
യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കിവിടുന്ന സംഭവങ്ങള്‍ അടുത്തിടെ ധാരാളമായി കേള്‍ക്കുന്നുണ്ട്. മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്‌ത് എത്തുന്ന യാത്രക്കാരെ വിമാനത്തില്‍ പ്രവേശിപ്പിക്കാതിരിക്കുന്ന സംഭവം കഴിഞ്ഞ ദിവസം നമ്മള്‍ കണ്ടതാണ്. മാതാപിതാക്കളെ കാണുന്നതിന് സുപ്രീംകോടതി അനുമതി നല്‍കിയ അബ്ദുള്‍ നാസര്‍ മ്‌അദനിയെ വിമാനത്തില്‍ പ്രവേശിപ്പിക്കാതിരുന്നത് വലിയ വിവാദമായിരുന്നു. എന്തൊക്കെ കാരണങ്ങള്‍ കൊണ്ടാണ് യാത്രക്കാരെ വിമാനക്കമ്പനികള്‍ ഇറക്കിവിടുകയും, വിമാനത്തില്‍ കയറ്റാതിരിക്കുകയും ചെയ്യുന്നത്? ഇതിനുള്ള അധികാരം വിമാന കമ്പനികള്‍ക്ക് ഉണ്ടോ? ഏതായാലും അടുത്തിടെ യാത്രക്കാരെ വിമാനത്തില്‍നിന്ന് പുറത്താക്കിയ ചില സംഭവങ്ങളാണ് ചുവടെ കൊടുക്കുന്നത്. അവയില്‍ പലതും രസകരമായ സംഭവങ്ങളാണ്.
വിമാന ടിക്കറ്റ് എടുക്കുമ്പോള്‍ നാല്‍പ്പതോളം പേജ് വരുന്ന ഒരു ബുക്ക്‌ലെറ്റ് വിമാനകമ്പനികള്‍ നല്‍കുന്നുണ്ട്. ഇതില്‍ നല്‍കിയിട്ടുള്ള അവരുടെ വ്യവസ്ഥകള്‍ നമ്മള്‍ അംഗീകരിക്കുമ്പോഴാണ് ടിക്കറ്റ് ബുക്ക് ആയി ലഭിക്കുന്നത്. എന്നാല്‍ ഓണ്‍ലൈനിലുള്ള ഈ ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് മിക്കവരും വായിച്ചുനോക്കാറില്ല. വിമാനത്തിനുള്ളില്‍ അപമര്യാദയായോ, ഭീഷണിസ്വരമുയര്‍ത്തുകയോ, ബഹളമുണ്ടാക്കുകയോ, കാബിന്‍ ക്രൂ പറയുന്നത് കേള്‍ക്കാതിരിക്കുകയോ ചെയ്യുന്നവരെ പുറത്താക്കുമെന്ന് എല്ലാ വിമാന കമ്പനികളും വ്യക്തമാക്കുന്ന കാര്യമാണ്. 2015ല്‍ ഇത്തരത്തില്‍ 99 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഈ വര്‍ഷം ഇതുവരെ ഒമ്പതു യാത്രക്കാരെ ഇത്തരത്തില്‍ പുറത്താക്കിയിട്ടുണ്ട്.
ശ്വസിക്കുമ്പോള്‍ ദുര്‍ഗന്ധമുള്ളവരെ വിമാനത്തില്‍നിന്ന് പുറത്താക്കാന്‍ അധികാരമുള്ള ചില വിമാന കമ്പനികള്‍ ലോകത്തുണ്ട്. മദ്യപാനം പോലും അനുവദനീയമല്ലാത്ത വിമാന കമ്പനികളുമുണ്ട്.
കഴിഞ്ഞ ആഴ്‌ച അമേരിക്കയില്‍ നടന്ന സംഭവമാണിത്. തൊട്ടടുത്തിരുന്ന യാത്രക്കാരന്‍ ഒരു പേപ്പറില്‍ എന്തൊക്കെയോ കണക്കുകള്‍ ചെയ്യുന്നത് കണ്ട് സംശയം തോന്നിയ യുവതി കാബിന്‍ ക്രൂവിനെ വിവരം അറിയിച്ചു. ഈ പേപ്പറുകള്‍ വാങ്ങി പരിശോധിച്ച കാബിന്‍ ക്രൂവിന് അതേക്കുറിച്ച് ഒന്നും മനസിലായില്ല. എന്തെങ്കിലും ഭീകരാക്രമണത്തിനുള്ള കണക്കുകൂട്ടലാണോയെന്ന സംശയം പോലും ഉണ്ടായി. ഇതേത്തുടര്‍ന്ന യാത്രക്കാരനെ വിമാനത്തില്‍നിന്ന് ഇറക്കിവിടുകയും ചെയ്‌തു. അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് ഈ സംഭവം. ഫിലാഡെല്‍ഫിയ വിമാനത്താവളത്തില്‍വെച്ചാണ് ഗ്യൂഡോ മെന്‍സിയോ എന്ന യാത്രക്കാരനെ ഇറക്കിവിട്ടത്.
ഏപ്രിലില്‍ വിമാനത്തിനുള്ളില്‍ അറബി ഭാഷയില്‍ സംസാരിച്ച യാത്രക്കാരനെ പുറത്താക്കിയതും വലിയ വാര്‍ത്തയായിരുന്നു. ഖൈയ്റുള്‍ദീന്‍ മക്‌സൂമി എന്ന യാത്രക്കാരനെയാണ് ഇത്തരത്തില്‍ പുറത്താക്കിയത്. ഇദ്ദേഹം, തന്റെ അമ്മാവനോട് ഫോണില്‍ സംസാരിച്ചപ്പോഴാണ് അറബി ഭാഷ ഉപയോഗിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam