വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ഉടമയും കൂട്ടാളികളും പിടിയിൽ

By Web DeskFirst Published Jul 9, 2018, 9:28 PM IST
Highlights
  • വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് വന്‍തുക തട്ടിയ ട്രാവല്‍സ് ഉടമയെയും കൂട്ടാളികളികളെയും പൊലീസ് അറസ്റ്റ് ചെയ്തു. 

കോഴിക്കോട്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് വന്‍തുക തട്ടിയ ട്രാവല്‍സ് ഉടമയെയും കൂട്ടാളികളികളെയും പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ചിന്താവളപ്പില്‍ റിസാ ട്രാവല്‍സ് ഉടമയാണ് പിടിയിലായത്. പലരില്‍ നിന്നായി ഇയാള്‍ 50  ലക്ഷത്തോളം രൂപ ഈടാക്കിയതായാണ് പൊലീസിന്‍റെ നിഗമനം.  ഉടമ തേഞ്ഞിപ്പലം സ്വദേശി യാസിദ്, ജീവനക്കാരായ ഐശ്വര്യ കണ്ണൂര്‍, മുഹമ്മദ് നിസാര്‍ മഞ്ചേരി എന്നിവരാണ് കസബ പ‌ൊലീസ് പിടികൂടിയത്. ഇവരെ കോടതി റിമാൻഡ് ചെയ്തു.

വിദേശ രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്ത് ഇവർ 30000 മുതല്‍ ഒന്നര ലക്ഷം രൂപ വരെ ഈടാക്കിയിരുന്നെന്ന് പൊലീസ്. പിന്നീട് സ്ഥാപനം പൂട്ടി ഇവര്‍ മുങ്ങി. അന്നശേരി സ്വദേശി  ബിബിന്‍ മോഹന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഉടമയെ പൊലീസ് പിടിക്കൂടിയത്. ഇയാള്‍ക്ക് 30000 രൂപയാണ് നഷ്ടമായത്.  ഇന്നലെ മറ്റു രണ്ട് പേരും പരാതി നല്‍കാനെത്തി. മലപ്പുറം ഹാജിയാര്‍ പള്ളി സ്വദേശി ഫിറോസ്,മഞ്ചേരി സ്വദേശി മുഹമ്മദ് ഫാസില്‍ എന്നിവരാണ് പരാതിയുമായി എത്തിയത്. 30 ലേറെ പേര്‍ വഞ്ചിക്കപ്പെട്ടതായാണ് കരുതുന്നത്.

യുഎഇ അടക്കമുള്ള രാജ്യങ്ങളിലേക്ക് ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ തുടങ്ങിയ ജോലികളിലേക്കാണ് പണം വാങ്ങിയത്. പലരില്‍ നിന്നും വ്യത്യസ്ത തുകകളാണ് ഈടാക്കിയത്. ചിലര്‍ക്ക് വിസ കോപ്പി പോലും നല്‍കി. എന്നാല്‍ ഇത് വ്യാജമായിരുന്നു എന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് സ്ഥാപനം തുടങ്ങിയത്. ഏപ്രിലില്‍ പൂട്ടുകയും ചെയ്തു. മൂന്ന് മാസത്തിനകം പണം നല്‍കാമെന്ന് പറഞ്ഞ് ഉടമ മുങ്ങുകയായിരുന്നു. റിക്രട്ടിംഗിന് മാത്രമല്ല ട്രാവല്‍സിനുള്ള ലൈസന്‍സ് പോലുമില്ലാതെയാണ് സ്ഥാപനം നടത്തിയരുന്നത്.

നേരത്തെ ജോബ് സര്‍ക്കിള്‍ എന്ന പേരില്‍ കോഴിക്കോട്ട് ഇയാള്‍ സ്ഥാപനം നടത്തിയരുന്നതായും സംശയമുണ്ട്. കൂടുതല്‍ പേര്‍ ഇനിയും ഇവർക്കെതിരെ പരാതിയുമായി വരുമെന്നാണ് പൊലീസ് കരുതുന്നത്. 

click me!