ലീ​ഗിൻ്റെ സിറ്റിം​ഗ് എംഎൽഎമാരിൽ പ്രവ‍ർത്തന മികവില്ലാത്തവരെ മാറ്റണമെന്ന് യൂത്ത് ലീ​ഗ്

By Web TeamFirst Published Jan 22, 2021, 9:04 PM IST
Highlights

യോഗ്യത കൃത്യമായി വിലയിരുത്തിവേണം എം.എല്‍.എമാര്‍ക്ക് വീണ്ടും അവസരം നല്‍കാനെന്ന് യൂത്ത് സംസ്ഥാന അധ്യക്ഷൻ മുൻവറലി തങ്ങൾ

മലപ്പുറം: മുസ്ലീം ലീഗ്  സിറ്റിംഗ് എം.എല്‍.എമാരില്‍ പ്രവര്‍ത്തന മികവില്ലാത്തവരെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന്  യൂത്ത് ലീഗ് നേതൃത്വം. പ്രവര്‍ത്തന മികവില്ലാത്ത എം.എല്‍.എമാരെ വീണ്ടും സ്ഥാനാര്‍ത്ഥികളായി ജനങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കരുത്. ഇത്തവണ  യു.ഡി.എഫില്‍ കൂടുതല്‍ സീറ്റുകള്‍  ചോദിച്ചു വാങ്ങണമെന്ന് ലീഗ് നേതൃത്വത്തോട് ആവശ്യപെട്ടിട്ടുണ്ടെന്നും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

തദ്ദേശഭരണ തെരെഞ്ഞെടുപ്പിലേതുപോലെ  മൂന്നു തവണ തുടര്‍ച്ചയായി മത്സരിച്ചവരെ നിയമസഭാ തെരെഞ്ഞെടുപ്പില്‍  പൂര്‍ണമായും ഒഴിവാക്കണമെന്ന് യൂത്ത് ലീഗ് പറയുന്നില്ല. എന്നാല്‍ യോഗ്യത കൃത്യമായി വിലയിരുത്തിവേണം എം.എല്‍.എമാര്‍ക്ക് വീണ്ടും അവസരം നല്‍കാൻ. പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും മുൻകാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ കൂടുതല്‍ അവസരം നല്‍കണം. 

അത് ഉറപ്പാക്കല്‍ തന്‍റെ ഉത്തരവാദിത്വമാണെന്നും പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യു.ഡി.എഫില്‍ നിന്ന് കൂടുതല്‍ സീറ്റുകള്‍ ഇത്തവണ മുസ്ലീം ലീഗ് വാങ്ങിയെടുക്കണം. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവും ഉമ്മൻചാണ്ടി നേതൃത്വമേറ്റെടുത്തതും യു.ഡി.എഫിന് കൂടുതല്‍ കരുത്ത് പകര്‍ന്നിട്ടുണ്ട്. യൂത്ത് ലീഗ്   തെരെ‍ഞ്ഞെടുപ്പ് കാമ്പയില്‍ അടുത്തമാസം ഒന്നിന് മഞ്ചേശ്വരത്തുനിന്നും തുടങ്ങുമെന്നും മുനവറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
 

click me!