
കണ്ണൂര്‍ : കൊല്ലത്ത് സൈനീകന്‍റെ വീട് ആക്രമിച്ച കേസില്‍ മുഖ്യ പ്രതിയടക്കം അഞ്ച് പേരെ കണ്ണൂരില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കരയില്‍ വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കത്തിനെ തുടര്‍ന്നാണ് സൈനികന്‍റെ വീട് ആക്രമിക്കപ്പെട്ടത്. അറസ്റ്റിലായ അഞ്ച് പേരും എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് പോലീസ് പറഞ്ഞു.
പുത്തൂര്‍ തെക്കുമ്പുറം തേമ്പ്ര സതീഷ് നിലയത്തില്‍ വിഷ്ണുവിന്‍റെ വീടാണ് അക്രമിച്ചത്. വീട്ടില്‍ അതിക്രമിച്ച് കയറിയ എസ്ഡിപിഐ - പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വിഷ്ണുവിന്‍റെ അമ്മയെ മര്‍ദ്ദിക്കുകയും പൂജാമുറിയില്‍ കയറി ദൈവങ്ങളുടെ ചിത്രങ്ങള്‍ നശിപ്പിക്കുകയും ചെയ്തു എന്നായിരുന്നു കേസ്. പ്രതികള്‍ കണ്ണൂര്‍ ജില്ലയിലെ പറശ്ശിനിക്കടവില്‍ ഒളിവിലായിരുന്നു. അജിവാന്‍, നിസാം, അമീന്‍, റിന്‍ഷാദ്, ഷാനവാസ് എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ ഷാനവാസാണ് മുഖ്യസൂത്രധാരനെന്ന് പോലീസ് പറഞ്ഞു.
പശുക്കളെ കയറ്റിവരികയായിരുന്ന വണ്ടിക്ക്, കൊട്ടാരക്കര ഭാഗത്ത് നിന്നും വരികയായിരുന്ന വിഷ്ണു സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞായിരുന്നു ആദ്യം തര്‍ക്കമാരംഭിച്ചത്. എന്നാല്‍ പിന്നീട് ഇത് ഗോരക്ഷാ ആക്രമമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതികള്‍ ബോധപൂര്‍വ്വം ശ്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.