
ഇടുക്കി: കുറുഞ്ഞിക്കാലത്ത് മൂന്നാര്‍ സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ക്കായി സുരക്ഷ ശക്തമാക്കി മൂന്നാര്‍ പോലീസ്. 45 ഓളം ക്യാമറകളാണ് പോലീസ് അധിക്യതകര്‍ മൂന്നാറില്‍ സ്ഥാപിക്കുന്നത്. മൂന്നാറില്‍ എത്തുന്നത് മുതല്‍ അവര്‍ മടങ്ങിപ്പോകുന്നതുവരെ ഏതൊരു സഞ്ചാരിയേയും ഇനിമുതല്‍ തലസ്ഥാനത്തിരുന്ന് ഉന്നത് ഉദ്ദ്യോഗസ്ഥര്‍ക്ക് നേരിട്ട് വീക്ഷിക്കാം.
നീലക്കുറിഞ്ഞി സീസണിലെ സുരക്ഷ കണക്കിലെടുത്താണ് വിനോദ സഞ്ചാരികളെത്തുന്ന പ്രധാന സ്ഥലങ്ങളില്‍ പോലീസ് ക്യാമറകള്‍ സ്ഥാപിച്ചത്. പഴയ മൂന്നാര്‍ ഹെഡ് വര്‍ക്സ് ഡാം മുതല്‍ ടൗണ്‍, മാട്ടുപ്പെട്ടി റോഡ്, രാജമല റോഡ്, ജി.എച്ച്. റോഡ്, നല്ല തണ്ണി റോഡ്, കോളനി റോഡ് തുടങ്ങിയ 45 സ്ഥലങ്ങളിലാണ് പുതുതായി ക്യാമറകള്‍ സ്ഥാപിച്ചത്. പോലിസ് സ്റ്റേഷന് സമീപമുള്ള പഴയ സി.ഐ.ഓഫീസിലാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്. മാസ്റ്റര്‍ കണ്‍ട്രോള്‍ റൂം തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തായിരിക്കും. പോലിസ് കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍, ക്യാമറ തൂണുകളില്‍ ഉള്ള ഉച്ചഭാഷിണികളിലൂടെ യഥാസമയം നല്‍കും. ഇതുവഴി ടൗണിലെ അനധികൃത പാര്‍ക്കിങ് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നും, വിനോദ സഞ്ചാരികള്‍ക്കും, പൊതുജനങ്ങള്‍ക്കും പോലീസ് സഹായം ഉടനടി ലഭ്യമാക്കാന്‍ കഴിയുമെന്നും ഡിവൈ.എസ്.പി. എസ് അഭിലാഷ് പറഞ്ഞു. നിരീക്ഷണ ക്യാമറകളുടെ ഉദ്ഘാടനം അടുത്ത ദിവസം ജില്ലാ പോലീസ് മേധാവി കെ.ബി.വേണുഗോപാല്‍ നിര്‍വഹിക്കും. രണ്ടു വര്‍ഷം മുന്‍പ് മൂന്നാറിലെ ഏഴു സ്ഥലങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ പോലീസ് സ്ഥാപിച്ചിരുന്നു.എന്നാല്‍ അറ്റകുറ്റപണികള്‍ നടത്താത്തതുമൂലം ഇവ കേടായി. ഇവ പൂര്‍ണ്ണമായി നീക്കം ചെയ്ത ശേഷമാണ് പുതിയക്യാമറകള്‍ സ്ഥാപിച്ചത്.