മരിച്ചുകഴിഞ്ഞാല്‍ പെട്ടിയിൽ കയറി നേരെ ബഹിരാകാശത്തേക്ക്...

By Web TeamFirst Published Dec 3, 2018, 4:07 PM IST
Highlights

സാന്‍ഫ്രാന്‍സിസ്‌കോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ പണമടച്ച് നൂറോളം പേരുടെ ഭൗതികാവശിഷ്ടങ്ങള്‍ ഇതിനോടകം തന്നെ ബന്ധുക്കള്‍ ബഹിരാകാശത്തേക്ക് അയച്ചുകഴിഞ്ഞു. മരിച്ചുപോയവരുടെ ആകാശയാത്രയെ 'ട്രാക്ക്' ചെയ്യാന്‍ പുതിയൊരു ആപ്പും റെഡിയാക്കിയിട്ടുണ്ട്

മരിച്ചുകഴിഞ്ഞാല്‍ ആകാശത്തെ നക്ഷത്രക്കൂട്ടത്തിലൊരു നക്ഷത്രമാകും എന്നെല്ലാം പഴമക്കാര്‍ പറയുന്നത് കേട്ടിട്ടില്ലേ? തമാശയല്ല, മരിച്ചുകഴിഞ്ഞാല്‍ ആകാശത്തേക്ക് ഒരു യാത്രയൊരുക്കുകയാണ് 'എലിസിയം സ്‌പെയ്‌സ്' എന്ന കമ്പനി. 

മരണാനന്തരം ഭൗതികാവശിഷ്ടങ്ങള്‍ മണ്ണിലോ വെള്ളത്തിലോ കലര്‍ത്തി മോക്ഷം തേടുന്നത് പോലെ തന്നെയാണ് ഈ പദ്ധതിയും. പക്ഷേ, മണ്ണിലോ വെള്ളത്തിലോ അല്ല, പകരം ബഹിരാകാശത്താണ് മോക്ഷം തേടി ഭൗതികാവശിഷ്ടങ്ങള്‍ എത്തുകയെന്ന് മാത്രം. ഭൗതികാവശിഷ്ടങ്ങള്‍ ഭദ്രമായി ഒരു പേടകത്തില്‍ അടച്ച ശേഷം ബഹിരാകാശ വാഹനത്തിലാക്കി അങ്ങ് സ്‌പെയ്‌സിലേക്ക് വിടും. ഇതാണ് പരിപാടി. 

സാന്‍ഫ്രാന്‍സിസ്‌കോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ പണമടച്ച് നൂറോളം പേരുടെ ഭൗതികാവശിഷ്ടങ്ങള്‍ ഇതിനോടകം തന്നെ ബന്ധുക്കള്‍ ബഹിരാകാശത്തേക്ക് അയച്ചുകഴിഞ്ഞു. മരിച്ചുപോയവരുടെ ആകാശയാത്രയെ 'ട്രാക്ക്' ചെയ്യാന്‍ പുതിയൊരു ആപ്പും റെഡിയാക്കിയിട്ടുണ്ട്. ഈ ആപ്പ് ഉപയോഗിച്ച് ബന്ധുക്കള്‍ക്ക് പ്രിയപ്പെട്ടവരുടെ യാത്രയുടെ ഗതി മനസ്സിലാക്കാം. 

ഭൂമിയെ ഏതാണ്ട് നാല് വര്‍ഷത്തോളം വലം വച്ച ശേഷം ഈ ബഹിരാകാശ വാഹനം തിരിച്ചെത്തും. ഇത് ആദ്യമായല്ല ഇങ്ങനെയൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. 'എലിസിയം' കമ്പനിയുടെ നേതൃത്വത്തില്‍ തന്നെ 2012ല്‍ 320 പേരുടെ ഭൗതികാവശിഷ്ടങ്ങളുമായി ഇതുപോലെ ഒരു ബഹിരാകാശ വാഹനം യാത്ര പോയിരുന്നു. അത് വിജയകരമായതോടെയാണ് ഇവര്‍ രണ്ടാം യാത്രയൊരുക്കിയത്.

click me!