
കൊച്ചി : സംസ്ഥാനത്ത് നിന്ന് ഐ എസില്‍ ചേരുന്നവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികള്‍ ആരംഭിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യം വിട്ടവരുടെ സ്വത്ത് വഹകള്‍ കണ്ടു കെട്ടാന്‍ കൊച്ചി എന്‍ ഐ എ കോടതി നിര്‍ദ്ദേശിച്ചതിനെ തുടർന്നാണ് നടപടി.
കേരളത്തില്‍ നിന്ന് 21 പേരാണ് ഇതുവരെ ഐഎസില്‍ ചേരാനായി പോയതെന്നാണ് ലഭ്യമായ വിവരം. കേടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഐ എസില്‍ ചേർന്നവരുടെ സംഘത്തിലെ പ്രധാനിയായ കാസർകോട് പടന്ന സ്വദേശി അബ്ദുള്‍ റാഷീദിന്‍റെ സ്വത്ത് വിവരങ്ങള്‍ റവന്യൂ വകുപ്പ് ശേഖരിച്ചു തുടങ്ങി. റാഷിദിന്‍റെ കാസർകോട് തൃക്കരിപ്പൂരുള്ള വീട്ടില്‍ നോട്ടീസ് പതിച്ചു.
തൃക്കരിപ്പൂര്‍ സൌത്ത് വില്ലേജ് ഓഫീസറാണ് കോടതി നിർദ്ദേശത്തെ തുടർന്ന് റവന്യൂ റിക്കവറി നടപടികള്‍ ആരംഭിച്ചത്. ഓഗസ്റ്റ് 13 ന് റാഷിദിനോട് കോടതി നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റാഷിദ് ഉള്‍പ്പെടെ 21 പേരാണ് കാസർകോട്, പാലക്കാട് ജില്ലകളില്‍ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് പോയതായി വിവരം ലഭിച്ചത്.