ക്യാന്‍സറിനോട് പൊരുതുകയാണെന്ന് തുറന്നുപറഞ്ഞ് നടി നഫീസ അലി

Published : Nov 18, 2018, 11:21 PM IST
ക്യാന്‍സറിനോട് പൊരുതുകയാണെന്ന് തുറന്നുപറഞ്ഞ് നടി നഫീസ അലി

Synopsis

തനിക്ക് ക്യാന്‍സറാണെന്നും മൂന്നാം ഘട്ടത്തിലെ ചികിത്സയിലാണെന്നും ഇന്‍സ്റ്റഗ്രാമിലൂടെ തുറന്നുപറഞ്ഞതിനെ തുടര്‍ന്നാണ് നഫീസ അലി വീണ്ടും ചര്‍ച്ചകളിലെത്തുന്നത്. യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് താന്‍ ക്യാന്‍സറിനെതിരെയുള്ള പോരാട്ടത്തിലാണെന്ന് നഫീസ വെളിപ്പെടുത്തിയത്

നടിയെന്നോ മോഡലെന്നോ സാമൂഹ്യപ്രവര്‍ത്തകയെന്നോ ഒക്കെ നഫീസ അലിയെ വിശേഷിപ്പിക്കാം. എന്നാല്‍ മലയാളികള്‍ നഫീസ അലിയെ ഏറ്റവുമാദ്യം ഓര്‍ക്കുക മമ്മൂട്ടി ചിത്രമായ ബിഗ് ബിയിലെ അമ്മയായിട്ടായിരിക്കും. ബിഗ് ബിയില്‍ മമ്മൂട്ടി ചെയ്ത ബിലാല്‍ എന്ന കഥാപാത്രത്തിന്റെ അമ്മയായ മോരി ജോണ്‍ കുരിശിങ്കല്‍ മലയാളികള്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ടതായത് നഫീസ അലിയുടെ വേഷപ്പകര്‍ച്ച ഒന്നുകൊണ്ട് മാത്രമായിരിക്കും. 

മുഖം നിറയുന്ന പുഞ്ചിരിയും വെളിച്ചം പരത്തുന്ന നോട്ടവുമൊക്കെയായി ഐശ്വര്യം വിളമ്പുന്ന ആ അമ്മയെ പക്ഷേ ഏറെ നാളൊന്നും പിന്നീട് നമ്മള്‍ സ്‌ക്രീനില്‍ കണ്ടില്ല. വലിയ ഇടവേളകള്‍ക്ക് ശേഷമായിരുന്നു നഫീസ അലി ബിഗ് ബി ചെയ്തത് പോലും. ഇപ്പോള്‍ വീണ്ടും വലിയ ഇടവേളയ്ക്ക് ശേഷ് വാര്‍ത്തകളില്‍ നിറയുകയാണ് ഇവര്‍. 

തനിക്ക് ക്യാന്‍സറാണെന്നും മൂന്നാം ഘട്ടത്തിലെ ചികിത്സയിലാണെന്നും ഇന്‍സ്റ്റഗ്രാമിലൂടെ തുറന്നുപറഞ്ഞതിനെ തുടര്‍ന്നാണ് നഫീസ അലി വീണ്ടും ചര്‍ച്ചകളിലെത്തുന്നത്. യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് താന്‍ ക്യാന്‍സറിനെതിരെയുള്ള പോരാട്ടത്തിലാണെന്ന് നഫീസ വെളിപ്പെടുത്തിയത്. 

 

 

പെരിട്ടോണിയല്‍ ക്യാന്‍സറിനും ഓവേറിയന്‍ (അണ്ഡാശയം) ക്യാന്‍സറിനുമാണ് താന്‍ ചികിത്സ തേടുന്നതെന്ന് നഫീസ അലി പിന്നീട് വ്യക്തമാക്കി. മക്കളും പേരക്കുട്ടികളുമാണ് രോഗത്തെ അതിജീവിക്കാനുള്ള കരുത്ത് നല്‍കുന്നതെന്നും നഫീസ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

 

 

പെരിട്ടോണിയല്‍ ക്യാന്‍സര്‍...

കുടലിന് ചുറ്റുമായി കാണുന്ന പാടയെ ആണ് പെരിറ്റോണിയം എന്ന് വിളിക്കുന്നത്. ഇതിലെ കോശങ്ങളെ ബാധിക്കുന്ന അര്‍ബുദമാണ് പെരിട്ടോണിയല്‍ ക്യാന്‍സര്‍. അപൂര്‍വ്വമായേ ഈ ഇനത്തില്‍ പെട്ട അര്‍ബുദം റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ളൂ. ആദ്യഘട്ടങ്ങളില്‍ ലക്ഷണങ്ങള്‍ കാണാന്‍ തന്നെ പ്രയാസമാണ്. എന്നാല്‍ തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ വയറുവേദന, വയറ് വീര്‍ക്കല്‍, ദഹനപ്രശ്‌നം തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ചേക്കാം. 

ഓവേറിയന്‍ ക്യാന്‍സര്‍...

പേര് സൂചിപ്പിക്കും പോലെ തന്നെ അണ്ഡാശയത്തെ ബാധിക്കുന്ന ക്യാന്‍സറാണ് ഓവേറിയന്‍ ക്യാന്‍സര്‍. ആദ്യഘട്ടങ്ങളില്‍ കാര്യമായ ലക്ഷണങ്ങള്‍ പുറത്ത് കാണിക്കില്ലെങ്കിലും തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ നടുവേദന, ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ ക്ഷീണം തുടങ്ങിയവ ലക്ഷണങ്ങളായി പ്രകടമായേക്കാം. ഇത് വൈകി കണ്ടുപിടിക്കുന്നത് ചികിത്സ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയേ ഉള്ളൂ. അണ്ഡാശയത്തില്‍ നിന്ന് ആമാശയത്തിലേക്കും ഇടുപ്പിലേക്കുമെല്ലാം രോഗം ബാധിക്കാനുള്ള സാധ്യതയും കൂടുതലാണ്. 

PREV
click me!

Recommended Stories

അസിഡിറ്റി നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ അത്താഴത്തിന് ശേഷം ഇവ കഴിച്ചാൽ മതിയാകും
പ്രോസ്റ്റേറ്റ് വീക്കം ; പുരുഷന്മാർ ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്