നാലര ഏക്കര്‍ ഭൂമിയില്‍ 'തപോവന'മൊരുക്കി ആലപ്പുഴയിലെ വനമുത്തശ്ശി

Published : Feb 05, 2018, 03:23 PM ISTUpdated : Oct 05, 2018, 02:18 AM IST
നാലര ഏക്കര്‍ ഭൂമിയില്‍ 'തപോവന'മൊരുക്കി ആലപ്പുഴയിലെ വനമുത്തശ്ശി

Synopsis

ആലപ്പുഴ: കാടില്ലാത്ത ഏക ജില്ലയായ ആലപ്പുഴയിലുമുണ്ട് ഇന്നൊരു കാട്. 83 കാരിയായ ദേവകിയമ്മ നട്ടു വളര്‍ത്തിയ മുതുകുളം കൊല്ലകല്‍ തറവാട്ടിലെ നാലരയേക്കര്‍ വിസ്തൃതിയുള്ള ഈ കാട് അറിയപ്പെടുന്നത്  തപോവനമെന്നാണ്.

വരുംതലമുറയെ വരള്‍ച്ചയുള്‍പ്പെടെയുള്ള ദുരന്തങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ സ്വന്തമായി വനം ഒരുക്കി ഈ മുത്തശ്ശി നാടിന്റെ കാവലാളാകുകയാണ്. 800 ല്‍ പരം ഇനങ്ങളില്‍പ്പെട്ട വൃക്ഷങ്ങളാണ്  ദേവകിയമ്മയുടെ വനത്തിലുള്ളത്. അപൂര്‍വ്വങ്ങളായ പല വൃക്ഷങ്ങളും ദേവകിയമ്മയുടെ തപോവനത്തിലുണ്ട്. 

മുതുകുളത്തെ കൊല്ലകല്‍ തറവാട്ടില്‍ പണ്ട് ഇരുന്നൂറുപറ നിലം ഉണ്ടായിരുന്നു. അന്ന് വൈക്കോല്‍ ഉണക്കാന്‍ ഉപയോഗിച്ചിരുന്ന പറമ്പാണ് ദേവകിയമ്മ വനമാക്കി മാറ്റിയത്. 1980ല്‍ കാര്‍ അപകടത്തെ തുടര്‍ന്ന് വലതുകാലിന്റെ ശേഷി നഷ്ടപ്പെട്ട ദേവകിയമ്മ വീടിനും പരിസരത്തുമായി ഒതുങ്ങിയ അവസരത്തിലാണ് വൃക്ഷത്തെകളും ഔഷധച്ചെടികളും നട്ടുപിടിപ്പിക്കാനും പരിപാലിക്കാനും തുടങ്ങിയത്. 

ദേവകിയമ്മയുടെ ഈ താത്പര്യത്തെ മക്കളും ബന്ധുക്കളും പ്രോത്സാഹിപ്പിക്കുകയും ചെയ്തപ്പോള്‍ പുരയിടം വനമായി മാറി. ഹിമാലയത്തില്‍ മാത്രം കണ്ടുവരുന്ന ചെമ്പകം, അപൂര്‍വ്വയിനം വള്ളികള്‍, പലതരം പാലകള്‍, അങ്കോലം, കൂവളം, കടമ്പ്, രുദ്രാക്ഷം, നാല്‍പ്പാമരങ്ങള്‍, നക്ഷത്രവൃക്ഷങ്ങള്‍, ശിംശിപാ വൃക്ഷം, ഭദ്രാക്ഷം, മെഴുകുതിരി മരം, ഓട്ടോഗ്രാഫ് മരം, വെള്ളപ്പൈന്‍ എന്നിങ്ങനെയുള്ള പുരാണകഥകളിലെ വൃക്ഷങ്ങളും വിദേശരാജ്യങ്ങളില്‍ മാത്രം കണ്ടുവരുന്ന വൃക്ഷങ്ങളും ഇവിടെയുണ്ട്.

വീട്ടിലേക്കാവശ്യമുള്ള പച്ചക്കറികളും കിഴങ്ങുവര്‍ഗ്ഗങ്ങളും ഈ വന മധ്യത്തില്‍ത്തന്നെയാണ് കൃഷി ചെയ്യുന്നതെന്ന പ്രത്യേകതയുമുണ്ട്.  കായല്‍ത്തീരത്തെ ചൊരി മണലില്‍ വനം തീര്‍ത്തപ്പോള്‍ ദേവകിയമ്മയെത്തേടി നിരവധി പുരസ്‌ക്കാരങ്ങളുമെത്തി. കേന്ദ്ര സര്‍ക്കാരിന്റെ വൃക്ഷമിത്ര, സംസ്ഥാനസര്‍ക്കാരിന്റെ വനമിത്ര, ഹരിതവ്യക്തി അവാര്‍ഡ്, പ്രകൃതിമിത്ര അവാര്‍ഡ്, ഭൂമിമിത്ര അവാര്‍ഡ് എന്നീ പുരസ്‌ക്കാരങ്ങള്‍ മുത്തശ്ശിയ്ക്ക് ലഭിച്ചിട്ടുണ്ട്.
 

PREV
click me!

Recommended Stories

നിയന്ത്രണം വിട്ട സ്വകാര്യ ബസ് ദേശീയപാതയില്‍ നിന്നും തെന്നി മാറി
കോഴിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ കൊലപാതകം;പ്രതിയെ പിടികൂടിയത് ഇങ്ങനെ