അസ്ഥികളുടെ ബലം വര്‍ദ്ധിപ്പിക്കാന്‍ നിങ്ങള്‍ ചെയ്യേണ്ട 5 കാര്യങ്ങള്‍

By Web DeskFirst Published Nov 20, 2016, 1:43 PM IST
Highlights

പ്രായം കൂടുന്തോറും അസ്ഥികള്‍ക്ക് ബലക്ഷയം സംഭവിക്കുന്നത് സ്വാഭാവികമാണ്. അതുകൊണ്ടാണ് പ്രായമായവര്‍ ചെറുതായി വീഴുമ്പോള്‍ തന്നെ അസ്ഥികള്‍ക്ക് പൊട്ടല്‍ സംഭവിക്കുന്നത്. എന്നാല്‍ ചെറുപ്പത്തിലേ, അസ്ഥികളുടെ ബലക്ഷയം ഇല്ലാതാക്കിയാല്‍ ഈ പ്രശ്‌നം ഒരു പരിധി വരെ പരിഹരിക്കാം. ഇവിടെയിതാ, അസ്ഥികളുടെ ബലം വര്‍ദ്ധിപ്പിക്കാന്‍ അഞ്ചു വഴികള്‍ പറഞ്ഞുതരാം...

1, ആവശ്യത്തിന് കാല്‍സ്യം വേണം-

അസ്ഥികളുടെ ബലത്തിന് ഏറ്റവും പ്രധാനപ്പെട്ട ഘടകം കാല്‍സ്യമാണ്. ശരീരത്തിന് ആവശ്യമായ കാല്‍സ്യം ഉണ്ടെങ്കില്‍ അസ്ഥികള്‍ക്ക് ബലക്ഷയം സംഭവിക്കില്ല. കാല്‍സ്യത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ പാല് കുടിക്കുന്നതാണ് ഏറ്റവും ഉത്തമം. സമീകൃതാഹാരം എന്നറിയപ്പെടുന്ന പാലില്‍ ആവശ്യത്തിന് കാല്‍സ്യം അടങ്ങിയിട്ടുണ്ട്.

2, വിറ്റാമിന്‍ ഡിയും വേണം-

ശരീരത്തിന് ആവശ്യമായ കാല്‍സ്യം ലഭിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് വിറ്റാമിന്‍ ഡി. മീന്‍ ഗുളിക, മുട്ടയുടെ മഞ്ഞക്കരു എന്നിവയിലൊക്കെ മതിയായ അളവില്‍ വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്.

3, വ്യായാമം-

പേശികളുടെ എന്ന പോലെ, അസ്ഥികളുടെയും ബലത്തിനും ഉറപ്പിനും വ്യായാമം ഏറെ പ്രധാനപ്പെട്ട കാര്യമാണ്. ദിവസവും മുടങ്ങാതെ ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്യുന്നത് അസ്ഥികളുടെ ബലം വര്‍ദ്ദിപ്പിക്കും. എന്നാല്‍, കടുത്ത പരിശീലനമുറകളുള്ള ജിംനേഷ്യത്തിലെ വ്യായാമം, അസ്ഥികളെ ദുര്‍ബലപ്പെടുത്തുമെന്ന് ഓര്‍ക്കുക.

4, യോഗ, ധ്യാനം, ഇരിപ്പും നടപ്പും-

വ്യായാമത്തിനൊപ്പം യോഗ, ധ്യാനം എന്നിവയും അസ്ഥികളുടെ ബലം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന കാര്യങ്ങളാണ്. അതുപോലെ, ജോലി സ്ഥലത്തെ ഇരിപ്പും, നടക്കുന്നതുമൊക്കെ അസ്ഥികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. നടു നിവര്‍ന്ന് ഇരിക്കുന്നതും നടക്കുന്നതുമൊക്കെ അസ്ഥികളുടെ ബലം നിലനിര്‍ത്താന്‍ സഹായിക്കും.

5, പുകവലി ഉപേക്ഷിക്കുക-

പുകവലി ക്യാന്‍സര്‍ പോലെയുള്ള ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകും. അതിനൊപ്പം അസ്ഥികളുടെ ബലക്കുറവിനും പുകവലി കാരണമാകും. അതുകൊണ്ടു പുകവലി ഉപേക്ഷിച്ചാല്‍ത്തന്നെ, അസ്ഥികളുടെ ബലക്കുറവ് പരിഹരിക്കാനാകും.

click me!