാത്രക്കാർക്ക് കുഴിമന്തി നൽകി യൂത്ത് കോൺഗ്രസിന്റെ വ്യത്യസ്ത പ്രതിഷേധം. കായംകുളത്ത് ദേശീയപാതയിലെ കുഴികൾ അടയ്ക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോൺഗ്രസ് പരിപാടി സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം നെടുമ്പാശേരിയിൽ ദേശീയപാതയിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചിരുന്നു. തുടർന്നാണ് യൂത്ത് കോൺഗ്രസ് കുഴിമന്തി സമരം സംഘടിപ്പിച്ചത്. രാമപുരം മുതൽ കൃഷ്ണപുരം വരെയുള്ള ഭാഗത്താണ് അപകട ഭീഷണി ഉയർത്തുന്ന കുഴികൾ ഉള്ളതെന്നും ഇത് അടക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നും യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി. ഈ പ്രദേശത്ത് അപകടങ്ങൾ പതിവായിട്ടും നടപടിയെടുക്കുന്നില്ലെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ദേശീയപാത അതോറിറ്റിയുടെയും സർക്കാറിന്റെയും ശ്രദ്ധയിൽപ്പെടുത്താനാണ് കുഴിമന്തി സമരം നടത്തിയതെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം നൗഫലാണ് സമരം ഉദ്ഘാടനം ചെയ്തത്.
നെടുമ്പാശേരി അപകടം: കുഴികൾ അടയ്ക്കാതിരുന്ന മഴ കാരണം; വീഴ്ച സമ്മതിച്ച് കരാർ കമ്പനി
വെള്ളിയാഴ്ച രാത്രിയാണ് ഹോട്ടൽ ജീവനക്കാരനായ ഹാഷിം സ്കൂട്ടറുമായി നെടുമ്പാശേരിക്ക് സമീപം ദേശീയപാതയിലെ വളവിനോട് ചേർന്നുണ്ടായിരുന്ന ഭീമൻ കുഴിയിൽ വീണത്. വാഹനത്തിൽ നിന്ന് തെറിച്ചുവീണ ഇദ്ദേഹം പിന്നാലെ വന്ന മറ്റൊരു വാഹനം ദേഹത്ത് കയറിയിമരിച്ചു. ഹാഷിമിനെ ഇടിച്ച വാഹനം നിർത്താതെ പോയി. ദേശീയപാതയുടെ അറ്റകുറ്റപണികൾ കൃത്യമായി നടത്തിയിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന അപകട മരണമാണ് ഹാഷിമിന്റേതെന്ന് അഭിപ്രായമുയർന്നു. ഹൈക്കോടതി വിമർശനം വന്നപ്പോൾ ചിലയിടങ്ങളിൽ കുഴിയടച്ചെങ്കിലും പണി പൂർത്തിയാക്കിയില്ല. അപകടത്തിന് കാരണക്കാരായ കരാറുകാർക്ക് എതിരെ കേസെടുക്കണമെന്നും മന്ത്രി മുഹമ്മദ് റിയാസ് നേരത്തെ ആവശ്യപ്പെട്ടു. സംഭവത്തിൽ ദേശീയപാത അതോറിറ്റിയെയും സംസ്ഥാന പൊതുമരാമത്ത് വകുപ്പിനെയും കുറ്റപ്പെടുത്തിയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തിയത്. റോഡ് നന്നാക്കാതെ ടോൾ പിരിക്കാൻ അനുവദിക്കരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam