
കോഴിക്കോട്: എസ്എഫ്ഐ നേതാവിനെ വെട്ടിയതിന് പിന്നാലെ കോഴിക്കോട് സിപിഎം നേതാക്കളുടെ വീടിന് നേരെ ബോംബാക്രമണം. അരിക്കുളം കാരയാട് എക്കാട്ടൂരില്‍ സിപിഎം നേതാക്കളുടെ വിടിന് നേരെയാണ് ആക്രമണം നടന്നത്. സിപിഎം ഏരിയാ കമ്മിറ്റി അംഗവും പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണുമായ പൂളയുള്ള പറമ്പില്‍ രമണി, സിപിഎം പ്രവര്‍ത്തകനായ പൈക്കാട്ടിരി ശ്രീജിത്ത് എന്നിവരുടെ വിടുകളിലേക്കാണ് അക്രമികള്‍ ബോംബ് എറിഞ്ഞത്.
വെള്ളിയാഴ്ച പുലര്‍ച്ചെ നാലേകാലോടെയാണ് സംഭവം. കഴിഞ്ഞ ദിവസം കാരയാട് എസ്എഫ്ഐ നേതാവ് വിഷ്ണുവിനെ വെട്ടി പരിക്കേല്‍പിച്ചിരുന്നു. ഇതിനു അടുത്ത് തന്നെയാണ് ഇപ്പോഴത്തെ അക്രമവും അരങ്ങേറിയത്. ആക്രമണത്തില്‍ രമണിയുടെ വീടിന്‍റെ വാതില്‍ തകര്‍ന്നിട്ടുണ്ട്. ശ്രീജിത്തിന്‍റെ വീടിന്‍റെ ജനല്‍ ഗ്ലാസുകള്‍ പൊട്ടി. മേപ്പയ്യൂര്‍ പൊലിസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിയതിന് അന്വേഷണം ആരംഭിച്ചു.
സ്ഫോഫോടകവസ്തുവായി പെട്രോള്‍ ബോംബാണ് ഉപയോഗിച്ചിരിക്കുന്നതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ് എത്തുന്നത്. വിശദമായ പരിശോധനയ്ക്കായി ഫോറന്‍സിക് വിദഗ്ധര്‍ എത്തും. രമണിയുടെ ഭര്‍ത്താവ് കുഞ്ഞിരാമന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ്.
സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. അക്രമത്തിനു പിന്നില്‍ എസ്ഡിപിഐ ആണെന്ന് സിപിഎം ആരോപിച്ചു. സിപിഎം ഏരിയാ സെക്രട്ടറി ടി.കെ. ചന്ദ്രന്‍, ജില്ലാ കമ്മിറ്റി അംഗം എ.കെ. പത്മനാഭന്‍, സി. അശ്വിനി ദേവ്, കെ.കെ. ദിനേശന്‍ തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.