
ഇടുക്കി: കൊട്ടാക്കമ്പൂരിലെ ജോയ്‌സ് ജോര്‍ജിന്റെ ഭൂമി വിവാദത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. കുറിഞ്ഞി സങ്കേതമായി പ്രഖ്യാപിക്കപ്പെട്ട കൊട്ടാക്കമ്പൂരിലെ വിവാദമായ ബ്ലോക്ക് നമ്പര്‍ 58 ലെ ഭൂമി സന്ദര്‍ശിക്കുന്നതിനിടയിലായിരുന്നു പ്രതിപക്ഷനേതാവിന്റെ പ്രതികരണം. ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സംഘം കൊട്ടക്കമ്പൂരില്‍ സന്ദര്‍ശനം നടത്തിയത്.
ഭൂമി സന്ദര്‍ശിക്കാന്‍ കൊട്ടാക്കമ്പൂരിലെത്തിയ മന്ത്രിതല സംഘം വിവാദഭൂമി സന്ദര്‍ശിക്കാതെയാണ് മടങ്ങിയതെന്നും ഭൂമി സംബന്ധിച്ച പ്രശ്നങ്ങളില്‍ മുന്നുമന്ത്രിമാര്‍ മൂന്നുരീതിയിലാണ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും ചെന്നിത്തല പറഞ്ഞു. ക്യഷിക്കാരുടെ ഭൂമികള്‍ നേരില്‍ സന്ദര്‍ശിച്ച സംഘം യഥാര്‍ത്ഥപ്രശ്നങ്ങള്‍ കാണാന്‍ കൂട്ടാക്കിയില്ല. 58-ാം ബ്ലോക്കിലാണ് എം.പിയടക്കം ഭൂമി കൈയ്യേറിയതെന്ന് റവന്യുസംഘം മന്ത്രിമാരെ അറിയിച്ചിരുന്നു. എന്നാല്‍ കൈയ്യേറ്റഭൂമികള്‍ ഒഴിവാക്കി നടത്തിയ സന്ദര്‍ശനം പ്രശ്നങ്ങളില്‍ നിന്നും ഒഴിവാകലായിരുന്നു. സര്‍ക്കാര്‍ ഭൂമികള്‍ വ്യാജമായി തട്ടിയെടുത്ത വന്‍കിടക്കര്‍ക്കെതിരെ നടപടികള്‍ വേണം. നീലകുറുഞ്ഞി സംരക്ഷിക്കുന്നതിനൊപ്പം കര്‍ഷകരെയും സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാറില്‍ ഗസ്റ്റ് ഹൗസില്‍ നിന്നും വെള്ളിയാഴ്ച രാവിലെ 9.30 ന് പുറപ്പെട്ട സംഘം രാവിലെ 11 മണിയോടെ കോവിലൂരിലെത്തി. സന്ദര്‍ശനത്തിനായ് എത്തിയ യു.ഡി.എഫ് സംഘത്തിന് കോവിലൂരിലും കൊട്ടാക്കമ്പൂരിലും നാട്ടുകാര്‍ സ്വീകരണം നല്‍കി. ഭൂമി സംബന്ധമായ വിഷയങ്ങളില്‍ കൈയ്യേറ്റക്കാരെയും കര്‍ഷകരെയും ഒരു പോലെ കാണരുതെന്നും, ഇവിടുത്തെ കുടിയേറ്റക്കാരോട് യു.ഡി.എഫിന് അനുഭാവപൂര്‍ണ്ണമായ പരിഗണനായുള്ളതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഷിബു ബേബി ജോണ്‍, ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാര്‍, കെ.പി.സി.സി വൈസ് പ്രസിഡന്റ് ഏ.കെ.മണി തുടങ്ങി നിരവധി നേതാക്കള്‍, പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവരും സംഘത്തിനൊപ്പമുണ്ടായിരുന്നു.