'വാളയാര്‍ പെണ്‍കുട്ടികളുടെ രക്ഷിതാക്കളെ അപമാനിച്ചു'; എ കെ ബാലനെതിരെ പ്രതിഷേധവുമായി യുവമോർച്ച വനിത വിഭാഗം

By Web TeamFirst Published Oct 27, 2020, 12:04 AM IST
Highlights

വാളയാർ പെണ്‍കുട്ടികളുടെ നീതിക്കായി സമരം ചെയ്യുന്ന രക്ഷിതാക്കളെ  അപമാനിച്ചു എന്നാരോപിച്ച് മന്ത്രി ബാലന്‍റെ കോലം കത്തിച്ചു. കോഴിക്കോട് പുതിയ ബസ്സ്റ്റാന്‍റ് പരിസരത്ത് തുടങ്ങിയ പ്രതിഷേധ പരിപാടി കിഡ്സണ്‍ കോർണറിൽ അവസാനിപ്പിച്ചു

കോഴിക്കോട്: മന്ത്രി എ കെ ബാലനെതിരെ പ്രതിഷേധവുമായി യുവമോർച്ച വനിത വിഭാഗം. വാളയാർ പെണ്‍കുട്ടികളുടെ നീതിക്കായി സമരം ചെയ്യുന്ന രക്ഷിതാക്കളെ  അപമാനിച്ചു എന്നാരോപിച്ച് മന്ത്രി ബാലന്‍റെ കോലം കത്തിച്ചു. കോഴിക്കോട് പുതിയ ബസ്സ്റ്റാന്‍റ് പരിസരത്ത് തുടങ്ങിയ പ്രതിഷേധ പരിപാടി കിഡ്സണ്‍ കോർണറിൽ അവസാനിപ്പിച്ചു. മന്ത്രി മാപ്പ് പറയുന്നത് വരെ സമരരംഗത്ത് തുടരുമെന്നും പ്രവർത്തകർ അറിയിച്ചു.

നേരത്തെ, വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി തേടി അമ്മ സമരം ആരംഭിച്ചതിന് പിന്നാലെ എന്തിനാണ് സമരമെന്ന് മനസിലാകുന്നില്ലെന്ന് മന്ത്രി പറഞ്ഞിരുന്നു. വാളയാര്‍ കേസിലെ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഇപ്പോള്‍ എന്തിനാണ് പെണ്‍കുട്ടികളുടെ അമ്മയുടെ സമരമെന്ന് മനസിലാകുന്നില്ലെന്നാണ് എ കെ ബാലന്‍ പറഞ്ഞത്.

അതേസമയം, വാളയാര്‍ പെണ്‍കുട്ടികളുടെ മരണമന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത് വന്നിരുന്നു. കുട്ടികളെ കൊന്നത് താനാണെന്ന് സമ്മതിക്കാന്‍ നിര്‍ബന്ധിച്ചുവെന്ന് പെണ്‍കുട്ടികളുടെ അച്ഛന്‍ ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ കാല് പിടിച്ചിട്ടും നീതി ലഭിച്ചില്ലെന്ന് പെണ്‍കുട്ടികളുടെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ അരികിലെത്തിച്ച കെപിഎംഎസ്സും പുന്നല ശ്രീകുമാറും പിന്നീട് ഒരു സഹായവും ചെയ്തില്ലെന്നും കുടുംബം ആരോപിക്കുന്നു.

 വാളയാർ കേസിൽ സർക്കാർ വാക്ക് പാലിച്ചാൽ മാത്രം സമരത്തിൽ നിന്ന് പിൻമാറുന്ന കാര്യം ആലോചിക്കാമെന്നാണ് പെൺകുട്ടികളുടെ അമ്മ പറയുന്നത്. സമരം അവസാനിപ്പിക്കണം എന്നും സർക്കാരിന്റെയും മാതാപിതാക്കളുടെയും ആവശ്യം ഒന്നാണ് എന്ന മന്ത്രി ബാലന്റെ വാക്കുകൾക്കാണ് അമ്മയുടെ പ്രതികരണം.

തൽക്കാലം സമരവുമായി മുന്നോട്ട് പോകുമെന്നും അവർ കൂട്ടിച്ചേർത്തു. കേസ് ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നതിനാൽ വിധി വന്ന ശേഷം തുടരന്വേഷണത്തെ കുറിച്ചുള്ള നിലപാട് വ്യക്തമാക്കുമെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കരിന്‍റേത്.

യുഡിഎഫ് അധികാരത്തിലെത്തിയാൽ കുറ്റക്കാരായ ഉദ്യോഗസ്ഥർ സർവീസിൽ ഉണ്ടാകില്ല. മാതാപിതാക്കൾക്ക് നീതി ആവശ്യപ്പെട്ടു മഹിളാമോർച്ച പ്രവർത്തകരും വാളയാറിൽ സമരം തുടങ്ങിയിട്ടുണ്ട്. കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രി ഇടപെട്ടെന്നും സിബിഐ അന്വേഷണം വേണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

click me!