നിശ്ചയിച്ച വിവാഹത്തില്‍നിന്ന് പിന്മാറേണ്ട 4 സാഹചര്യങ്ങള്‍!

By Web DeskFirst Published Oct 12, 2016, 10:30 AM IST
Highlights

വിവാഹം ഒരാളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുഹൂര്‍ത്തങ്ങളില്‍ ഒന്നാണ്. വിവാഹം സാധാരണയായി രണ്ടുതരത്തിലാണ്. ആദ്യത്തേത്, ജീവിതപങ്കാളിയെ സ്വന്തമായി കണ്ടെത്തുന്ന പ്രണയവിവാഹങ്ങളും മാതാപിതാക്കള്‍ ആലോചിച്ച് ഉറപ്പിച്ച് നിശ്ചയിക്കുന്ന അറേഞ്ച്ഡ് മാര്യേജാണ് രണ്ടാമത്തേത്. ജീവിതത്തിലെ പുതിയൊരു യാത്രയാണ് വിവാഹം. പാകപ്പിഴകളില്ലാത്ത വിവാഹജീവിതത്തിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പൊരുത്തപ്പെടാത്ത ചില കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആ വിവാഹത്തില്‍നിന്ന് പിന്മാറണം. അത്തരത്തിലുള്ള 4 സാഹചര്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...

1, പൊരുത്തക്കേടും ആശയപരമായ ഭിന്നതയും-

വിവാഹം അറേഞ്ച്ഡ് ആയാലും ലൗ ആയാലും, പങ്കാളികള്‍ തമ്മില്‍ പൊരുത്തമുണ്ടാകണം. പ്രതിശ്രുത വരനും പ്രതിശ്രുത വധുവും തമ്മില്‍ പല കാര്യങ്ങളിലും വിയോജിപ്പുകള്‍ ഉണ്ടാകാം. എന്നാല്‍ വിവാഹത്തിന് മുമ്പ് ഇത്തരം വിയോജിപ്പുകള്‍ പരിഹരിക്കാന്‍ സാധിക്കണം. അതിന് സാധിക്കുന്നില്ലെങ്കില്‍ വിവാഹത്തില്‍നിന്ന് പിന്മാറാനുള്ള തീരുമാനം രണ്ടുപേരും ചേര്‍ന്നെടുക്കണം.

2, ഭാര്യയാണോ മാതാപിതാക്കളാണോ വലുത്?

ഈ ചോദ്യത്തിന് കൃത്യമായ ഉത്തരം കണ്ടെത്തിയ ശേഷമാകണം വിവാഹത്തിലേക്ക് കടക്കേണ്ടത്. വിവാഹബന്ധത്തില്‍ എപ്പോഴും താളപ്പിഴകള്‍ ഉണ്ടാക്കുന്ന ഒരു വിഷയമാണിത്. ഭാര്യയും മാതാപിതാക്കളും പ്രിയപ്പെട്ടവര്‍ തന്നെയാണ്. രണ്ടുകൂട്ടര്‍ക്കും, അവരുടേതായ പരിഗണനകള്‍ നല്‍കുക. ഭാവിജീവിതം ജീവിക്കേണ്ടത് ഭാര്യയുടെയൊപ്പമാണ്, അതോടൊപ്പം വളര്‍ത്തി വലുതാക്കിയ അച്ഛനെയും അമ്മയെയും മറക്കാതിരിക്കുക. ഇക്കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കാതെ വിവാഹത്തിലേക്ക് കടക്കരുത്.

3, ജോലിയാണോ വലുത്; എങ്കില്‍ വിവാഹം വേണ്ട

വിവാഹത്തേക്കാള്‍, ജീവിതപങ്കാളിയേക്കാള്‍ വലുത് ജോലിയും കരിയറുമാണെങ്കില്‍, ആ ദാമ്പത്യം എപ്പോഴും പ്രശ്‌നങ്ങള്‍ നിറഞ്ഞതായിരിക്കും. കരിയറും ജോലിയും ഏറെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ അതോടൊപ്പം വിവാഹബന്ധവും നന്നായി മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കണം. ജോലിക്കുവേണ്ടി കുടുംബം നോക്കാന്‍ തീരെ സമയം ലഭിക്കാത്തവരാണെങ്കില്‍, വിവാഹം കഴിക്കാതിരിക്കുന്നതാകും നല്ലത്.

4, വ്യക്തിത്വം പണയംവെക്കരുത്-

വിവാഹശേഷം എങ്ങനെ ജീവിക്കണം, സുഹൃത്തുക്കളോടൊപ്പം എത്രസമയം ചെലവഴിക്കണം, തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് പങ്കാളിയല്ല. അത്തരത്തില്‍ ഒരാളുടെ വ്യക്തിത്വം തകര്‍ക്കുന്ന രീതിയില്‍ ഇടപെടുന്ന പങ്കാളികളാണെങ്കില്‍, വിവാഹത്തിലേക്ക് കടക്കാതിരിക്കുകയാകും നല്ലത്. വിവാഹത്തിന് മുമ്പ് ഇത്തരം കാര്യങ്ങളിലൊക്കെ കൃത്യത വരുത്തണം. പങ്കാളിയാകാന്‍ പോകുന്നവര്‍ക്ക് അത്തരം കാര്യങ്ങളില്‍ വിയോജിപ്പുണ്ടെങ്കില്‍ ആ വിവാഹം വേണ്ടെന്നുവെക്കുന്നതാകും ഉചിതം.

click me!