
ആലപ്പുഴ: ടൂറിസ്റ്റ് ബസ്സിൽ നിന്ന് സൗണ്ട് സിസ്റ്റം മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ മൂന്നു യുവാക്കളെ നാട്ടുകാരുടെ സഹായത്തോടെ നൂറനാട് പൊലീസ് പിടികൂടി. നൂറനാട് എരുമക്കുഴി ആലൂത്തറവടക്കതിൽ ശരത് (22), പള്ളിക്കൽ മേലൂട് അനീഷ് ഭവനത്തിൽ അനീഷ് (25), പയ്യനല്ലൂർ പുതുശ്ശേരിയയ്യത്ത് വീട്ടിൽ അനന്തു(21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം പുലർച്ചെ കാറിലും പെട്ടിഓട്ടോയിലുമായി എത്തിയ മോഷ്ടാക്കൾ നൂറനാട് ജംഗ്ഷനിൽ ഗ്യാരേജിൽ കിടന്ന ടൂറിസ്റ്റ് ബസിന്റെ മുകളിലെ എയർഹോൾ വഴിയാണ് അകത്തു കടന്നത്. ശബ്ദം കേട്ട് ബസിൽ ഉണ്ടായിരുന്ന ജീവനക്കാർ രണ്ടു പേരെയും പിടികൂടി. ഇതോടെ പുറത്തുണ്ടായിരുന്ന കൂട്ടാളികൾ വാഹനങ്ങളുമായി രക്ഷപെട്ടു. ഉടൻ തന്നെ സ്ഥലത്തെത്തിയ പൊലീസിന് മോഷ്ടാക്കളെ കൈമാറി.
രക്ഷപെട്ട ഒരാളെ പൊലിസ് പിന്നീട് പിടികൂടുകയായിരുന്നു. ടൂറിസ്റ്റ് ബസുകളിൽ ലക്ഷങ്ങൾ വിലയുള്ള സൗണ്ട് സിസ്റ്റവും, വില കൂടിയ ടി.വിയുമൊക്കെയാണ് സാധാരണ ഉപയോഗിക്കുന്നത്. മൂന്ന് മാസം മുമ്പ് മുതുകാട്ടുകര പെട്രോൾ പമ്പിൽ നിർത്തിയിട്ടിരുന്ന ബസിൽ നിന്നും ഇത്തരം സാധനങ്ങൾ മോഷണം പോയിരുന്നു.