പട്ടികവര്‍ഗ ആണ്‍കുട്ടികള്‍ക്കുള്ള ഹോസ്റ്റല്‍ പെണ്‍കുട്ടികള്‍ക്ക്; പ്രതിഷേധവുമായി രക്ഷിതാക്കള്‍

By Web DeskFirst Published Apr 27, 2018, 12:31 PM IST
Highlights
  • സിനിമ ശാലയുടെ ഉടമക്ക് പ്രതിമാസം ലഭിക്കുന്ന വാടക നഷ്ടമാകാതിരിക്കാനും സ്വകാര്യ വിദ്യാലയത്തില്‍ കുട്ടികളെ പഠിപ്പിക്കാനുമാണ് നീക്കമെന്ന് ആരോപണം

പുല്‍പ്പള്ളി : വയനാട്ടിലെ പുല്‍പ്പള്ളി പെരിക്കല്ലൂരില്‍ പട്ടികവര്‍ഗ ആണ്‍കുട്ടികള്‍ക്ക് പുതുതായി നിര്‍മിച്ച ഹോസ്റ്റല്‍ കെട്ടിടം ഈ വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്ക് നല്‍കാന്‍ നീക്കം നടക്കുന്നതായി രക്ഷിതാക്കളുടെ ആരോപണം. മുള്ളന്‍കൊല്ലിയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച പഴയ സിനിമ ശാലയായിരുന്നു ആണ്‍കുട്ടികള്‍ ഇതുവരെ ഹോസ്റ്റലായി ഉപയോഗിച്ചിരുന്നത്. ഇവിടെ പരിമിതമായ സൗകര്യങ്ങളില്‍ നാലു മുതല്‍ പത്താം ക്ലാസ് വരെ പഠിക്കുന്ന 100ലധികം വിദ്യാര്‍ഥികളാണ് കഴിഞ്ഞിരുന്നത്. ഇവര്‍ക്കായി നിര്‍മിച്ച പുതിയ ഹോസ്റ്റല്‍ കെട്ടിടമാണ് പെണ്‍കുട്ടികള്‍ക്ക് നല്‍കാന്‍ ചില നിക്ഷിപ്ത താത്പര്യക്കാര്‍ ശ്രമിക്കുന്നതെന്നാണ് രക്ഷിതാക്കളുടെ ആരോപണം. 

സംഭവത്തില്‍ ജില്ല കലക്ടര്‍ക്കും മുഖ്യമന്ത്രിക്കും ട്രൈബല്‍ വകുപ്പിനും പരാതി നല്‍കാനും തീരുമാനിച്ചിട്ടുണ്ടെന്ന് രക്ഷിതാക്കള്‍ വിശദമാക്കി. പുല്‍പള്ളി മേഖലയിലെ പട്ടികവര്‍ഗ ആണ്‍കുട്ടികള്‍ക്കായി ഹോസ്റ്റല്‍ നിര്‍മിക്കുന്നതിന് 2006ല്‍ ആണ് പെരിക്കല്ലൂരില്‍ സര്‍ക്കാര്‍ അര ഏക്കര്‍ഭൂമി സ്വകാര്യ വ്യക്തിയില്‍ നിന്ന് വാങ്ങിയത്. എന്നാല്‍ അന്നുമുതല്‍ തന്നെ ചില നിക്ഷിപ്ത താത്പര്യക്കാര്‍ പെരിക്കല്ലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപം ഈ ഹോസ്റ്റല്‍ വരാതിരിക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇതേതുടര്‍ന്ന് സാമൂഹ്യ പ്രവര്‍ത്തകരായ ചിലര്‍ നടത്തിയ ഇടപെടലുകളെ തുടര്‍ന്നാണ് 2014 ഡിസംബര്‍ 21ന് അന്നത്തെ മന്ത്രി പി.കെ. ജയലക്ഷ്മി കെട്ടിട നിര്‍മാണത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. 

ഇതിന് ശേഷവും ഹോസ്റ്റല്‍ കെട്ടിടനിര്‍മാണം വൈകിപ്പിക്കാനുള്ള ശ്രമം ഉണ്ടായിരുന്നുവെന്നും ആരോപണമുണ്ട്. കാല്‍ നൂറ്റാണ്ടായി ആണ്‍കുട്ടികള്‍ മുള്ളന്‍കൊല്ലിയിലെ പഴയ സിനിമ ശാല ഹോസ്റ്റലാക്കി കഴിയുകയായിരുന്നു. 20000 രൂപ വാടക നല്‍കിയിട്ടും ഇവിടെ അസൗകര്യങ്ങളേറെയായിരുന്നു. ആവശ്യത്തിന് ബസ് സര്‍വീസ് പോലും ഇല്ലാത്ത ചേകാടി, പാളക്കൊല്ലി തുടങ്ങി ഉള്‍ഗ്രാമങ്ങളില്‍നിന്നുള്ള നിരവധി വിദ്യാര്‍ഥികളാണ് ഇവിടെ താമസിച്ച് പഠിക്കുന്നത്. ഈ ദുരിതത്തില്‍ നിന്ന് മുക്തമായെന്ന് ആശ്വസിക്കുമ്പോഴാണ് പെണ്‍കുട്ടികളെ പുതിയ ഹോസ്റ്റലില്‍ താമസിപ്പിക്കുന്നതിന് നീക്കം നടക്കുന്നത്. 

3.72 കോടി രൂപ മുടക്കി 80ലധികം കുട്ടികള്‍ക്ക് താമസിക്കാന്‍ കഴിയുന്ന കെടിട്ടമാണ് പെരിക്കല്ലൂരില്‍ പുതിയതായി നിര്‍മിച്ചിരിക്കുന്നത്. പുല്‍പള്ളി വേലിയമ്പത്ത് പട്ടികവര്‍ഗ വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്കായി ഹോസ്റ്റലുണ്ട്. ഇനി ഇവര്‍ക്ക് മറ്റൊരു ഹോസ്റ്റല്‍ വേണമെന്നുണ്ടെങ്കില്‍ ട്രൈബല്‍ വകുപ്പിന്റെ ഉടമസ്ഥതയില്‍ പെരിക്കല്ലൂരിലും മുള്ളന്‍കൊല്ലിയില്‍ കാപ്പി സെറ്റ് ഗവ. ഹൈസ്‌കൂളിന് സമീപം സ്ഥലവുമുണ്ട്. ഇവിടെ അവര്‍ക്കായി മറ്റൊരു കെട്ടിടം നിര്‍മിക്കാമെന്നിരിക്കെ, അധികൃതരുടെ നിരുത്തരവാദപരമായ സമീപനമെന്നാണ് ആരോപണം. സിനിമ ശാലയുടെ ഉടമക്ക് പ്രതിമാസം കിട്ടുന്ന 20000രൂപ വാടക ഇല്ലാതാകുന്നത് തടയുക, സമീപത്തുള്ള സ്വകാര്യ വിദ്യാലയത്തില്‍ ഈ കുട്ടികളെ പഠിപ്പിക്കുക എന്നീ ലക്ഷ്യങ്ങളാണ് നീക്കത്തിന് പിന്നിലെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു. വന്‍കിടക്കാരുടെ കച്ചവടതാത്പര്യങ്ങള്‍ക്ക് കാടിന്റെ മക്കളെ ബലിയാടാക്കുകയാണെന്നും തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരം നടത്തുമെന്നും രക്ഷിതാക്കള്‍ പറഞ്ഞു. 

click me!