
എറണാകുളം: സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ ഫീസിന് പുറമെ വിദ്യാർത്ഥികൾ അടക്കേണ്ട സ്പെഷ്യൽ ഫീസ് ഈ ആഴ്ച തന്നെ നിശ്ചയിക്കുമെന്ന് ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മീഷൻ. അതുവരെ ഒരു ഫീസും അധികം കൊടുക്കേണ്ടെന്ന് രക്ഷിതാക്കളുടെ സംഘടന തീരുമാനിച്ചു. സ്വാശ്രയ മെഡിക്കൽ കോളജുകളിൽ ഫീസിന് പുറമേ മറ്റ് പല രീതിയിൽ വൻ തുക വാങ്ങുന്നുവെന്ന വാർത്ത ഏഷ്യാനെറ്റ് ന്യൂസ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
ട്യൂഷൻ ഫീസ്, ലാബ് ഫീസ്, ഹോസ്റ്റൽ ഫീസ് എന്നിങ്ങനെ പല കോളജുകളും പല രീതിയിൽ തോന്നിയ പോലെയാണ് ഫീസ് വാങ്ങിയിരുന്നത്. പാവപ്പെട്ട വിദ്യാർത്ഥികൾക്കടക്കം ഇത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്. രണ്ടാം ഘട്ട അലോട്ട്മെന്‍റിന് ശേഷം ഓരോ കോളജിലും ഫീസിന് പുറമേ കൊടുക്കേണ്ട മറ്റ് തുകകൾ എന്തൊക്കെയാണെന്ന് കൃത്യമായി രാജേന്ദ്ര ബാബു കമ്മീഷൻ ഈ ആഴ്ച നിശ്ചയിക്കും. അതു വരെ കോളജുകൾ ചോദിച്ചാലും ഒരു ഫീസും അധികം കൊടുക്കേണ്ടെന്നാണ് രക്ഷിതാക്കളുടെ സംഘടനാ തീരുമാനം.
കഴിഞ്ഞ വർഷം വിവിധ സ്വകാര്യ മെഡിക്കൽ കോളജുകൾ വാങ്ങിയ സ്പെഷ്യൽ ഫീസ് തിരികെ കിട്ടണം എന്ന് കാണിച്ച് വിദ്യാർത്ഥികൾ ഫീ റെഗുലേറ്ററി കമ്മീഷന് പരാതി കൊടുത്തിരുന്നു. അമിത ഫീസ് വാങ്ങിയെന്നാരോപിച്ച് ഈ വർഷവും കുട്ടികൾ കമ്മീഷന് പരാതി കൊടുത്തു. ഈ രണ്ട് പരാതികളിലും ഉടൻ തന്നെ തീരുമാനമുണ്ടാകുമെന്നും കമ്മീഷൻ പറഞ്ഞു.