ജസ്നയുടെ തിരോധാനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വിട്ട് പോലീസ്

By web deskFirst Published Jul 8, 2018, 11:05 PM IST
Highlights
  • ചിത്രത്തിലുള്ളത് ആരാണെന്ന ചോദ്യമാണ് ഇപ്പോള്‍ പോലീസ് നേരിടുന്നത്.

പത്തനംതിട്ട: മുണ്ടക്കയത്ത് നിന്നും ലഭിച്ച സിസിടിവി ചിത്രത്തിലുള്ള പെണ്‍കുട്ടി ജസ്നയാണോയെന്ന സംശയത്തില്‍ ചിത്രങ്ങള്‍ പൊതുജനങ്ങളിലേക്കെത്തിച്ച് പോലീസ്. ചിത്രത്തില്‍ കാണുന്ന പെണ്‍കുട്ടി ജസ്നയാണെന്ന സംശയം ബലപ്പെട്ടതിനെ തുടർന്നാണ് ചിത്രം പുറത്തുവിടാന്‍ പോലീസ് തയ്യാറായത്. 

ജീന്‍സ് പാന്‍റിട്ട് തലമറച്ച് ഷാള്‍ ധരിച്ച് ബാഗുമായി നടന്നു പോകുന്ന പെണ്‍കുട്ടി ജസ്നയാണെന്ന് പലരും ഉറപ്പിച്ച് പറഞ്ഞെങ്കിലും ജസ്നയുടെ മാതാപിതാക്കളും ബന്ധുക്കളും ഇത് നിഷേധിച്ചു. എന്നാല്‍ ചിത്രത്തിലുള്ളത് അലീഷയെന്ന വെള്ളനാട് സ്വദേശിയായ  പെണ്‍കുട്ടിയാണെന്ന സൂചനയുണ്ടായതിനെ തുടർന്ന് അലീഷയെ കണ്ടെത്തിയ പോലീസ് ചിത്രത്തിലുള്ളത് അലീഷയല്ലെന്ന് സ്ഥിരീകരിച്ചു. 

എന്നാല്‍ ചിത്രത്തിലുള്ള പെണ്‍കുട്ടിയെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ചിത്രത്തിലുള്ളത് ആരാണെന്ന ചോദ്യമാണ് ഇപ്പോള്‍ പോലീസ് നേരിടുന്നത്. ഇത് ജസ്നയാണെന്ന് ഉറപ്പായാല്‍ കാര്യങ്ങള്‍ എളുപ്പമാകുമെന്ന കണക്കുകൂട്ടലിലാണ് പോലീസ്. 

മാർച്ച് 22 നാണ് ജസ്നയെ കാണാതാകുന്നത്. അച്ഛന്‍റെ സഹോദരിയുടെ വീട്ടില്‍ പോകുന്നെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ ജസ്നയെ പിന്നീട്  ആരും കണ്ടിട്ടില്ല. എരുമേലിവരെ ജസ്നയെ കണ്ടവരുണ്ട്. കാഞ്ഞിരപ്പള്ളി കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായ ജസ്നയെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചിരുന്നില്ല. പല അന്വേഷണങ്ങളും ഉത്തരമില്ലാതായതോടെ തിരുവല്ല ഡിവൈഎസ്പിക്ക് അന്വേഷണ ചുമതല കൈമാറി. 

പിന്നീട് എഡിജിപി സന്ധ്യയ്ക്ക് അന്വേഷണ ചുമതല നല്‍കാന്‍ തീരുമാനിച്ചു. എന്നാല്‍ ജസ്നയെകുറിച്ച് ഒരു വിവരവും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. തുടർന്ന് അന്വേഷണ ചുമതല മനോജ് എബ്രഹാമിനെ ഏല്‍പ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവി ടി.നാരായണനാണ് ഇപ്പോള്‍ അന്വേഷണത്തിന്‍റെ താല്ക്കാലിക മേല്‍നോട്ടം. തിരുവല്ല ഡിവൈഎസ്പി അന്വേഷണ ഉദ്യോഗസ്ഥനായി തുടരുന്നു. 

click me!