
കാസര്‍ഗോഡ്: പൊങ്കാല എന്നു കേട്ടാല്‍ ഏതൊരാളുടെയും മനസ്സില്‍ വിരിയുന്നത് ആറ്റുകാല്‍ പൊങ്കാലയായിരിക്കും. എന്നാല്‍ ഇത് കാസര്‍കോടിന് കിഴക്ക് അറുപത് കിലോമീറ്റര്‍ അകലെയുള്ള വെള്ളരികുണ്ടിനടുത്തെ അടുക്കളകുന്ന്. അയ്യായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് പെരുങ്കളിയാട്ടം നടന്നപ്പോള്‍ അടുക്കള കെട്ടി അന്നം വിളമ്പിയ കുന്ന്. കൊടും കാട്ടിലെ കുന്നിന്‍ മുകളില്‍ നടന്ന പെരുങ്കളിയാട്ടത്തിലെ അടുക്കള കുന്ന് ഇന്ന് ഉത്തര കേരളത്തിലെ പ്രധാന ദേവീ ക്ഷേത്രങ്ങളില്‍ ഒന്നായി മാറി.
കാവേരിയില്‍ നിന്നും ഉല്‍ഭവിക്കുന്ന ചൈത്ര വാഹിനിപുഴ ഒഴുകുന്ന തീരത്താണ് അടുക്കള കുന്ന് ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തലമുറകള്‍ നീണ്ട ആചാരങ്ങള്‍ക്ക് ഒരു കുറവും വരുത്താതെ ഇവിടെ ഇന്നും പ്രതിഷ്ഠയ്ക്ക് മുന്നില്‍ അടുപ്പൊരുക്കും. ശ്രീകോവിലില്‍ നിന്നും പകരുന്ന ദീപം മന്ത്രങ്ങള്‍ക്കൊടുവില്‍ അടുപ്പില്‍ പകരും. ദേവിക്ക് ഈ അടുപ്പില്‍ നിന്നും നിവേദ്യം തയ്യാറാക്കുന്ന ചടങ്ങ് പൊങ്കാലയായി മാറി. കുംഭമാസത്തിലെ പൊങ്കാല ഇവിടെ പ്രസിദ്ധമായി. ജില്ലക്കകത്തും പുറത്തുനിന്നുമായി നൂറുകണക്കിന് സ്ത്രീകളാണ് അടുക്കള കുന്ന് ക്ഷേത്രത്തില്‍ അടുപ്പൊരുക്കി ദേവിക്ക് മുന്നില്‍ നിവേദ്യം വിളമ്പാനെത്തിയത്.
ക്ഷേത്ര മുറ്റം നിറയെ അഞ്ഞൂറ്റൊന്ന് അടുപ്പുകളാണ് വ്രതശുദ്ധിയിലെത്തിയ സ്ത്രീകള്‍ ഒരുക്കിയത്. വ്രതമെടുത്തു ദേവീസന്നിധിയില്‍ പൊങ്കാല ഇട്ടാല്‍ മനശാന്തി ലഭിക്കുകയും ആഗ്രഹങ്ങള്‍ സാധിക്കുകയും ചെയ്യുമെന്ന വിശാസത്തിലാണ് സ്ത്രീ ജനങ്ങള്‍ പൊങ്കാല അര്‍പ്പിക്കുന്നത്. പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയുടെ അതേ മാതൃകയിലാണ് അടുക്കളകുന്ന് ക്ഷേത്രത്തില്‍ പൊങ്കാല നടന്നത്. കക്കാട്ടില്ലത്തു നാരായണ പട്ടേരി ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു.