
എന്റെ മകൾ ഭക്ഷണം കഴിക്കുന്നില്ല, എന്ത് ചെയ്യും... ഇങ്ങനെ പറയുന്ന അമ്മമാരാണ് ഇന്ന് അധികവും. രക്ഷിതാക്കളെ അലട്ടുന്ന പ്രധാനപ്രശ്നങ്ങളിലൊന്നാണ് കുഞ്ഞുങ്ങളുടെ ഭക്ഷണക്കാര്യം. പല കുട്ടികളും ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ പുറകിലാണ്. പല കുട്ടികളെയും ഭക്ഷണം കഴിപ്പിക്കുക എന്നത് മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം വലിയൊരു വെല്ലുവിളിയാണ്.
കുട്ടികൾ വളരുന്ന പ്രായത്തില്‍ പോഷകഗുണങ്ങളുള്ള ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. ശരിയായ രീതിയിൽ ഭക്ഷണം നൽകിയില്ലെങ്കിൽ ശാരീരിക വളര്‍ച്ചയും മാനസിക വളര്‍ച്ചയും മുരടിച്ചു പോകും. വളരുന്ന പ്രായത്തില്‍ കുട്ടികള്‍ക്കു ഭക്ഷണം ശരിയായി തന്നെ ലഭിക്കണം. അല്ലെങ്കില്‍ ഇത് ഭാവിയിൽ ദോഷം ചെയ്യും. കുട്ടികള്‍ പൊതുവെ പറയുന്ന പരാതിയാണ് വിശപ്പില്ല എന്നത്. ഇതാകും പലപ്പോഴും കുട്ടി ഭക്ഷണം കഴിക്കാതിരിക്കാനുള്ള പ്രധാനപ്പെട്ട കാരണവും. കുട്ടികളിൽ വിശപ്പ് കൂട്ടാൻ ചില വഴികളുണ്ട്.
1. ഭക്ഷണത്തിന് മുമ്പ് പാൽ കൊടുക്കുന്ന ശീലം പല രക്ഷിതാക്കൾക്കുമുണ്ട്. ഇത് തെറ്റായ ശീലമാണ്. പാല്‍ കുട്ടികളുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമായ ഒന്നു തന്നെയാണ്. എന്നാല്‍ പാൽ കൊടുത്താൽ പിന്നെ വിശപ്പ് ഉണ്ടാകില്ല . ഭക്ഷണം കഴിക്കാന്‍ താല്‍പര്യം കുറയുകയും ചെയ്യും. ഇതുകൊണ്ടുതന്നെ പാല്‍ ആദ്യം കൊടുക്കാതിരിക്കുക, പാൽ പ്രധാന ഭക്ഷണമായി കൊടുക്കാതിരിക്കുക, പാല്‍ അളവില്‍ കൂടുതലും കൊടുക്കരുത്.
2. കുട്ടികൾ നിർബന്ധമായും പ്രാതൽ കഴിച്ചിരിക്കണം. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് പല കുട്ടികളിലും വിശപ്പുണ്ടാകാതിരിക്കാനുള്ള പ്രധാന കാരണമാണ്. ഇത് ശരീരത്തിന്റെ വളര്‍ച്ചയെ ബാധിക്കുകയും ചെയ്യും. കുട്ടികള്‍ കൃത്യമായി പ്രാതല്‍ കഴിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. കുട്ടികൾക്ക് പോഷകസമൃദ്ധമായ പ്രാതല്‍ വേണം നൽകാൻ.
3. കുട്ടികൾക്ക് ജങ്ക് ഫുഡ് നൽകാതിരിക്കുക. കൃത്രിമ മധുരവും മറ്റു ചേരുവകളുമെല്ലാം വിശപ്പു കുറയ്ക്കുന്ന പ്രധാന ഘടകങ്ങളാണ്. ബിസ്‌കറ്റ്, ചോക്ലേറ്റ് പോലെ കുട്ടികള്‍ക്കു പ്രിയങ്കരമായ ഭക്ഷണങ്ങള്‍ വിശപ്പു കെടുത്തുന്നവയാണ്.
4. ഭക്ഷണങ്ങളില്‍ ചില പ്രത്യേക ചേരുവകള്‍ ഉള്‍പ്പെടുത്തിയാൽ വിശപ്പ് വര്‍ദ്ധിപ്പിക്കാൻ സാധിക്കും. കുട്ടികൾക്ക് നൽകുന്ന ആഹാരത്തിൽ കറുവാപ്പട്ട, ഇഞ്ചി, മല്ലി, ഒറിഗാനോ തുടങ്ങിയവ ചേർക്കുന്നത് നല്ലതാണ്.
5. കുടുംബാംഗങ്ങളുമായി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുക. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചാൽ കുട്ടികൾക്ക് കുടുംബാംഗങ്ങളുമായി കൂടുതല്‍ അടുക്കാൻ സാധിക്കും.കുട്ടികൾക്ക് കുത്തി നിറച്ച് ഭക്ഷണം നൽകാതെ കുറച്ചായി വേണം ഭക്ഷണം നൽകാൻ.
6. വിശപ്പ് കൂട്ടാൻ ഏറ്റവും നല്ലതാണ് നാരങ്ങാവെള്ളം. ഇത് നല്ല ദഹനത്തിനു സഹായിക്കും.കുട്ടികൾക്ക് ദിവസവും നാരങ്ങ വെള്ളം നൽകുന്നത് ഗുണം ചെയ്യും.
7. കുട്ടികള്‍ക്ക് വിശപ്പു തോന്നണമെങ്കില്‍, വളരണമെങ്കില്‍ നല്ല വ്യായാമം അത്യാവശ്യമാണ്. കളികളാണ് കുട്ടികള്‍ക്കു പറ്റിയ നല്ല വ്യായാമം. കളിക്കാതെ ചടഞ്ഞു കൂടി ടിവിക്ക് മുന്നില്‍ ഇരിക്കാൻ കുട്ടികളെ അനുവദിക്കരുത്. നല്ല പോലെ ശരീരം വിയര്‍ക്കുമ്പോള്‍ വിശപ്പും വര്‍ദ്ധിക്കും.
8. ആകര്‍ഷകമായ രീതിയില്‍ ഭക്ഷണം അലങ്കരിച്ചു നല്‍കുന്നത് കുട്ടികള്‍ക്കു പൊതുവേ ഭക്ഷണത്തോട് താല്‍പര്യം തോന്നിപ്പിക്കുന്ന ഒന്നാണ്. കുട്ടികള്‍ക്കു കളര്‍ഫുള്ളായി ഭക്ഷണം നല്‍കാം. ഇത് ഭക്ഷണത്തോടുളള കുട്ടികളുടെ താല്‍പര്യം വര്‍ദ്ധിപ്പിക്കും.
9. സിങ്കിന്റെ അഭാവം കുട്ടികളില്‍ വിശപ്പു കുറയ്ക്കാനും പ്രതിരോധ ശേഷി കുറയ്ക്കാനുമെല്ലാം ഇടയാക്കും. സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ കുട്ടികള്‍ക്കു നല്‍കുക. കശുവണ്ടിപ്പരിപ്പ്, മത്തങ്ങാക്കുരു, തണ്ണിമത്തന്‍ എന്നിവ സിങ്ക് സമൃദ്ധമായ ഭക്ഷണങ്ങളാണ്.
10. കുട്ടികൾ കൂടുതൽ കളിക്കുന്നത് കൊണ്ട് രണ്ട് മണിക്കൂർ ഇടവിട്ട് ഭക്ഷണം നൽകണം. ദിവസവും കപ്പലണ്ടി നൽകുന്നത് വിശപ്പ് കൂട്ടാൻ സഹായിക്കും. പ്രോട്ടീൻ ധാരാളം അടങ്ങിയ ഒന്നാണ് കപ്പലണ്ടി. അത് കുട്ടികളുടെ ശരീരത്തിന്റെ വളർച്ചയ്ക്ക് ഏറെ ഗുണം ചെയ്യും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam