
ഇടുക്കി: ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി ആദിവാസി സ്ത്രീ വാഹനത്തിൽ പ്രസവിച്ചു. മറയൂര്‍ വനാന്തരത്തിലെ പുതുക്കുടി ആദിവാസി കോളനിയിലെ രേവതി (23) ആണ് ഇന്നലെ രാവിലെ വനത്തിനുള്ളില്‍ വച്ച് വാഹനത്തില്‍ പ്രസവിച്ചത്. ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന വെള്ളക്കല്‍ ആദിവാസി കോളനിയില്‍നിന്ന് പ്രസവവേദനയെ തുടര്‍ന്ന് മറയൂരിലെ ആശുപത്രിയിലേക്ക് പോകും വഴി വനത്തിനുള്ളില്‍ വച്ച് വാഹനത്തില്‍ പ്രസവിക്കുകയായിരുന്നു.
മൂന്ന് വര്‍ഷം മുന്‍പ് വെള്ളക്കല്‍ ആദിവാസി കോളനിയില്‍ നിന്നും പൊള്ളാച്ചിക്ക് സമീപമുള്ള വെള്ളക്കുടി എന്ന ആദിവാസി കോളനിയിലേക്ക് വിവാഹം ചെയ്ത് അയച്ചതാണ് രേവതിയെ. ഗര്‍ഭിണിയായ രേവതിയെ പൊള്ളാച്ചിയിലെ ആശുപത്രിയില്‍ ഗര്‍ഭകാല ചികില്‍സകള്‍ നടത്തി കഴിഞ്ഞ രണ്ട് മാസം മുന്‍പാണ് ഭര്‍ത്താവ് മണിയും വീട്ടുകാരും ചേര്‍ന്ന് മറയൂരിലെ വീട്ടില്‍ കൊണ്ടുവന്ന് വിട്ടത്. തുടര്‍ന്ന് ഇടയ്ക്ക് മറയൂരിലെ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ പരിശോധനയും നടത്തിയിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ പ്രസവവേദന അനുഭവപ്പെട്ട രേവതിയെ വനം വകുപ്പിന്‍റെ വാഹനത്തിലാണ് മറയൂരിലേക്ക് കൊണ്ടുവന്നത്. വാഹനത്തില്‍ വച്ച് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയെങ്കിലും കുട്ടി കരയുകയോ മറ്റ് ശബ്ദം പുറപ്പെടുവിക്കുകയോ ചെയ്തിരുന്നില്ല. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികില്‍സ നല്‍കി. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ കുട്ടിയും അമ്മയും മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറുടെ നിരീക്ഷണത്തിലാണ്.