നെയ്യിന്റെ ഗുണമേന്മ പരിശോധിക്കാം; കൂട്ടത്തില്‍ വീട്ടില്‍ തയ്യാറാക്കാന്‍ ഒരെളുപ്പ മാര്‍ഗവും

By Web DeskFirst Published Jul 21, 2018, 3:03 PM IST
Highlights
  • വിപണിയില്‍ നിന്ന് വാങ്ങുന്ന നെയ്യിന്‍റെ ഗുണമേന്മ നോക്കാം മിനുറ്റുകള്‍ കൊണ്ട്
  • പരമ്പരാഗതമായ ശൈലിയില്‍ നെയ് ഉണ്ടാക്കാന്‍ വളരെ എളുപ്പം

പണ്ട്, വീട്ടില്‍ തന്നെയുണ്ടാക്കുന്ന നെയ്യും തൈരും മോരുമെല്ലാമായിരുന്നു നമ്മുടെ ഭക്ഷണത്തിന്റെ പ്രധാന ഭാഗങ്ങള്‍. ആ ഭക്ഷണ സംസ്‌കാരത്തില്‍ മാറ്റങ്ങള്‍ വന്നുവെങ്കിലും ഇപ്പോഴും അവയൊന്നുമില്ലാതെ നമുക്ക് ഒരാഴ്ച പോലും കഴിച്ചുകൂട്ടാന്‍ വയ്യ. എന്നാല്‍ ഇതൊന്നും വീട്ടിലുണ്ടാക്കാനുള്ള സമയവുമില്ല, അറിവുമില്ല എന്നതാണ് പ്രധാന പ്രശ്‌നം അതിനാല്‍ തന്നെ എളുപ്പവഴിയായി എല്ലാം സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് വാങ്ങും. ഇങ്ങനെ വാങ്ങുന്ന നെയ് ഗുണമേന്മയുള്ളതാണോ? 

തിരിച്ചറിയാം വ്യാജനെ...

ഉണങ്ങിയ ഒരു ചട്ടി അടുപ്പത്ത് വച്ച് ചൂടാക്കുക. ചട്ടി ചൂടായിക്കഴിയുമ്പോള്‍ ഒരു സ്പൂണ്‍ നെയ് അതിലേക്ക് ഒഴിക്കുക. നെയ് ചൂടാകുമ്പോള്‍ ചുവപ്പ് കലര്‍ന്ന ഇളം ബ്രൗണ്‍ നിറത്തിലേക്ക് മാറുന്നുവെങ്കില്‍ ഉറപ്പിക്കാം, അത് ഗുണമേന്മയുള്ള നെയ്യാണ്. മാറിയില്ലെങ്കില്‍ മനസ്സിലാക്കുക, നമ്മള്‍ വാങ്ങിയത് മോശമായ നെയ്യാണ്. ഏതെങ്കിലും തരത്തിലുള്ള കലര്‍പ്പ് ഇതിലടങ്ങിയിട്ടുണ്ടാകാം. 

എങ്ങനെ നെയ് വീട്ടില്‍ തയ്യാറാക്കാം?

വീട്ടില്‍ നെയ് തയ്യാറാക്കാന്‍ മില്‍ക്ക് ക്രീം മാത്രം മതി. ഒരു പാത്രത്തില്‍ 8 മുതല്‍ 10 ദിവസം വരെയുള്ള മില്‍ക്ക് ക്രീം സൂക്ഷിക്കുക. ഫ്രിഡ്ജില്‍ ഫ്രീസറില്‍ വേണം ഇത് സൂക്ഷിക്കാന്‍. ഫ്രീസറിലല്ലാതെ സൂക്ഷിച്ചാല്‍ എളുപ്പത്തില്‍ കേടാകും. എപ്പോഴാണോ നെയ് ഉണ്ടാക്കേണ്ടത്, അപ്പോള്‍ പുറത്തെടുത്ത് അത് അല്‍പനേരം അങ്ങനെ വയ്ക്കുക. ശേഷം ഒരു സ്പൂണ്‍ തൈര് ഇതിലേക്ക് ചേര്‍ക്കുക. നന്നായി ഇളക്കിയ ശേഷം ഒരു രാത്രി മുഴുവന്‍ അതുപോലെ സൂക്ഷിക്കുക. 

പിന്നീട് എടുക്കുമ്പോള്‍ ഒരു കപ്പ് തണുത്ത നല്ല വെള്ളവും 2 മുതല്‍ 3 വരെ ഐസ് ക്യൂബുകളും ചേര്‍ക്കുക. തുടര്‍ന്ന് ഇതില്‍ നിന്ന് വെണ്ണ പതിയെ കടഞ്ഞ് വേര്‍തിരിച്ചെടുക്കുക. ബാക്കിയാകുന്ന തൈരില്‍ മസാലയോ ഇഞ്ചിയോ കറിവേപ്പിലയോ ചേര്‍ത്ത് കുടിക്കാവുന്നതാണ്. 

കട്ടിയായി വേര്‍തിരിച്ചെടുത്ത വെണ്ണ പല തവണ വെള്ളമുപയോഗിച്ച് കഴുകണം. പാലിന്റെ ശേഷിപ്പുകള്‍ പൂര്‍ണ്ണമായും കളയാനാണിത് ചെയ്യുന്നത്. തുടര്‍ന്ന് ചുവട് കട്ടിയുള്ള ചട്ടി ചൂടാക്കിയ ശേഷം ഇതിലേക്ക് ഒഴിച്ച് പതുക്കെ ഇളക്കുക. തീ ഏറ്റവും കുറവാക്കി വയ്ക്കാന്‍ ശ്രദ്ധിക്കണം. ചൂടായി വരുന്നതിന് അനുസരിച്ച് മുകളില്‍ കുമിളകളായി നെയ് തെളിയും. ഇത് പതുക്കെ മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. മൈക്രോവേവ് ഓവന്‍ ഉപയോഗിച്ചും നെയ് തയ്യാറാക്കാവുന്നതാണ്. 

click me!