യൂട്യൂബറെ ആക്രമിച്ച സംഭവം; ഭാഗ്യലക്ഷ്മിക്കും രണ്ട് സുഹൃത്തുകൾക്കും മുൻകൂർ ജാമ്യമില്ല

By Web TeamFirst Published Oct 9, 2020, 11:28 AM IST
Highlights

തമ്പാനൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ അതിശക്തമായി എതിര്‍ത്തിരുന്നു 

തിരുവനന്തപുരം: അശ്ലീല യുട്യൂബറെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കൾക്കും മുൻകൂര്‍ ജാമ്യം ഇല്ല. ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷമി അറയ്ക്കല്‍ എന്നിവരുടെ മുൻകൂര്‍ ജാമ്യാപേക്ഷയാണ് തള്ളിയത്. തമ്പാനൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ അതിശക്തമായി എതിര്‍ത്തിരുന്നു.

യൂട്യൂബ് വഴി അശ്ലീലം പ്രചരിപ്പിച്ച വിജയ് പി നായരെ വീട്ടിൽ കയറി മര്‍ദ്ദിച്ചെന്നും ലാപ്ടോപും മൊബൈൽ ഫോണും എടുത്തു കൊണ്ട് പോയെന്നുമാണ് കേസ്. അതിക്രമിച്ചു കടക്കൽ, കൈയേറ്റം, ഭീഷണി, മോഷണം എന്നീ വകുപ്പുകൾ ചേർത്താണ് എഫ്ഐആര്‍.  അശ്ലീല യൂടൂബർ വിജയ് പി നായരെ കൈയേറ്റം ചെയ്ത കേസിൽ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരുടെ  ജാമ്യാപേക്ഷയെ ശക്തമായി  സർക്കാർ എതിര്‍ത്തിരുന്നു. കൈയേറ്റം ചെയ്ത കേസിൽ പ്രതികൾക്ക് ജാമ്യം നൽകുന്നത് നിയമം കൈയിലെടുക്കുന്നതിന് അനുകൂലമായ തെറ്റായ സന്ദേശം നൽകുമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഇത് കണക്കിലെടുത്ത് കൂടിയാണ് കോടതി മുൻകൂര്‍ ജാമ്യം തള്ളിയത്. 

കോടതി മുൻകൂര്‍ ജാമ്യം നിഷേധിച്ച സ്ഥിതിക്ക് പൊലീസിന് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങാം 

click me!