Latest Videos

ഡേറ്റിംഗ് ആപ്പുകളില്‍ തേപ്പ്; തിരിച്ചടി കിട്ടിയ ആറ് പേരുടെ കഥകള്‍

By Web DeskFirst Published Jul 21, 2018, 4:28 PM IST
Highlights
  • നിമിഷനേരം കൊണ്ടുതന്നെ നിരവധി മുഖങ്ങള്‍ കാണുമ്പോള്‍ ആളുകളെ വിലയിരുത്താന്‍ കഴിയാതിരിക്കാന്‍ സാധ്യതയുണ്ട്
  • പല തരത്തിലുള്ള ചതികള്‍ നടക്കാനുള്ള സാധ്യതകളും ഏറെ

മോഡേണ്‍ ജീവിതത്തില്‍ സോഷ്യല്‍ മീഡിയകളുടെ പങ്ക് നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഫേസ്ബുക്കില്‍ നിന്നും വാട്ട്‌സ് ആപ്പില്‍ നിന്നുമെല്ലാം വിട്ട മറ്റൊരു ലോകമാണ് ഡേറ്റിംഗ് ആപ്പുകള്‍ തുറന്ന് തരുന്നത്. കുറഞ്ഞ സമയത്തിനകം തന്നെ ഡേറ്റിംഗ് ആപ്പുകള്‍ക്ക് അവര്‍ പ്രതീക്ഷിച്ചതിലധികം പ്രാധാന്യം കിട്ടിയിരിക്കുന്നു. 

പ്രായഭേദങ്ങളില്ലെങ്കിലും അവിവാഹിതരായ യുവതീയുവാക്കളാണ് ഡേറ്റിംഗ് ഭ്രമത്തില്‍ കൂടുതലും പെട്ടുപോകുന്നത്. ഏതൊരു സോഷ്യല്‍ മീഡിയയും തുടക്കത്തില്‍ കേട്ടിരുന്ന പഴി ഡേറ്റിംഗ് ആപ്പുകളും കേള്‍ക്കുന്നുണ്ട്. എന്നാല്‍ മറ്റ് സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ നിന്ന് ഡേറ്റിംഗ് ആപ്പുകളെ വ്യത്യസ്തമാക്കുന്നതെന്താണ്?

ഡേറ്റിംഗ് ആപ്പുകളുടെ മാത്രം പ്രത്യേകത...

അപരിചിതരായ നൂറ് കണക്കിന് വ്യക്തികളുടെ മുഖമാണ് ഒരു ഡേറ്റിംഗ് ആപ്പിലൂടെ നിമിഷങ്ങള്‍ക്കകം കാണുക. മറ്റ് സോഷ്യല്‍ മീഡിയ ഇടങ്ങളിലെ പോലെ വ്യക്തികളെ മറ്റേതെങ്കിലും തരത്തില്‍ മനസ്സില്‍ രേഖപ്പെടുത്താനും എളുപ്പ മാര്‍ഗമില്ല. ഒരു ആള്‍ക്കൂട്ടത്തിന് നടുവില്‍ സ്വയം രഹസ്യമായി ഇരിക്കുന്നത് പോലെയാണ് ഡേറ്റിംഗിനൊരുങ്ങുന്നവരുടെ മാനസികാവസ്ഥ. കുറേയധികം ആളുകളെ ഒന്നിച്ച് പരിചയപ്പെടുമ്പോള്‍ സ്വാഭാവികമായി ഉണ്ടായേക്കാവുന്ന അമ്പരപ്പ്, ആശങ്ക... ഇതെല്ലാം നമ്മള്‍ കരുതുന്നതിനേക്കാള്‍ അധികം നമ്മുടെ മാനസികാവസ്ഥയെ ബാധിക്കുന്നു. 

ചിലപ്പോഴൊക്കെ വന്‍ തിരിച്ചടികളാണ് ഇത്തരം ഡേറ്റിംഗ് ആപ്പുകളിലൂടെ നേരിടേണ്ടിവരിക. എന്നാല്‍ മിക്കവാറും തിരിച്ചടികളെ കുറിച്ച് പരസ്പരം ചര്‍ച്ച ചെയ്യാനോ ഇതിന്റെ കാരണങ്ങള്‍ വിലയിരുത്താനോ ആരും തയ്യാറാകാറില്ല. എന്നാല്‍ ഡേറ്റിംഗ് ആപ്പിലൂടെയുണ്ടായ ചില മോശം അനുഭവങ്ങളെക്കുറിച്ച് കേള്‍ക്കാം. 

'അത് ഞാനറിഞ്ഞിരുന്നില്ല...'

'പരിചയപ്പെട്ട് ഏതാണ്ട് ഒരു മാസത്തോളം സംസാരിച്ച ശേഷമാണ് ഞാന്‍ അവളുമായി പ്രണയത്തിലാകുന്നത്. രണ്ട് നാട്ടുകാരാണെങ്കിലും താമസിച്ചിരുന്നത് ഒരേ നഗരത്തിലായിരുന്നു. അങ്ങനെ ഞങ്ങള്‍ കണ്ടു. പിന്നീട് എല്ലായ്‌പോഴും ഒരുമിച്ചുണ്ടായിരുന്നു. എന്നാല്‍ ആഴ്ചകള്‍ക്ക് ശേഷമാണ് അവള്‍ക്ക് ഒരു ബോയ്ഫ്രണ്ട് ഉണ്ടെന്നും അയാളെ പ്രകോപിപ്പിക്കുന്നതിന്റെ ഭാഗമായി മാത്രമാണ് എന്നോട് കൂട്ട് കൂടിയതെന്നും ഞാന്‍ മനസ്സിലാക്കുന്നത്.'

'അയാള്‍ക്കത് ഒരു രക്ഷപ്പെടലായിരുന്നു' 

'ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട് സ്‌നേഹിച്ചതായിരുന്നെങ്കിലും എന്റെ ലോകം മുഴുവന്‍ അയാളായിരുന്നു. ഞാനത്രയ്ക്കും അയാളെ സ്‌നേഹിച്ചു. രണ്ട് മാസം കഴിഞ്ഞപ്പോഴാണ് അയാള്‍ സത്യം തുറന്നുപറഞ്ഞത്. മാനസികമായി തകര്‍ന്നുനിന്ന അവസ്ഥയില്‍ മനസ്സിനെ വഴി തിരിച്ചുവിടാന്‍ മാത്രമായിരുന്നു അയാളെന്നോട് സംസാരിച്ചത്. എന്നെ മറ്റൊരു രീതിയില്‍ കാണാനാകില്ലെന്നും ഇനി സംസാരിക്കാന്‍ ശ്രമിക്കരുതെന്നും പറഞ്ഞ് അയാളെന്നെ ഉപേക്ഷിച്ചു. ഇത്രയും വേദനിപ്പിക്കുന്ന ഒരനുഭവം ജീവിതത്തില്‍ വേറെയുണ്ടായിട്ടില്ല'

'ലക്ഷ്യം പിന്നീടാണ് മനസ്സിലായത്'

'എനിക്കും അവള്‍ക്കുമിടയില്‍ നല്ലൊരു കെമിസ്ട്രിയുണ്ടെന്ന് എനിക്ക് തോന്നി. ഞങ്ങള്‍ നമ്പരുകള്‍ കൈമാറി, ധാരാളം സംസാരിക്കാന്‍ തുടങ്ങി. അവധി ദിവസങ്ങളില്‍ ഒന്നിച്ച് എവിടെയെങ്കിലും പോകും. എന്റേതാകാന്‍ പോകുന്ന ഒരാളായി തോന്നിയതുകൊണ്ട് ഞാനവള്‍ക്ക് ചെലവ് നോക്കാതെ സമ്മാനങ്ങള്‍ വാങ്ങി നല്‍കി. പണം ധൂര്‍ത്തടിച്ച് ഞങ്ങളൊരുമിച്ച് ആഘോഷിച്ചു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവളുടെ മട്ട് ആകെ മാറി. ഒരു സുഹൃത്തായിട്ട് മാത്രമേ കണ്ടിട്ടുള്ളൂവെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. അവള്‍ക്ക് വേണ്ടി ചെലവഴിച്ച പണം തിരികെ തരാന്‍ ആവശ്യപ്പെട്ടപ്പോള്‍ എല്ലാ ബന്ധവും അവസാനിപ്പിച്ച് അവള്‍ പോയി'

'അവളെന്നോട് അലറുകയായിരുന്നു'

'നോര്‍ത്ത് ഇന്ത്യയിലേക്ക് ഒറ്റയ്ക്ക് നടത്തിയ യാത്രയ്ക്കിടയിലാണ് ഓണ്‍ലൈനായി ഞാനവളെ പരിചയപ്പെട്ടത്. ഞാനുണ്ടായിരുന്നതിന്റെ തൊട്ടടുത്ത സ്ഥലത്ത് അവളുണ്ടായിരുന്നു. അവളും യാത്രയിലായിരുന്നു. പിന്നീട് ഞങ്ങളൊരുമിച്ചായിരുന്നു യാത്ര. അവള്‍ തന്നെയാണ് ഇഷ്ടമാണെന്ന് ആദ്യം പറഞ്ഞത്. യാത്രയ്ക്ക് ശേഷം നാട്ടിലെത്തി ഒരു മാസം കഴിഞ്ഞപ്പോള്‍ ഞാനവള്‍ താമസിക്കുന്ന നഗരത്തില്‍ അവളെ കാണാനായി ചെന്നു. അവള്‍ ജോലി ചെയ്യുന്ന സ്ഥലത്തേക്ക് നേരിട്ട് പോയി ഞെട്ടിക്കാനായിരുന്നു പ്ലാന്‍. എന്നാല്‍ എന്നെ കണ്ടയുടനേ എന്തൊക്കെയോ പറഞ്ഞുകൊണ്ട് അവള്‍ അലറി. ഓഫീസിലുള്ള ആരുടേയോ കൂടെ ഡേറ്റിംഗിലായിരുന്നു അവളെന്ന് പിന്നീടാണ് ഞാനറിഞ്ഞത്'


'അയാള്‍ക്കൊപ്പമാണ് അവള്‍ വന്നത്...'

'കണ്ടയുടന്‍ തന്നെ അവളെ എനിക്കിഷ്ടമായി. അവള്‍ അവളെപ്പറ്റിയും അവളുടെ ബിസിനസ് സ്വപ്‌നങ്ങളെപ്പറ്റിയുമൊക്കെ എന്നോട് നിറയെ സംസാരിച്ചിരുന്നു. ഒരു ദീവസം കാണാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു. അന്ന് എന്നെക്കാണാന്‍ അവളെത്തിയത് അവളുടെ കാമുകനോടൊപ്പമാണ്. അവര്‍ രണ്ടുപേരും കൂടി അവരുടെ ബിസിനസില്‍ പണം നിക്ഷേപിക്കാന്‍ എന്നെ നിര്‍ബന്ധിച്ചു. ഞാന്‍ പ്രതീക്ഷിച്ചത് ഇതല്ലെന്ന് അവളോട് പറഞ്ഞപ്പോള്‍ അവളതിനെ ഒരു ബിസിനസ് മീറ്റിംഗ് ആയി മാത്രമേ കാണുന്നുള്ളൂവെന്നാണ് പറഞ്ഞത്. ഞാനന്നുതന്നെ ആ ആപ്പ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്തു...'

'എനിക്കയാളെ മനസ്സിലായതേയില്ല...'

'അവധി ദിവസങ്ങളില്‍ പോലും ഒന്നും ചെയ്യാനില്ലാത്ത വിധം ബോറടിച്ചുതുടങ്ങിയപ്പോഴാണ് ഞാന്‍ ഡേറ്റിംഗ് ആപ്പ് ഉപയോഗിച്ചുതുടങ്ങിയത്. കാണാന്‍ സുന്ദരനായ, ഒരുപാട് ഉയരമൊക്കെയുള്ള അയാളെ എനിക്ക് പെട്ടെന്ന് തന്നെ ഇഷ്ടമായി. അങ്ങനെ അയാളെ കാണാന്‍ ഞാന്‍ അക്ഷമയോടെ ചെന്നു. സ്വന്തം ഫോട്ടോകള്‍ ആവശ്യത്തിലധികം എഡിറ്റ് ചെയ്ത ശേഷമാണ് അയാള്‍ പ്രൊഫൈലുണ്ടാക്കിയിരുന്നതെന്ന് എനിക്ക് മനസ്സിലായി. കാരണം അയാളെ കണ്ടിട്ട് എനിക്ക് തിരിച്ചറിയാന്‍ പോലുമായില്ല.'

 

ഡേറ്റിംഗ് ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ അല്‍പം കൂടി കരുതല്‍ അനിവാര്യമാണെന്നാണ് ഈ കഥകള്‍ തെളിയിക്കുന്നത്. പെട്ടെന്നുള്ള ആകര്‍ഷണങ്ങളില്‍ വീണുപോകാതെ ബുദ്ധിപരമായും ആരോഗ്യപരവുമായു മുന്നോട്ടുകൊണ്ടുപോകാന്‍ അറിയാമെങ്കില്‍ ഡേറ്റിംഗ് ആപ്പും വില്ലനാകില്ല. 

click me!