നമ്പർ സ്പൂഫിംഗ് വഴി കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥരെയും ജില്ലാ കളക്ടർമാരെയും തെറിവിളിച്ച കുന്നംകുളം സ്വദേശി അറസ്റ്റിൽ

തൃശ്ശൂർ: നമ്പർ സ്പൂഫിംഗ് വഴി കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥരെയും ജില്ലാ കളക്ടർമാരെയും തെറിവിളിച്ച കുന്നംകുളം സ്വദേശി അറസ്റ്റിൽ. കുന്നംകുളം മരത്തൻകോട് സ്വദേശി ഹബീബ് റഹ്മാൻ ആണ് പിടിയിലായത്. ഗൾഫിൽ ജോലി ചെയ്തിരുന്ന ഇയാൾ ഇൻഡികാൾ എന്ന ആപ്പ് ഉപയോഗിച്ചാണ് തെറിവിളിച്ചത്. ജില്ലാ പൊലീസ് മേധാവിമാർ, കളക്ടർമാർ ഉൾപ്പടെ നൂറിലധികം ഉദ്യോഗസ്ഥരെ തെറിവിളിച്ചിട്ടുണ്ട്. കാസർകോട് , എറണാകുളം പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ട്.

Read more: മതിലിന് മുന്നിൽ ചെരിപ്പ്, സംശയം തോന്നി പൊലീസ് നിൽക്കവെ മതിൽ ചാടി രണ്ടുപേർ; തെളിഞ്ഞത് കോൺവെന്‍റിലെ പീഡനം

അതേസമയം അരീക്കോട് അനധികൃത മണല്‍കടത്ത് തടയുന്നതിനിടയില്‍ മുന്‍ ഏറനാട് തഹസില്‍ദാരെ ലോറിയിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് പിടിയിലായി. കോഴിക്കോട് പെരിങ്ങളം സ്വദേശി പുള്ളത്ത് കണ്ടി നൗഫല്‍ ( 45 ) നെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 2007- ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

പത്തനാപുരം പള്ളിപ്പടിയില്‍ വെച്ച് അനധികൃത മണലുമായി പോകുന്ന ലോറി പിടികൂടാന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് പ്രതി ലോറിയിടിച്ച് തഹസില്‍ദാരെയും കൂടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെയും കൊലപ്പെടുത്താന്‍ ശ്രമിച്ചത്. തുടര്‍ന്ന് സംഭവത്തില്‍ അരീക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നക്കിലും പ്രതിയെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ബാലുശ്ശേരിയില്‍ വെച്ച് വെള്ളിയാഴ്ച പിടികൂടിയത്.

Read more: പെൺകുട്ടികളെ എത്തിച്ച് സംഘമായി കഞ്ചാവ് വലി; ലൈംഗിക ചൂഷണം, കുളച്ചലിലെ സംഘത്തെ തേടി പൊലീസ്

നിലവിലുള്ള അഡ്രസ് മാറ്റി വിവിധ സ്ഥലങ്ങളില്‍ പ്രതി ഇത്രയും കാലം ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. കേസിലെ ഒന്നാം പ്രതി വിചാരണ വേളയില്‍ കോടതിയില്‍ ഹാജരായിരുന്നു. എന്നാല്‍ രണ്ടാം പ്രതിയായ നൗഫല്‍ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് കൊണ്ടോട്ടി ഡി വൈ എസ് പി അഷ്‌റഫിന്‍റെ നേതൃത്വത്തില്‍ അരീക്കോട് എസ് എച് ഒ എം. അബ്ബാസ് അലിയും സ്‌പെഷ്യല്‍ സ്‌ക്വാഡ് ടീം അംഗങ്ങളും ചേര്‍ന്നാണ് പ്രതിയെ വെള്ളിയാഴ്ച വലയിലാക്കിയത്. പ്രതിയെ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.