
രക്തം ദാനം ചെയ്യുന്ന കാര്യത്തില്‍ പൊതുവേ, കര്‍ക്കശമായ മാനദണ്ഡങ്ങള്‍ ഡോക്ടര്‍മാരും മെഡിക്കല്‍ വൃത്തങ്ങളും കൈക്കൊള്ളാറുണ്ട്. അത് രോഗിക്കും ദാതാവിനും മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടാകാതിരിക്കാനുള്ള കരുതല്‍ കൂടിയാണ്. ഇതിനെല്ലാം പുറമെ ലിംഗപരമായ വ്യത്യാസം രക്തദാനത്തിലുണ്ടോ? ചെറിയ രീതിയില്‍ ഇത് ഉണ്ടെന്നാണ് പുതിയൊരു പഠനം അവകാശപ്പെടുന്നത്.
അതായത് വളര്‍ച്ചയുടെ ഏറ്റവും സുപ്രധാനഘട്ടമായി അറിയപ്പെടുന്ന കൗമാരകാലഘട്ടത്തിലുള്ള പെണ്‍കുട്ടികളുടെ കാര്യത്തിലാണ് ഈ കരുതല്‍ വേണ്ടതെന്നാണ് പഠനം പറയുന്നത്. 'ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി'യില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകര്‍ നടത്തിയ പഠനമാണ് ഈ കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.
കൗമാരക്കാരിയായ ഒരു പെണ്‍കുട്ടി രക്തം ദാനം ചെയ്യുമ്പോള്‍ അവളില്‍ വിളര്‍ച്ചയുണ്ടാകാനുള്ള സാധ്യത കൂടുതലാണത്രേ. ഇത് ക്രമേണ അവളുടെ തലച്ചോറിന്റെ വികാസത്തെ ബാധിക്കുമെന്നും ഇവര്‍ പറയുന്നു. കൂടാതെ തലകറക്കം പോലുള്ള രക്തദാനസമയത്തുണ്ടാകുന്ന പ്രശ്‌നങ്ങളും ഇത്തരക്കാരില്‍ കൂടുതലായേക്കുമത്രേ.
കൗമാരകാലഘട്ടത്തിലുള്ള പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം മാസമുറയിലൂടെ തന്നെ എല്ലാ മാസവും കൃത്യമായി ഒരു അളവ് രക്തം നഷ്ടമാകുന്നുണ്ട്. അതിലൂടെ വരുന്ന 'അയേണ്‍' നഷ്ടത്തിന് പുറമെ, രക്തദാനത്തില്‍ കൂടിയും 'അയേണ്‍' നഷ്ടമാകുന്ന സാഹചര്യമുണ്ടാകുമ്പോള്‍ അത് ശരീരത്തിന് താങ്ങാന്‍ കഴിയാതെയാകുന്നു. ഇതാണ് പിന്നീട് വിളര്‍ച്ചയ്ക്ക് (Anaemia) കാരണമാകുന്നത്.
ഏതാണ്ട് പതിനായിരത്തോളം പേരുടെ കേസുകള്‍ വിശദമായി പഠിച്ച ശേഷമാണ് തങ്ങള്‍ നിഗമനത്തിലെത്തിയിരിക്കുന്നതെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. കൗമാരക്കാരികളുടെ രക്തദാനത്തിന്റെ കാര്യത്തില്‍ അതിനാല്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണെന്നും, രക്തംദാനം നടത്തുന്ന കൗമാരക്കാരികള്‍ക്ക് അയേണ്‍ ഗുളികകള്‍ നല്‍കുന്നത് ഉള്‍പ്പെടെയുള്ള മുന്‍കൂര്‍ ജാഗ്രത ബന്ധപ്പെട്ടവര്‍ പുലര്‍ത്തണമെന്നും ഇവര്‍ നിര്‍ദേശിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam