മുലയൂട്ടൽ പ്രമേഹത്തെ പ്രതിരോധിക്കും- മുലപ്പാൽ വര്‍ദ്ധിപ്പിക്കുന്ന 4 കാര്യങ്ങള്‍

By Web DeskFirst Published Jan 19, 2018, 10:52 AM IST
Highlights

ഏറ്റവും പുതിയ പഠനം അനുസരിച്ച് മുലയൂട്ടുന്ന സ്‌ത്രീകളിൽ പ്രമേഹം വരാനുള്ള സാധ്യത 47 ശതമാനത്തോളം കുറയുമത്രെ. ആറു മാസത്തോളം മുലയൂട്ടുന്ന സ്‌ത്രീകളിലാണ് പ്രമേഹം പിടിപെടാനുള്ള സാധ്യത കുറയുന്നതെന്ന് അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ ജേര്‍ണൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. മുപ്പതുവര്‍ഷത്തിലേറെയായി 1200 അമേരിക്കൻ സ്‌ത്രീകളുടെ വൈദ്യശാസ്‌ത്ര റിപ്പോര്‍ട്ട് വിശകലനം ചെയ്താണ് പഠനം നടത്തിയത്. എന്നാൽ ഇക്കാലത്ത് പ്രസവിക്കുന്ന സ്‌ത്രീകളിൽ മുലപ്പാലിന്റെ അളവ് ക്രമാതീതമായി കുറഞ്ഞുവരുന്നത് സര്‍വ്വസാധാരണമാകുന്നുണ്ട്. ഇതുകൊണ്ടുതന്നെ മുലയൂട്ടാൻപോലും ചിലര്‍ക്ക് കഴിയാറില്ല. ഇവിടെയിതാ, മുലപ്പാൽ വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്ന നാലുതരം ഭക്ഷ്യവസ്‌തുക്കളെ കുറിച്ചാണ് പറയുന്നത്. ഈ നാലു കാര്യങ്ങള്‍ സ്ഥിരമായി ഭക്ഷണത്തിൽ ഉള്‍പ്പെടുത്തിയാൽ മുലപ്പാൽ വര്‍ദ്ധിക്കും.

1, ഉലുവ

ഏറെ ആരോഗ്യഗുണമുള്ള ഒന്നാണ് ഉലുവ. സാധാരണയായി ഇന്ത്യൻ ഭക്ഷണങ്ങളിൽ ഉലുവ ചേര്‍ക്കാറുണ്ട്. ഉലുവയിൽ അടങ്ങിയിട്ടുള്ള ഫൈറ്റോഈസ്‌ട്രജൻ മുലപ്പാൽ വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്ന ഘടകമാണ്. മുലപ്പാൽ ഉല്‍പാദിപ്പിക്കുന്ന മാമ്മറി ഗ്ലാൻഡിന്റെ പ്രവര്‍ത്തനം വേഗത്തിലാക്കാൻ ഉലുവ സഹായിക്കും. തലേദിവസം വെള്ളത്തിൽ ഉലുവ ഇട്ടുവെച്ചശേഷം അതിരാവിലെ ആ വെള്ളം തിളപ്പിച്ചുകുടിച്ചാൽ ഉലുവയുടെ ഗുണം അതിവേഗം ലഭ്യമാകും.

2, കറുവപ്പട്ട

മുലപ്പാലിന്റെ ഒഴുക്ക് വേഗത്തിലാക്കാൻ സഹായിക്കുന്ന ഒന്നാണ് കറുവപ്പട്ട. പ്രസവശേഷം സ്‌ത്രീകളിൽ ആര്‍ത്തവചക്രം പരമാവധി വൈകിപ്പിക്കാനും ഇതിന് സാധിക്കും. കറുവപ്പട്ട പൊടിച്ച് ചൂടു പാലിലോ, തേനിലോ ചേര്‍ത്ത് കുടിക്കുന്നതാണ് ഉത്തമം.

3, ജീരകം

ഇന്ത്യൻ സുഗന്ധവ്യജ്ഞനങ്ങളിൽ ഏറെ പ്രധാനപ്പെട്ട ഒന്നായ ജീരകത്തിന് മുലപ്പാൽ വര്‍ദ്ധിപ്പിക്കാനാകും. അമ്മമാര്‍ക്ക് വേണ്ടി ധാതുക്കളും പോഷകങ്ങളും അടങ്ങിയ ഒന്നാണ് ജീരകം. രാത്രിയിൽ കിടക്കുന്നതിന് മുമ്പ് ജീരകം പൊടിച്ച് പാലിൽ ചേര്‍ത്ത് കുടിക്കാവുന്നതാണ്.

4, ഇഞ്ചി

മുലയൂട്ടുന്ന കാലത്ത് ഇഞ്ചി ധാരാളമായി ഭക്ഷണത്തിൽ ഉള്‍പ്പെടുത്തുന്നത് ഉത്തമമാണ്. മുലപ്പാൽ ഉല്‍പാദനം ത്വരിതപ്പെടുത്താൻ ഇതു സഹായിക്കും. നല്ല പച്ചയായ ഇഞ്ചി, വെള്ളത്തിലിട്ട് തിളപ്പിച്ച് അതിന്റെ സത്ത് ഇറങ്ങിയ ഇളംചൂട് വെള്ളം കുടിക്കുന്നത് ശീലമാക്കുക.

click me!