നിപ്പ: ആളൊഴിഞ്ഞ ആതുരാലയമായി കോഴിക്കോട് മെഡിക്കൽ കോളേജ്

Web Desk |  
Published : May 27, 2018, 09:47 PM ISTUpdated : Jun 29, 2018, 04:10 PM IST
നിപ്പ: ആളൊഴിഞ്ഞ ആതുരാലയമായി കോഴിക്കോട്  മെഡിക്കൽ കോളേജ്

Synopsis

മെഡിക്കൽ കോളേജിൽ എത്തുന്നവരും രോഗികളും കൂട്ടിരിപ്പുകാരും സദാസമയവും മാസ്ക് ധരിച്ചാണ് ഉള്ളത്

കോഴിക്കോട്: നിപ്പ വൈറസ് പനി ബാധിതരുടെ പ്രവേശനവും അതുവഴി നേരത്തെരോഗ ബാധയേറ്റവരെ ചികിത്സിച്ച നഴ്സിന്‍റെ മരണവും ജനങ്ങളിൽ ഉണ്ടാക്കിയ ആശങ്കയും പരിഭ്രാന്തിയും തെല്ലൊന്നുമല്ല. ഇതോടെ നിന്നു തിരിയാൻ ഇടമില്ലാത്ത വിധം ആൾ തിരക്കു കൊണ്ട് രോഗികളും അവരെ സഹായിക്കാനെത്തുന്നവരും നിറഞ്ഞു കാണാറുള്ള കോഴിക്കോട് മെഡിക്കൽ കോളേജ്  ആശുപത്രിയിലെ ഒപി ബ്ലോക്കിൽ ആരുമില്ലാത്ത അവസ്ഥയാണ്. 

അത്യാഹിത വിഭാഗത്തിലാകട്ടെ അത്യാസന്ന നിലയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികൾ മാത്രമാണുള്ളത്. സാധാരണയായി വൈകുന്നേരങ്ങളിൽ രോഗികളെയുമായെത്തുന്നവരെയും സന്ദർശകരെയും നിയന്ത്രിക്കാൻ പാടുപെടുന്ന സുരക്ഷാ ജീവനക്കാർ ആശുപത്രി കവാടത്തിൽ ഇരിപ്പിടമിട്ട്  ഇരിക്കുന്ന അവസ്ഥയാണ് നിലവില്‍ ഉള്ളത്. അത്യാഹിത വിഭാഗത്തിലാകട്ടെ രോഗികളെ പരിശോധിക്കുന്ന ഡോക്റ്റർമാർ പ്ലാസ്റ്റിക് നിർമ്മിതമായ ഗൗൺ ധരിച്ചാണ് പരിശോധന നടത്തുന്നത്. വാർഡുകളിൽ മിക്കതിലും രോഗികൾ ഡിസ്ചാർജ് ചെയ്ത് പോയ സ്ഥിതിവിശേഷമാണ്. 

മെഡിക്കൽ കോളേജിൽ എത്തുന്നവരും രോഗികളും കൂട്ടിരിപ്പുകാരും സദാസമയവും മാസ്ക് ധരിച്ചാണ് ഉള്ളത് എന്നതിനാൽ മെഡിക്കൽ കോളേജ്  പരിസരത്തെ എല്ലാ മെഡിക്കൽ ഷോപ്പുകളിലും മാസ്ക് വിൽപ്പന തകൃതിയാണ്. അഞ്ച് രൂപയാണ് ഒരു മാസ്കിന് വില ഈടാക്കുന്നത്.   ഉപയോഗം കഴിഞ്ഞ മാസ്ക് വേയ്സ്റ്റ് ബക്കറ്റിലിടാതെ പലരും വലിച്ചെറിഞ്ഞതിനാൽ ക്യാംപസിലെ മിക്ക സ്ഥലത്തും മാസ്ക് ചിതറിക്കിടക്കുകയാണ്.

PREV
click me!

Recommended Stories

നിയന്ത്രണം വിട്ട സ്വകാര്യ ബസ് ദേശീയപാതയില്‍ നിന്നും തെന്നി മാറി
കോഴിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ കൊലപാതകം;പ്രതിയെ പിടികൂടിയത് ഇങ്ങനെ