
ശരീരത്തിനകത്ത് അങ്ങോട്ടുമിങ്ങോട്ടും ഓടിനടക്കുന്ന ഒരു പുഴു പെട്ടാലോ! നിരനിരയായി ചെറിയ, നിരവധി കാലുകളുള്ള- പതിയെ അരിച്ചരിച്ചുപോകുന്ന ഒരു പുഴു! ഓര്‍ക്കുമ്പോഴേ അസ്വസ്ഥതയും പേടിയും വരുന്നുണ്ടല്ലേ? എന്നാല്‍, ശരീരത്തിന് അപകടമൊന്നും വരുത്താതെ, നമ്മുടെ ജീവന്‍ രക്ഷിക്കാനാണ് ഈ പുഴു അകത്ത് കടക്കുന്നതെങ്കിലോ! അതെ, അത്തരത്തിലൊരു പരീക്ഷണമാണ് ഹോംഗ്‌കോംഗിലെ സിറ്റി യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകര്‍ നടത്തിയത്.
ശരീരത്തിനകത്ത് മരുന്നുകളെത്തിക്കാന്‍ ഒരു കുഞ്ഞന്‍ റോബോട്ട്. ഒരു പുഴുവിന്റെ രൂപവും സവിശേഷതകളുമാണ് ഈ റോബോട്ടിനുള്ളത്. ശരീരത്തിനകത്തുകൂടിയും രക്തത്തിലൂടെയും മറ്റ് ബോഡി ഫ്‌ളൂയിഡുകളിലൂടെയും അനായാസം നീങ്ങാന്‍ ഇവനാകും. എവിടെയാണോ മരുന്ന് എത്തിക്കേണ്ടത് അവിടെ വരെ ഇഴഞ്ഞുനീങ്ങി മരുന്നെത്തിക്കും.
യഥാര്‍ത്ഥത്തിലുള്ള ഒരു പുഴുവിന്റെ ഘടനയാണെങ്കിലും ചില വ്യത്യസ്ത സവിശേഷതകള്‍ ഗവേഷകര്‍ ഇവന് നല്‍കിയിട്ടുണ്ട്. 0.15 മില്ലിമീറ്ററാണ് ഇവന്റെ ശരീരവണ്ണം. നൂറോളം കാലുകളാണ് റോബോ പുഴുവിന് ഉള്ളത്. കാലുകളെല്ലാം അല്‍പം കൂര്‍ത്തതായിരിക്കും. അതായത് നടന്നുനീങ്ങുമ്പോള്‍ പ്രതലവും കാലുകളും തമ്മിലുള്ള സമ്പര്‍ക്കം പരമാവധി കുറയ്ക്കാനാണിത്.
സിലിക്കണ്‍ കൊണ്ടാണ് റോബോയെ ഉണ്ടാക്കിയിരിക്കുന്നത്. റിമോട്ടുപയോഗിച്ച് നിയന്ത്രിക്കാനായി കാന്തിക പദാര്‍ത്ഥങ്ങളും ഘടിപ്പിച്ചിട്ടുണ്ട്. സാഹചര്യങ്ങള്‍ക്കനുസരിച്ച് പല ഘടനകളിലേക്കും വലിപ്പത്തിലേക്കും റോബോയെ മാറ്റാനാകും. വിദഗ്ധ ചികിത്സാരംഗത്ത് ഇനി ഈ റോബോയും വൈകാതെ സേവനമനുഷ്ഠിക്കാന്‍ തുടങ്ങുമെന്നാണ് ഗവേഷകര്‍ പറയുന്നത്.