ലിഗയുടെ മരണം; പൂനം തുരത്തില്‍ പൊലീസിന് ലഭിച്ചത് വള്ളികള്‍ ചേര്‍ത്തുണ്ടാക്കിയ കുരുക്ക്

By Web DeskFirst Published Apr 26, 2018, 3:51 PM IST
Highlights
  • തെരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്

തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് മൃതദേഹം കണ്ടെത്തിയ പൂനം തുരുത്തിൽ പൊലീസിന്റെ ഊർജിത തിരച്ചിൽ. തിരച്ചിലിനിടയിൽ വള്ളികൾ ചേർത്ത് കെട്ടി ഉണ്ടാക്കിയ കുരുക്ക് പൊലീസിന് ലഭിച്ചു. സംഭവത്തിൽ അന്വേഷണത്തിന്റെ ഭാഗമായി ഏഴുപേർ പൊലീസ് കസ്റ്റഡിയിൽ ഉള്ളതായി വിവരം. രണ്ടു ദിവസം മുമ്പ് പൂനം പ്രദേശത്തു നിന്ന് കാണാതായ മധ്യവയസ്‌കനു വേണ്ടിയും പൊലീസ് അന്വേഷണം ആരംഭിച്ചു. 

ലിഗയുടെ മൃതദേഹം ലഭിച്ച പൂനം തുരുത്തിൽ ഫോർട്ട് എ സി ദിനിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഊർജിത തിരച്ചിൽ ആരംഭിച്ചു. അന്യസംസ്ഥാന തൊഴിലാളികളുടെ സഹായത്തോടെ പൂനം തുരുത്തിലെ കാട് വെട്ടിതെളിച്ചാണ് മരണവുമായി ബന്ധപ്പെട്ട് തിരച്ചിൽ നടത്തുന്നത്. ഇതിനിടയിലാണ് വള്ളികൾ ചേർത്ത് കെട്ടിയ കുരുക്ക് പൊലീസിന് ലഭിച്ചത്. ശ്വാസം മുട്ടിയതാണ് മരണ കാരണം എന്ന ഫോറൻസിക് വിദഗ്ധരുടെ റിപ്പോർട്ടിനെ തുടർന്ന് തൂങ്ങി മരണത്തിന്റെ സാധ്യതകൾക്കായുള്ള പരിശോധനകളും പൊലീസ് സംഘം സ്ഥലത്തു നടത്തി.  

ലിഗയുടെ ആന്തരികാവയവങ്ങളുടെ രാസ പരിശോധന ഫലം കൂടി വന്നാൽ മാത്രമേ പൊലീസിന് മരണത്തിൽ കൂടുതൽ ദുരൂഹതകൾ മാറ്റാൻ സാധിക്കു. സംഭവത്തിൽ ഏഴു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രണ്ടു ദിവസം മുൻപ് പ്രദേശത്തു നിന്നും ഒരു മധ്യവയസ്‌കനെ കാണാതായിട്ടുണ്ട്. ഇതിനെക്കുറിച്ചും പൊലീസ്  അന്വേഷണം നടത്തുന്നുണ്ട്. പ്രദേശവാസികളിൽ നിന്നുമെല്ലാം പൊലീസ് വിവരങ്ങൾ ശേഖരിച്ച് വരികയാണ്. പൂനംതിരുത്തിന് എതിർവശത്തെ കടയിൽ ലിഗ എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അവിടെയും പൊലീസ് എത്തി വിവരങ്ങൾ ശേഖരിച്ചു.വ്യാഴാഴ്ചയും പൂനംതുരുത്തിൽ പൊലീസ് തിരച്ചിൽ തുടരും.

click me!