
ഇടുക്കി:നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി സംബന്ധിച്ച് യാതൊരുകുറവും വരുത്താന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.55-ാംമത് എന്‍ജിഒ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം അടിമാലിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും അധികാര കേന്ദ്രങ്ങളില്‍ നിന്നും പ്രത്യേക ഇടപെടല്‍ ക്ഷണിച്ചുവരുത്തുന്ന യാതൊന്നും നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ കാര്യത്തില്‍ ഉണ്ടാവില്ല. കുടിയേറ്റ കര്‍ഷകര്‍ ഏത് ഗണത്തില്‍പ്പെട്ടവരായാലും ഈ സര്‍ക്കാര്‍ സംരക്ഷിക്കും. കൈയ്യേറ്റക്കാരോട് യാതൊരുവിധത്തിലുള്ള ദയാദാക്ഷണ്യവും ഈ സര്‍ക്കാരിന് ഇല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരള എന്‍ജിഒ യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് ഇ പ്രേംകുമാര്‍ അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി,ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രാവിലെ ഒന്‍പത് മണിക്ക് നടന്ന പതാക ഉയര്‍ത്തലിന് ശേഷം സംസ്ഥാന കൗണ്‍സിലിന്റെ പോയവര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും സംസ്ഥാന കൗണ്‍സിലിലേക്കുള്ള പുതിയ തിരഞ്ഞെടുപ്പും നടന്നു.
പതിനാല് വര്‍ഷത്തെ ഇടവേളക്കുശേഷമാണ് എന്‍ജിഒ സംസ്ഥാന സമ്മേളനത്തിന് ഹൈറേഞ്ച് സാക്ഷ്യം വഹിക്കുന്നത്.1978ല്‍ തൊടുപുഴയിലും 2004ല്‍ കട്ടപ്പനയിലുമായിരുന്നു ഒടുവില്‍ ജില്ലയില്‍ എന്‍ജിഒ സംസ്ഥാന സമ്മേളനങ്ങള്‍ നടന്നത്.235 വനിതകള്‍ ഉള്‍പ്പെടെ 863 പ്രതിനിധികള്‍ ഇത്തവണത്തെ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.മൂന്നു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ വൈദ്യുതിവകുപ്പ് മന്ത്രി എംഎം മണി,ധനകാര്യവകുപ്പ് മന്ത്രി ടി എം തോമസ് ഐസക്ക്, സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരിം, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ ജയചന്ദ്രന്‍,എം പി ജോയ്‌സ് ജോര്‍ജ്ജ്,എസ് രാജേന്ദ്രന്‍ എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും.