
തിരുവനന്തപുരം: മരണാനന്തര ചടങ്ങിനെത്തിയ യുവാക്കൾ മദ്യലഹരിയിൽ ഏറ്റുമുട്ടി. തർക്കത്തിനിടെ മൂന്ന് പേർ കിണറ്റിൽ വീണതോടെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തി. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. ആറ്റിങ്ങൽ ബോയ്സ് സ്കൂളിന് പിൻവശത്തുള്ള വീട്ടിലെ മരണാനന്തര ചടങ്ങിനെത്തിയതായിരുന്നു യുവാക്കൾ. ഇതിൽ അഞ്ച് പേരടങ്ങുന്ന സംഘം മദ്യപിച്ച ശേഷം അടുത്ത പുരയിടത്തിലെ കിണറ്റിൻകരയിലിരുന്ന് സംസാരിക്കുകയായിരുന്നു. ഇതിനിടെ സംസാരം വാഗ്വാദത്തിലേക്കും പിന്നാലെ കയ്യാങ്കളിയിലേക്കും നീങ്ങിയതോടെ മൂന്ന് പേർ കിണറ്റിലേക്ക് വീഴുകയായിരുന്നു. അനൂപ്, സനു, ശ്യാം എന്നിവരാണ് കിണറ്റിലകപ്പെട്ടത്. ആദ്യം കിണറ്റിൽ വീണ അനൂപിനെ രക്ഷിക്കാനായി ഇറങ്ങിയ സുഹൃത്തുക്കളാണ് മറ്റ് രണ്ട് പേരുമെന്നാണ് വിവരം.
ഏകദേശം 50 അടി താഴ്ചയും ആറടിയോളം വെള്ളവുമുള്ള കിണറ്റിലേക്കാണ് ഇവർ വീണതെന്നാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തി ഒരാളെ കരയിലെത്തിച്ചെങ്കിലും രണ്ട് പേർക്ക് കയറാനായില്ല. ഇതോടെയാണ് ആറ്റിങ്ങൽ യൂണിറ്റിൽ നിന്നും ഫയർഫോഴ്സ് സംഘം എത്തി റോപ്പും നെറ്റും ഉപയോഗിച്ച് കിണറ്റിൽ കുടുങ്ങിയവരെ കരയിലെത്തിച്ചത്. വെള്ളമുണ്ടായിരുന്ന കിണറാണെന്നതിനാൽ ഇവർക്ക് പരിക്കുകളൊന്നും ഉണ്ടായില്ലെന്ന് ഫയർഫോഴ്സ് അധികൃതർ അറിയിച്ചു.ആറ്റിങ്ങൽ അഗ്നിശമന സേന ഗ്രേഡ്സ്റ്റേഷൻഓഫീസർ ജെ.രാജേന്ദ്രൻനായരുടെ നേതൃത്വത്തിലെ സംഘമാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. മദ്യലഹരിയിലായിരുന്നവർ കിണറ്റിൽ നിന്നും കരയിലെത്തിയതോടെ തർക്കങ്ങൾ മറന്ന് പരസ്പരം ആലിംഗനം ചെയ്താണ് മടങ്ങിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam