ചുംബനത്തിലൂടെ പകരുന്ന 7 രോഗങ്ങള്‍!

By Web DeskFirst Published Mar 16, 2017, 9:30 AM IST
Highlights

ചുംബനത്തിലൂടെ അസുഖങ്ങള്‍ പകരുമോ? ഈ ചോദ്യത്തിന് ഉത്തരം തേടുമ്പോള്‍ എട്ടോളം അസുഖങ്ങള്‍ ചുംബനത്തിലൂടെ പകരാനുള്ള സാധ്യത കൂടുതലാണെന്ന മറുപടിയാണ് ആരോഗ്യവിദഗ്ദ്ധര്‍ നല്‍കുന്നത്. മാനസികമായി പ്രയാസം അനുഭവിക്കുന്ന വിഷാദം, മാനസികസമ്മര്‍ദ്ദം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് സ്‌നേഹപൂര്‍ണമായ ഒരു ചുംബനം രോഗിക്ക് സമ്മാനിക്കുന്നത് വലിയ ആശ്വാസമാണ്. എന്നാല്‍ ചുംബനത്തിലൂടെ പകരുന്ന രോഗങ്ങള്‍ ഒട്ടും കുറവല്ലത്രെ. ഒരാള്‍ ഒരു തവണ ചുംബിക്കുമ്പോള്‍ എട്ടു കോടിയോളം ബാക്‌ടീരിയയാണ് പുറത്തേക്ക് വരുന്നത്. ചുംബനം മൂലം പകരുന്ന അസുഖങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...

1, ജലദോഷം-

ജലദോഷമുള്ളയാള്‍ മറ്റൊരാളെ ചുംബിച്ചാല്‍, ആ ആള്‍ക്കും ജലദോഷം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. ഉമിനീരിലൂടെ രോഗകാരിയായ അണുക്കള്‍ പ്രവഹിക്കുന്നതാണ് ഇതിന് കാരണം.

2, മോണോന്യൂക്ലിയോസിസ്/കിസ്സിങ് ഡിസീസ്-

ഉമിനീരിലുള്ള രോഗകാരിയായ വൈറസ് വഴിയാണ് മോണോന്യൂക്ലിയോസിസ് എന്ന അസുഖം പകരുന്നത്. ഈ അസുഖത്തിന് നിലവില്‍ വാക്‌സിനൊന്നും കണ്ടെത്തിയിട്ടില്ല.

3, മെനഞ്ജൈറ്റിസ്-

അത്യന്തം അപകടകരമായ മെനഞ്ജൈറ്റിസ് എന്ന അസുഖവും ചുംബനം വഴി മറ്റൊരാളിലേക്ക് പകരാം. തലച്ചോറിനെയും സ്‌നൈനല്‍കോഡിനെയും അപകടത്തിലാക്കുന്ന അസുഖമാണിത്. ഈ അസുഖത്തിന് കാരണമായ ബാക്‌ടീരിയ ഫ്രഞ്ച് കിസ്സിലൂടെ പകരമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ്.

4, മുണ്ടിനീര്-

ഉമിനീര്‍ ഗ്രന്ഥികളിലൂടെ പകരുന്ന ഈ അസുഖത്തിന് കാരണം വൈറസാണ്. ചുംബനത്തിലൂടെ മുണ്ടിനീര് പകരാനുള്ള സാധ്യത കൂടുതലാണ്.

5, റൂബെല്ല-

റൂബെല്ല അഥവാ ജര്‍മ്മന്‍ മീസില്‍സ് എന്ന അസുഖവും ചുംബനം വഴി മറ്റൊരാളിലേക്ക് പകരാം. അസുഖത്തിന് കാരണമായ വൈറസുകളാണ്, രോഗം ബാധിച്ച ഒരാളില്‍നിന്ന് ചുംബനത്തിലൂടെ മറ്റൊരാളിലേക്ക് പകരുന്നത്.

6, പകര്‍ച്ചപ്പനി-

ഏതൊരാള്‍ക്കും എപ്പോള്‍ വേണമെങ്കിലും പിടിപെടാവുന്ന സാധാരണമായ അസുഖമാണിത്. പലപ്പോഴും കാലാവസ്ഥാ മാറ്റങ്ങള്‍ ഉണ്ടാകുമ്പോഴാണ് പകര്‍ച്ചപ്പനി കൂടുതലായി കാണുന്നത്. ശരീരത്തിലെ സ്രവങ്ങള്‍ വഴിയാണ് ഈ അസുഖം പകരുന്നത്. അതുകൊണ്ടുതന്നെ രോഗമുള്ളയാളെയോ, രോഗമുള്ളയാളോ മറ്റുള്ളവരെ ചുംബിക്കുമ്പോള്‍ അസുഖം പകരാനുള്ള സാധ്യത കൂടുതലാണ്.

7, പോളിയോ-

ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് പോളിയോ വൈറസ് പകരുന്നത്. ഇതിനര്‍ത്ഥം അസുഖമുള്ളയാളുടെ ഉമിനീരില്‍ വൈറസ് ഉണ്ടാകാമെന്നതാണ്. അതുകൊണ്ടുതന്നെ രോഗമുള്ളയാള്‍ വഴി ചുംബനത്തിലൂടെ പോളിയോ അസുഖം പകരാനുള്ള സാധ്യത കൂടുതലായിരിക്കും.

click me!