
തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് പോലീസ് സ്റ്റേഷൻ അക്രമിക്കുകയും സിഐയെ ഇരുമ്പ് കസേര കൊണ്ട് തലക്കടിക്കുകയും ചെയ്ത യൂ ട്യൂബർ അറസ്റ്റിൽ. ഉഴമലക്കൽ സ്വദേശി യദു കൃഷ്ണനാണ് പിടിയിലായത്. പെപ്പർ സ്പ്രേ അടിച്ചാണ് പൊലീസ് യദുവിനെ കീഴ്പ്പെടുത്തിയത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. യൂട്യൂബർ യദു കൃഷ്ണൻ സ്റ്റേഷനിലേക്ക് കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. കയ്യിൽ മദ്യക്കുപ്പിയുമായി സ്റ്റേഷൻ കോമ്പൗണ്ടിലേക്ക് അതിക്രമിച്ചു കയറിയ പ്രതി, അവിടെ പാർക്ക് ചെയ്തിരുന്ന പോലീസ് ജീപ്പ് അടിച്ചുതകർത്തു. തടയാൻ ശ്രമിച്ച ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരോട് മോശമായി പെരുമാറി. പിടിക്കാൻ ശ്രമിക്കുന്നതിനിടെ യദു തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് ഓടിക്കയറുകയായിരുന്നു. ആശുപത്രിയിലെ ഡോക്ടറുടെ ക്യാബിനിലേക്ക് ഓടിക്കയറിയ പ്രതി, തന്നെ തടയാൻ പിന്നാലെയെത്തിയ ഇൻസ്പെക്ടർ ദേവരാജനെ ക്യാബിനിലുണ്ടായിരുന്ന ഇരുമ്പ് കസേര എടുത്ത് തലയ്ക്കടിക്കുകയായിരുന്നു.
തുടർന്ന് കൂടുതൽ പോലീസുകാർ എത്തി പെപ്പർ സ്പ്രേ അടക്കം ഉപയോഗിച്ചാണ് പ്രതിയെ കീഴടക്കുന്നത്. ഗുരുതര പരിക്കുകളോടെ ദേവരാജൻ ചികിത്സയിലാണ്. വധശ്രമം അടക്കമുള്ള ഗുരുതര വകുപ്പുകളാണ് പ്രതിക്കെതിരെ എടുത്തിട്ടുള്ളത്. ഒരു കാരണവുമില്ലാതെയാണ് അക്രമമെന്നാണ് പൊലീസ് പറയുന്നത്. സ്റ്റേഷനിലേക്ക് എത്തു മുമ്പ് സ്റ്റേഷൻ ആക്രമിക്കുമെന്ന് കാണിച്ച് യദു യൂ ട്യൂബിൽ ലൈവ് വീഡിയോ ചെയ്തതായും പൊലീസ് പറയുന്നു. അതേ സമയം പ്രതിക്ക് മാനസിക വെല്ലുവിളികൾ ഉണ്ടെന്ന് ബന്ധുക്കളുടെ വാദം. എന്നാൽ കൃത്യമായ ആസൂത്രണത്തോടെ പോലീസിനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണമാണിതെന്നാണ് പോലീസ് പറയുന്നത്. പ്രതിയുടെ പശ്ചാത്തലത്തെക്കുറിച്ച് കൂടുതൽ അന്വേഷണത്തിനൊരുങ്ങുകയാണ് പോലീസ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam